ഹെയര്‍ ഡൈയും സ്ട്രെയ്റ്റ്നറും വഴി അര്‍ബുദം വന്നുപെട്ടേക്കാം

അമേരിക്കയിലെ ഗവേഷണ ഫലം ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറില്‍

മുടി കറുപ്പിക്കാന്‍ നിരന്തരം ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് അര്‍ബുദ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തില്‍ പറയുന്നു.

ഡൈയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.ഹെയര്‍ ഡൈ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനാണ് പ്രധാനമായും കാരണമാകുന്നത്. 35 നും 75 നും ഇടയ്ക്ക് പ്രായമുള്ള 46709 സ്ത്രീകളിലാണ് 15 വര്‍ഷത്തിലേറെ കാലം കൊണ്ട് സര്‍വേ നടത്തിയത്.

അതേസമയം സ്താനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഹെയര്‍ ഡൈയിലെ വസ്തു ഏതെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏകദേശം 5000 രാസവസ്തുക്കള്‍ വിവിധ തരം ഹെയര്‍ഡൈയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഹെയര്‍ ഡൈ മാത്രമല്ല സ്ട്രെയ്റ്റ്നര്‍ ഉപയോഗിക്കുന്നവരിലും അര്‍ബുദ സാധ്യതയുണ്ട്.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (എന്‍ഐഎച്ച്) ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസിലെ ഗവേഷകരാണ് രാസ ഹെയര്‍ ഡൈകളും സ്ട്രൈറ്റ്നറുകളും പരിശോധിച്ച് അവ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയത്.സ്ഥിരമായി ഹെയര്‍ ഡൈയും കെമിക്കല്‍ ഹെയര്‍ സ്ട്രെയ്റ്റ്നറുകളും ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ് എന്ന സിദ്ധാന്തത്തെ തങ്ങളുടെ പഠനം പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പറയുന്നു.

2003 നും 2009 നും ഇടയിലാണ് 46,709 സ്ത്രീകളില്‍ നിന്നു ഗവേഷകര്‍  വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയത്. ഇവരില്‍ ആര്‍ക്കും സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ചരിത്രം ഇല്ലായിരുന്നു. സ്ഥിരമായി ഹെയര്‍ ഡൈ ഉപയോഗിച്ച സ്ത്രീകള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്തവരേക്കാള്‍  സ്തനാര്‍ബുദം വരാനുള്ള സാധ്യത 9 ശതമാനം കൂടുതലാണ്. 5 മുതല്‍ 8 വരെ ആഴ്ചകള്‍ക്കുള്ളില്‍  ഹെയര്‍ സ്ട്രെയ്റ്റ്നറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കാകട്ടെ സ്തനാര്‍ബുദം വരാനുള്ള സാധ്യത 31 ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here