ബ്രഞ്ചല്ല, ബ്രേക്ക്ഫാസ്റ്റ് തന്നെ സമയത്തു കഴിക്കണം ; കാരണം ഇതാണ്

തിരക്കിനിടയില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് പലരും. അല്ലെങ്കില്‍ ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടെ ചേര്‍ന്ന് 'ബ്രഞ്ച്' ആയി കഴിക്കും. എന്നാല്‍ ഇവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, കൃത്യ സമയത്തുള്ള പ്രഭാതഭക്ഷണമാണ് ഒരുദിവസത്തില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണം എന്നത്. വാസ്തവത്തില്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ പോലും ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് നമ്മുടെ ബ്രെയിന്‍ ഫുഡ് എന്ന് പറയപ്പെടുന്ന ബ്രേക്ക്ഫാസ്റ്റ്. പഴമക്കാര്‍ പറയും പ്രാതല്‍ രാജാവിനെ പോലെ കഴിക്കുക എന്ന്. ഇതിലും ചില കാര്യങ്ങളുണ്ട്.

ശരീരവും മനസ്സും പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണ്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജത്തിന്റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. ഇത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ, മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതാ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേ ചില ചെറിയ ' വലിയ' കാര്യങ്ങള്‍.

നന്നായി കഴിച്ചോളൂ, തടിവെക്കില്ല

പ്രോട്ടീന്‍ നന്നായി അടങ്ങിയ ബ്രേക്കഫാസ്റ്റ് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ ഇടവേളകളിലുള്ള ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം കൂട്ടും. ഇതില്‍ മധുര പലഹാരങ്ങളോടും എണ്ണയില്‍ വറുത്ത ഭക്ഷണത്തോടും താല്‍പര്യം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ മെറ്റാബോളിസം ശരിയായ രീതിയില്‍ നടക്കുകയും ബാക്കിയുള്ള സമയത്ത് കാലറികള്‍ കത്തിപ്പോകാന്‍ സഹായകമാവുകയും ചെയ്യണമെങ്കില്‍ പ്രഭാത ഭക്ഷണം നന്നായി കഴിക്കുക. ചിലര്‍ ഏറെ വൈകി പ്രഭാത ഭക്ഷണം കഴിക്കാറുണ്ട്. ഇതും തീരെ നന്നല്ലാത്ത പ്രവണതയാണ്.

പോഷകം നിറച്ച്

പ്രഭാത ഭക്ഷണത്തില്‍ മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുമെന്നതിനാല്‍, അത് മറ്റു സമയത്തെ ഭക്ഷണങ്ങളെക്കാള്‍ വൈറ്റമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും. നിങ്ങള്‍ പ്രഭാതത്തില്‍ വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍, അത് ഒഴിഞ്ഞ വയറോടെയാകുന്നത് നന്നായിരിക്കില്ല. വ്യായാമത്തിനു മുമ്പ് അല്‍പ്പം ആഹാരം അല്ലെങ്കില്‍ സ്മൂത്തി കഴിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുമെന്നാണ് പ്രശ്‌സ്ത ഫിറ്റ്‌നസ് ട്രെയിനറും നടിയുമായ ശില്‍പ്പ ഷെട്ടി അഭിപ്രായപ്പെടുന്നത്.

സ്‌ട്രെസ് കുറയ്ക്കൂ

ബ്രേക്ക്ഫാസ്റ്റ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും അതി ഉന്മേഷത്തോടെ നിങ്ങളെ ഏറെ നേരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതത്തിന് മുന്‍പേ എഴുന്നേല്‍ക്കുന്ന ആളല്ല നിങ്ങള്‍ എങ്കില്‍ കൂടിശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും. രാവിലെ എണീറ്റ ഉടന്‍ വെള്ളം കുടിച്ചതിനു ശേഷം വേണം പ്രഭാത ഭക്ഷണം കഴിക്കാനെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രോഗങ്ങളെ തടയാം

കൃത്യ സമയത്തുള്ള ബ്രേക്ക്ഫാസ്റ്റ്, ശരിയായ പോഷകങ്ങള്‍, പ്രൊട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാകും. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുതെന്നും പൊതുവെ പലരും ശീലമാക്കിയ േ്രബക്ക്ഫാസ്റ്റും ലഞ്ചും കൂടിയുള്ള ബ്രഞ്ച് കഴിക്കലോ ഒഴിവാക്കണമെന്നാണ് ഏറ്റവും ഉചിതമായ നിര്‍ദ്ദേശം.

Related Articles

Next Story

Videos

Share it