കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ മനസിരുത്തണം

കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെങ്കിലും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) ആണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററിലേക്ക് നോക്കുമ്പോള്‍ കണ്ണിനു സമ്മര്‍ദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

മോണിറ്ററില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും കണ്ണിന് അസ്വസ്ഥതകളുണ്ടാക്കും. സാധാരണ ഗതിയില്‍ മിനിട്ടില്‍ മൂന്നോ നാലോ തവണ കണ്ണുകള്‍ ചിമ്മി തുറക്കും. പക്ഷേ, കമ്പ്യൂട്ടറിലേക്ക് സൂക്ഷിച്ച് നോക്കിയിരിക്കുമ്പോള്‍ ഇത് പലപ്പോഴും സംഭവിക്കാറില്ല. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ആന്റി ഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും മോണിറ്ററിലെ വെളിച്ചം ക്രമീകരിക്കുന്നതും അസ്വസ്ഥതകള്‍ കുറയ്ക്കും. കമ്പ്യൂട്ടറില്‍ നിന്നുള്ള ഗ്ലെയര്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കണ്ണുകള്‍ക്ക് ആവശ്യത്തിന് വിശ്രമവും വ്യായാമവും നല്‍കുകയെന്നതാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പോലുള്ളവ ഒഴിവാക്കാനുള്ള ഒറ്റമൂലി. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും 20 സെക്കന്റെങ്കിലും കണ്ണടച്ചിരിക്കുക. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക.

കണ്ണുകള്‍ക്ക് ആയാസം അനുഭവപ്പെടുമ്പോള്‍ ഇടയ്ക്ക് കൃഷ്ണമണികള്‍ ചലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൃഷ്ണമണികള്‍ മുകളിലേയ്ക്കും താഴേയ്ക്കും 10 തവണയെങ്കിലും ചലിപ്പിക്കുക. കണ്ണിന് നല്‍കാവുന്ന വ്യായാമങ്ങളില്‍ മറ്റൊന്ന്, മൂക്കിന്റെ തുമ്പിലേയ്ക്ക് നോക്കുന്നതാണ്. കുറച്ച് സെക്കന്റുകള്‍ അങ്ങനെ നോക്കിയശേഷം കണ്‍പീലികളിലേയ്ക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേയ്ക്ക് നോക്കുക. ഇത് അഞ്ച് മുതല്‍ പത്ത് തവണ വരെ ആവര്‍ത്തിക്കാം.

കണ്ണുകള്‍ ചിമ്മാതെ ഒരുപാട് നേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണുകളിലെ ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി കണ്ണുകള്‍ ഇടയ്ക്കിടക്ക് ചിമ്മുന്നത് നന്നായിരിക്കും. കൈകള്‍ കൂട്ടിയോജിപ്പിച്ച് തിരുമ്മി ചൂടാക്കിയ ശേഷം ഉള്ളംകൈയിലെ ചൂട് കണ്ണുകളില്‍ വെച്ച് കൊടുക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it