വീട്ടിലും ഓഫീസ് സ്‌പേസുകളിലും ഇനി കറ്റാര്‍വാഴ; അറിയാം ഗുണങ്ങള്‍

നമ്മുടെ വീട്ടിലും ഓഫീസ് ബാല്‍ക്കണികളിലും ഇന്റീരിയര്‍ പ്ലാന്റ്‌സിനൊപ്പം നടാവുന്ന കറ്റാര്‍വാഴ പുതിയ ട്രെന്‍ഡ് ആണെന്നു മാത്രമല്ല ഏറെ ഗുണം ചെയ്യുന്ന ഔഷധ സസ്യം കൂടിയാണ്. പ്രമേഹം, ഉദര സംബന്ധമായ രോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ഈ കറ്റാര്‍ വാഴയിലുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും കറ്റാര്‍വാഴയുടെ ജ്യൂസ് സഹായിക്കും. നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്.

രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയവരാണ് പല സെലിബ്രിറ്റികളും. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ് എന്നിവയെല്ലാം കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്നു.

ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോള്‍ കുറയ്ക്കാനും കറ്റാര്‍ വാഴ നല്ലൊരു ഒറ്റമൂലിയാണ്. കരളിലെ എസ്ജിപിറ്റി ലെവല്‍ കുറയ്ക്കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നതായും അനുഭവസ്ഥര്‍ പറയുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറ്റാര്‍ വാഴ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന കാര്യത്തിലും സംശയമില്ല.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും കണ്‍തടത്തിലെ കറുപ്പ് നീക്കാനും ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും കറ്റാര്‍ വാഴ ജെല്‍ സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്ലിന്റെകൂടെ ഒന്നോ രണ്ടോ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തിട്ട് കഴുത്തില്‍ തേക്കുന്നത് കഴുത്തിലെ കറുപ്പു നിറം മാറുന്നതിന് സഹായിക്കും. വരണ്ട ചര്‍മ്മം അകറ്റി മൃദുത്വം നല്‍കാനും ചുളിവുകള്‍ മാറ്റി മുഖത്തിന് തിളക്കവും മുഖകാന്തിയുമേകാനും ഇത് സഹായിക്കുന്നു.

എല്ലാത്തിനും ഉപരി മുടി കൊഴിച്ചില്‍ തടയാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് കറ്റാര്‍ വാഴ. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും കറ്റാര്‍ വാഴ ജെല്‍ വളരെ നല്ലതാണ്. മുടിയുടെ ഡ്രൈനസ് മാറ്റി ആരോഗ്യമേകാനും കറ്റാര്‍വാഴ മികച്ച ഔഷധം തന്നെ. മനസ്സിലാക്കാം നിങ്ങളുടെ ഗാര്‍ഡനിലും ബാല്‍ക്കണിയിലും കറ്റാര്‍വാഴ വച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it