പ്രമേഹരോഗികള്‍ക്ക് സുരക്ഷിത മധുരം തരാന്‍ 'ടാഗറ്റോസ്'

പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന പഞ്ചസാര ബാക്ടീരിയകളുടെ സഹായത്തോടെ പഴങ്ങളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും നിര്‍മ്മിച്ചു തുടങ്ങി. പരമ്പരാഗത പഞ്ചസാരയുടെ 38 ശതമാനം മാത്രം കലോറിയേയുള്ളൂ ' ടാഗറ്റോസ് 'എന്നു വിളിക്കുന്ന ഈ ബദല്‍ പഞ്ചസാരയ്‌ക്കെന്ന് ഇതിനു ജന്മം നല്‍കിയ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ടാഗറ്റോസിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് ഏജന്‍സി (എഫ്ഡിഎ) അംഗീകാരം നല്‍കിക്കഴിഞ്ഞു.

പഞ്ചസാരയ്ക്ക് പകരമായി ഇതു വരെ അവതരിപ്പിക്കപ്പെട്ടവയ്‌ക്കൊന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.'ലോഹ രുചി', ക്യാന്‍സര്‍ വരാനുള്ള സാധ്യത തുടങ്ങിയവയായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങള്‍. പല്ല് കേടാക്കുന്നുവെന്ന പരാതിയുമുണ്ടായിരുന്നു ചിലതിനെതിരെ. രാസ വസ്തുക്കളെ അകറ്റി നിര്‍ത്തിയുള്ള നിര്‍മ്മാണ പ്രക്രിയയായതിനാല്‍ ടാഗറ്റോസിന് ഇത്തരം പഴി കേള്‍ക്കേണ്ടിവരില്ലത്രേ. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിഖില്‍ നായരും പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ സഹപ്രവര്‍ത്തകന്‍ ജോസെഫ് ബോബറും ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

പഴങ്ങളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും ഉരുത്തിരിയുന്നതാണ് പരമ്പരാഗത പഞ്ചസാരയുടെ 75-92 ശതമാനം മാധുര്യമുള്ള
ടാഗറ്റോസ്. പക്ഷേ, ഉറവിടങ്ങളില്‍ അത്ര സമൃദ്ധമല്ല ഇത.് വേര്‍തിരിച്ചെടുക്കുക പ്രയാസമാണെന്നും ഗവേഷകര്‍ പറഞ്ഞു. ഉല്‍പാദന പ്രക്രിയയില്‍ താരതമ്യന എളുപ്പത്തില്‍ ലഭിക്കുന്ന ഗാലക്റ്റോസില്‍ നിന്നും ടാഗറ്റോസിലേക്ക് പരിവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയാകട്ടെ അത്ര കാര്യക്ഷമമല്ല. 30 ശതമാനം മാത്രം 'വിളവു' ണ്ടാക്കാനേ ബാക്ടീരിയക്ക് കഴിഞ്ഞിരുന്നുള്ളുവെന്ന് ഗവേഷകര്‍ വിശദീകരിച്ചു.പക്ഷേ, നിഖില്‍ നായരും ജോസെഫ് ബോബറും ചേര്‍ന്നു രൂപപ്പെടുത്തിയ എന്‍സൈമുകളും റിയാക്ടന്റുകളും ഉള്‍ക്കൊള്ളുന്ന വളരെ ചെറിയ ബയോ റിയാക്ടറുകള്‍ ഉപയോഗിച്ച് 30 ശതമാനം ശേഷി 85 ശതമാനമാക്കാന്‍ കഴിഞ്ഞത് നിര്‍ണ്ണായക നേട്ടമായി.

കുറഞ്ഞ കലോറിയും താഴ്ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സും മൂലം ഈ ബദല്‍ പഞ്ചസാര പ്രമേഹരോഗികള്‍ക്കു സ്വീകാര്യമാകുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാരണത്താല്‍ ഇതിനു തികഞ്ഞ വാണിജ്യ സാധ്യതകളുള്ളതായും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫുകളിലും ടാഗറ്റോസ് ലഭിക്കുന്ന കാലം വിദൂരമല്ലെന്നും ഗവേഷകര്‍ കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it