'പീച്ചിങ്ങാ' പരസ്യം: നടപടി നേരിട്ട് മക്‌ഡൊണാള്‍ഡ്‌സ്

ഫാസ്റ്റ് ഫുഡ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ആരോഗ്യകരമായ പച്ചക്കറികളെയും വീട്ടില്‍ വേവിച്ച ഭക്ഷണത്തെയും അപമാനിക്കുന്ന തരത്തിലുള്ള 'നിരുത്തരവാദപരമായ' പരസ്യം പ്രസിദ്ധീകരിച്ചതിന് മക്‌ഡൊണാള്‍ഡ്‌സിനെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി.

മക്‌ഡൊണാള്‍ഡ്‌സിന്റെ ഫാസ്റ്റ്ഫുഡ് ശൃംഖല പ്രവര്‍ത്തിപ്പിക്കുന്ന ഫ്രാഞ്ചൈസിയായ ഡല്‍ഹി കൊണാട്ട് പ്ലാസ ആസ്ഥാനമായുള്ള ഹാര്‍ഡ് കാസില്‍ റെസ്റ്റോറന്റ് ലിമിറ്റഡിന് എഫ്എസ്എസ്എഐ ' കാരണം കാണിക്കല്‍ നോട്ടീസ 'നല്‍കിക്കഴിഞ്ഞു.ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കു ലൈസന്‍സ് നല്‍കുന്ന ഔദ്യോഗിക ഏജന്‍സിയാണ് എഫ്എസ്എസ്എഐ. ഉപയോക്താക്കളിലെത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ തടയാനുള്ള ചുമതലയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിക്കുണ്ട്.

'ഗിയ തോരിയുമായി വീണ്ടും കുടുങ്ങിപ്പോയോ? നിങ്ങള്‍ ഇഷ്ടപ്പെടുന്ന 1 + 1 കോംബോ നിര്‍മ്മിക്കുക' എന്ന തലക്കെട്ടോടെ പത്രങ്ങളില്‍ മക്‌ഡൊണാള്‍ഡ്‌സ് നല്‍കിയ മുഴുവന്‍ പേജ് പരസ്യമാണ് വിനയായിരിക്കുന്നത്. പീച്ചിങ്ങയുടെ ഹിന്ദി നാമമാണ് 'ഗിയ തോരി'. ആരോഗ്യകരമായ ഭക്ഷണത്തെ മാറ്റി നിര്‍ത്തി അനാരോഗ്യകരമായ സ്വന്തം ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ചില കമ്പനികള്‍ നിരുത്തരവാദപരമായി പരസ്യം ചെയ്യുന്നതായി ഷോകോസ് നോട്ടീസില്‍ എഫ്എസ്എസ്എഐ രേഖപ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറികളെയും അപ്പോള്‍ വേവിച്ചെടുക്കുന്ന ഭക്ഷണത്തെയും അനാരോഗ്യകരമായി ഭക്ഷ്യ കമ്പനികള്‍ കാണുന്ന പ്രവണത വളരെ ആശങ്കാജനകമാണ്. ആരോഗ്യകരവും ശരിയായതുമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് എതിരാണ് ഇത്തരം പരസ്യങ്ങള്‍, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍ - ഒരു പ്രസ്താവനയില്‍ എഫ്എസ്എസ്എഐ അഭിപ്രായപ്പെട്ടു.

ആരോഗ്യ മന്ത്രാലയം അടുത്തിടെ ആരംഭിച്ച 'ഈറ്റ് റൈറ്റ് കാമ്പെയ്ന്‍ 'ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളിലേക്ക് ആളുകളെ നയിക്കാന്‍ ലക്ഷ്യമിടുന്നു. കുട്ടികള്‍ക്ക് ഭക്ഷണവും ലഹരിപാനീയങ്ങളും വിപണനം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രമേയത്തില്‍ ലോകാരോഗ്യസംഘടന അംഗരാജ്യങ്ങളോട് പൂരിത കൊഴുപ്പുകള്‍, ട്രാന്‍സ് ഫാറ്റി ആസിഡുകള്‍, സ്വതന്ത്ര പഞ്ചസാര അല്ലെങ്കില്‍ ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണ വിപണനത്തിലൂടെ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള പരസ്യങ്ങളാണുണ്ടാകേണ്ടതെന്ന ആശയവും ലോകാരോഗ്യസംഘടന പങ്കു വച്ചട്ടുള്ള കാര്യം എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it