തലച്ചോറിനെ ഒന്നഴിച്ചുപണിയാം: ഈ ഭക്ഷണരീതികൾ ശീലിക്കൂ
ശരീരത്തിലെ മറ്റേതൊരു അവയവത്തെക്കാളുമേറെ ഊർജം വേണ്ടത് നമ്മുടെ തലച്ചോറിനാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 20 ശതമാനം ഊർജവും വലിച്ചെടുക്കുന്നതും തലച്ചോറുതന്നെ. ബ്രെയ്ൻ എത്ര കൂടുതൽ ഉപയോഗിക്കുന്നോ അത്രമാത്രം എനർജിയും അതിനാവശ്യമാണ്.
അങ്ങനെവരുമ്പോൾ എന്താണ് നാം കഴിക്കേണ്ടത്? എങ്ങനെയാണ് കഴിക്കേണ്ടത്? എല്ലാവരും ആശയക്കുഴപ്പത്തിലാണ്. കാരണം ഇന്ന് അത്രയധികം ഡയറ്റ് പ്ലാനുകളുണ്ട്. എല്ലാം പരീക്ഷിച്ച് മടുത്ത് പലരും മിക്കവാറും പഴയ രീതിയിലേക്കുതന്നെ തിരിച്ചു പോകുന്നതാണ് സാധാരണയായി കാണുന്നത്.
എല്ലാ ഡയറ്റ് പ്ലാനും എല്ലാവർക്കും ചേരില്ല. എന്നാൽ എല്ലാവർക്കും പൊതുവായി സ്വീകരിക്കാവുന്ന ഭക്ഷണ ശൈലികൾ ഉണ്ട്. അതു ശീലിച്ചാൽ നിങ്ങളുടെ എനർജി ലെവൽ, പ്രൊഡക്ടിവിറ്റി, ആരോഗ്യം എന്നിവയെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടി വരില്ല.
പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക
ഓഫീസിലേക്കെത്താൻ തിരക്കു കൂട്ടുമ്പോൾ പലരും ആദ്യം ഒഴിവാക്കുക പ്രഭാത ഭക്ഷണമാണ്. ഈ ശീലം നിങ്ങളുടെ ഉണർവും ഉന്മേഷവും കുറയ്ക്കും. രാവിലെത്തന്നെ മധുരമുള്ള ഹൈ-കാർബ് ഭക്ഷണം കഴിക്കുന്നതും നല്ലതല്ല.
ഭക്ഷണം സിംപിളാക്കൂ
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് മണിക്കൂറുകളോളം അടുക്കളയിൽ ചെലവഴിക്കണമെന്നില്ല. കുറച്ചു നന്നായി പ്ലാൻ ചെയ്താൽ മതി. എളുപ്പം നിങ്ങൾ ഭക്ഷണം തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഫ്രിഡ്ജിലോ മറ്റോ നേരത്തേ തയ്യാറാക്കി വെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. മുട്ട, പാൽ, പഴങ്ങൾ, നട്സ് എല്ലാം കൈയ്യിൽ കരുതാം.
കാപ്പിയുടെ അളവ് കുറക്കാം
ഉറക്കം തൂങ്ങൽ കുറയ്ക്കാൻ ചിലപ്പോൾ കാപ്പി സഹായകരമായേക്കാം. പക്ഷേ ശരീരം കൂടുതൽ ചൂടുപിടിപ്പിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ഇത്. കാപ്പിയുടെ അളവ് കൂടുകയും വെള്ളം ശരീരത്തിൽ കുറയുകയും ചെയ്താൽ തളർച്ച നേരിടാം.
ശരീരം നിങ്ങളോട് പറയുന്നത് കേൾക്കൂ
ഡയറ്റ് പ്ലാനുകൾ ധാരാളമുണ്ടാകും. എന്നാൽ എന്തു കഴിക്കാം എന്തു കഴിക്കണ്ട എന്നത് ശരീരം തന്നെ നമ്മോട് പറയും. ഓരോ ഭക്ഷണത്തോടും ശരീരം എങ്ങിനെ പ്രതികരിക്കുന്നുവെന്ന് ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ ഡയറ്റ് പ്ലാൻ നമുക്കു തന്നെ തയ്യാറാക്കാം.
രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കൂ
വൈകി വീട്ടിലെത്തുന്നയാളാണ് നിങ്ങളെങ്കിൽ സ്വാഭാവികമായും വൈകിയായിരിക്കും ഭക്ഷണം കഴിക്കുക. അതിനുശേഷം നേരെ ഉറങ്ങാൻ പോകും. എന്നാൽ ആ ശീലം ശരീരഭാരം കൂടാൻ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വൈകിട്ട് 8 മണിക്ക് മുൻപായി അത്താഴം കഴിക്കുകയാണ് ഏറ്റവും നല്ലത്.