ഫോണ്‍ എടുക്കൂ, വ്യായാമം ചെയ്യൂ: മികച്ച 10 ഫിറ്റ്‌നസ് ആപ്പുകള്‍

1. Google Fit

ഏറ്റവും മികച്ച ഫിറ്റ്‌നസ് ആപ്പുകളിലൊന്ന്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇതില്‍ മറ്റു സൗജന്യ ആപ്പുകളെ അപേക്ഷിച്ച് നിരവധി ഫീച്ചേഴ്‌സ് ഉണ്ട്. ഇതില്‍ ഫിറ്റ്‌നസ് ഗോള്‍ ട്രാക്കിംഗ്, കസ്റ്റമൈസ്ഡ് ടിപ്‌സ്, പ്രശസ്തമായ മറ്റു ആപ്പുകളായ റണ്‍കീപ്പര്‍, സ്ട്രാവ, മൈഫിറ്റ്‌നസ് പാള്‍ തുടങ്ങിയവയുമായി ഇന്റഗ്രേറ്റ് ചെയ്യാം... തുടങ്ങിയ സവിശേഷകളുണ്ട്. മറ്റു സ്മാര്‍ട്ട് വാച്ചുകളുമായും ചേര്‍ത്ത് ഉപയോഗിക്കാനാകും.

2. My Fitness Pal

ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നാണ് മൈ ഫിറ്റ്‌നസ് പാള്‍. കാലറി കൗണ്ടര്‍ ആപ്പ് ആയാണ് ഇത് അറിയപ്പെടുന്നത്. വിവിധതരത്തിലുള്ള ഡയറ്റുകള്‍, ഭക്ഷണങ്ങള്‍ എന്നിവയൊക്കെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുപോലെ തന്നെ വ്യായാമം ട്രാക്ക് ചെയ്യാം, മറ്റു ഡിവൈസുകളുമായും ആപ്പുകളുമായും കണക്റ്റ് ചെയ്യാം, നിങ്ങളുടെ പുരോഗതി അളക്കാം... തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കാന്‍ മാസവരിസംഖ്യയുണ്ട്.

3. Nike Training Club

മികച്ച ശരീരവടിവ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാനാകുന്ന ആപ്പ്. ട്രെയ്‌നറുടെ സഹായമില്ലാതെ വീട്ടിലോ നിങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലെ ജിമ്മിലോ ഒക്കെ വര്‍ക്കൗട്ട് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്താല്‍ ഏതൊക്കെ വ്യായാമങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിക്കും. ഓരോ വ്യായാമവും എപ്രകാരം, എത്രസമയം ചെയ്യണമെന്നുള്ള വിവരങ്ങള്‍ ലഭിക്കും.

4. Aaptiv

ഗ്രൂപ്പ് ഫിറ്റ്‌നസ് ക്ലാസുകള്‍ ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ ഓഡിയോ പെഴ്‌സണല്‍ ട്രെയ്‌നര്‍ ആപ്പ് ആണിത്. ഓഡിയോ മാത്രമുള്ള ഈ ആപ്പില്‍ വിദഗ്ധരായ ഇന്‍സ്ട്രക്റ്റര്‍മാരുടെ സേവനം ലഭ്യമാണ്. 20 ടോപ്പ് ലെവല്‍ ട്രെയ്‌നര്‍മാരുടെ 12 വിഭാഗങ്ങളിലായുള്ള 2500ഓളം തനതായ സെഷനുകളില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. അതുകൊണ്ടുതന്നെ ഒന്നും ആവര്‍ത്തിച്ച് ചെയ്യേണ്ടിവരില്ല. ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ കേട്ട് വ്യായാമം ചെയ്യാം. നിശ്ചിത മാസവരിയുള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രവര്‍ത്തിക്കും.

5. Fitbit Coach

ഫിറ്റ്‌നസിന് സഹായിക്കുന്ന വെയറബിള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്ന ബ്രാന്‍ഡാണ് ഫിറ്റ്ബിറ്റ്. ഇവരുടെ ആപ്പില്‍ ജിം, വീട്, ഔട്ട്‌ഡോര്‍ തുടങ്ങിയവയ്ക്കായി രൂപകല്‍പ്പന ചെയ്ത നിരവധി വര്‍ക്കൗട്ട് വീഡിയോ, ഓഡിയോ എന്നിവയുണ്ട്. നിങ്ങളുടെ ട്രാക്ക് ചെയ്തിട്ടുള്ള ഫിറ്റ്‌നസ് ഡാറ്റ അനുസരിച്ച് വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ തരാനുമാകും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും.

6. Asana Rebel

യോഗയോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു പരിശീലനത്തിനും പോകാതെ അത് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. ഫിറ്റ്‌നസ് നേടുക, ശരീരഭാരം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വന്തമാക്കുക.. എന്നീ ലക്ഷ്യങ്ങള്‍ യോഗയിലൂടെ നേടാന്‍ സഹായിക്കുന്ന ആപ്പ്. അഞ്ച് വ്യത്യസ്തമായ രീതിയിലുള്ള വര്‍ക്കൗട്ടുകളില്‍ നിന്ന് നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യത്തിന് യോജിക്കുന്നത് തെരഞ്ഞെടുക്കാം. നിങ്ങളുടെ പുരോഗതി വര്‍ക്കൗട്ട് കലണ്ടറിലൂടെ അറിയാനാകും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സോഫ്റ്റ് വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ഉപയോഗിക്കാന്‍ മാസവരി സംഖ്യയുണ്ട്.

7. MapMyFitness

ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ആപ്പ്. ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനാണിത്. നിങ്ങളുടെ ഏത് ആക്റ്റിവിറ്റിയും ഇതില്‍ ട്രാക്ക് ചെയ്യാനാകും. പുതിയ റൂട്ടുകള്‍ കണ്ടെത്താം. നിങ്ങളുടെ ആക്റ്റിവിറ്റി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം. നിങ്ങളുടെ പുരോഗതി അറിയാനും സാധിക്കും.

8. The Mindfulness

ശരീരത്തിന് മാത്രം പോരല്ലോ ഫിറ്റ്‌നസ്, മനസിനും വേണ്ടേ? മെഡിറ്റേഷന്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. മൂന്ന് മുതല്‍ 30 മിനിറ്റ് വരെയുള്ള സെഷനുകളിലായി വ്യത്യസ്ത മെഡിറ്റേഷന്‍ കോഴ്‌സുകളുണ്ട്. ബില്‍റ്റ് ഇന്‍ റിമൈന്‍ഡര്‍, ട്രാക്കിംഗ് തുടങ്ങിയ സൗകര്യങ്ങളുള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും.

9. Daily Yoga

യോഗ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മറ്റൊരു ആപ്പ്. നിങ്ങള്‍ യോഗയില്‍ വിദഗ്ധനായിക്കൊള്ളട്ടെ, അല്ലെങ്കില്‍ തുടക്കക്കാരനായിക്കൊള്ളട്ടെ, എല്ലാവര്‍ക്കും ഉപയോഗപ്രദമാണിത്. 200ലേറെ യോഗ ക്ലാസുകള്‍, ആസനകള്‍, പലാറ്റീസ്, മെഡിറ്റേഷന്‍ ക്ലാസുകള്‍, മ്യൂസിക്... തുടങ്ങിയവയെല്ലാമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സോഫ്റ്റ് വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ്.

10. Freeletics

എവിടെയിരുന്നും വര്‍ക്കൗട്ട് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത യാതൊരു ഉപകരണങ്ങളും ഇല്ലാതെ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ സാധിക്കും എന്നതാണ്. നിങ്ങളുടെ ശരീരം മാത്രം മതി. വിവിധ വ്യായാമമുറകള്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ ഒരു ഫിറ്റ്‌നസ് സെഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നുട്രീഷന്‍, ജിം, റണ്ണിംഗ് ആപ്പുകളുണ്ട്. ഇവ നിങ്ങളുടെ ഫിറ്റ്‌നസ് ട്രാക്കറുമായി ചേര്‍ത്ത് ഉപയോഗിക്കാനാകും. അതുകൊണ്ട് ക്രോസ് ട്രെയ്‌നിംഗ് സാധ്യമാണ്. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it