ബിസിനസുകാര്‍ തീര്‍ച്ചയായും പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍

ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാറില്ല പലരും. എന്നാല്‍ അസുഖം വരുമ്പോള്‍ മാത്രം ചികിത്സ എന്ന രീതി മാറണം. അസുഖം വരാതെ ആരോഗ്യ കാര്യങ്ങള്‍ പാലിച്ച് ഒരു ഹെല്‍ത്തി ലൈഫ് സ്റ്റൈലിലൂടെ പോകുന്നതാണ് സക്‌സസ്ഫുള്‍ ബിസിനസ് പേഴ്‌സണാലിറ്റികളുടെയും സെലിബ്രിറ്റികളുടെയും ശീലം. ഇതാ ചില പ്രാഥമിക ആരോഗ്യ പാഠങ്ങള്‍ മനസ്സില്‍ വയ്ക്കുകയും അവ പ്രാക്ടീസ് ആക്കുകയും ചെയ്യാം. ഇനി ബിസിനസില്‍ മാത്രമല്ല ആരോഗ്യ, മാനസിക സന്തുലനാവസ്ഥയോടെയുള്ള മികച്ച ഒരു വ്യക്തിജീവിതത്തിലൂടെയും മുന്നേറാം.

ഉറക്കം/ കണ്ണിന് വിശ്രമം

മാനസിക, ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ബിസിനസില്‍ മാത്രമല്ല, ജീവിതത്തിലും പ്രതിഫലിക്കും. നമ്മള്‍ അറിയാതെ നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ പ്രൊഫഷനെയും ബിസിനസിനെയും ബാധിക്കും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉറക്കം നല്ല പ്രതിവിധിയാണ്.

ഏറെ നേരം കംപ്യൂട്ടറില്‍ ഇരിക്കുന്നവര്‍ കണ്ണിന് വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്. ഉറക്കം എല്ലാ പേശികള്‍ക്കും ഒപ്പം കണ്ണിനും മികച്ച വിശ്രമമാണ് നല്‍കുന്നത്. കുറഞ്ഞത ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.

പുകവലി ഒഴിവാക്കണം

ഇന്ത്യയിലെ ബിസിനസുകാരില്‍ 40 ശതമാനം പേരും പുകവലി ശീലമാക്കിയവരാണെന്ന് ദേശീയ പുകയില നിവാരണ അതോറിറ്റി പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുകവലി ടെന്‍ഷന്‍ അകറ്റും എന്ന തെറ്റായ വിശ്വാസമാണ് പലരെയും ഇതിലേക്ക് അടുപ്പിക്കുന്നത്. പുകവലി എന്ന ശീലം പെട്ടെന്നു നിര്‍ത്താന്‍ പ്രയാസമുള്ളതാണ്. എന്നാല്‍, പുതിയ ശീലങ്ങള്‍, പുതിയ പുസ്തക വായന, സൗഹൃദം പങ്കിടല്‍ എന്നിവയെല്ലാം പുകവലി ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.

ഒരു സിഗററ്റ് എരിയുന്ന നേരത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റെന്തെങ്കിലും ശീലം തെരഞ്ഞെടുക്കൂ. ലൈഫ് നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കും.

ലിഫ്റ്റിന് പകരം സ്റ്റെയര്‍കേസ്

ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം സ്റ്റെയര്‍കേസ് ഉപയോഗിക്കുന്നത് ശീലമാക്കാം. ഓഫീസില്‍ തന്നെ മറ്റുഭാഗങ്ങളിലേക്ക് പോകുമ്പോള്‍, ഓഫീസില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഒക്കെ സ്‌റ്റെയര്‍ കേസ് പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. ഏറെ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍ക്ക് സന്ധിവാതവും വെരിക്കോസും പോലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിനുത്തമ പരിഹാര മാര്‍ഗമാണ് പടികയറല്‍.

ലൈഫ് എത്ര അനായാസമാകുന്നുവോ അത്രയും നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. പടികള്‍ കയറുന്നത് നല്ല ഒരു വ്യായാമ മുറയായി കരുതിയാല്‍ നിങ്ങള്‍ക്ക് അതിലേക്കുള്ള താല്‍പര്യം കുറയില്ല.

വ്യായാമം മൂന്നു ദിവസമെങ്കിലും

'ഈ തിരക്കിനിടയിലൊക്കെ വ്യായാമം ചെയ്യണമെന്നു കരുതും, എന്നാല്‍ എങ്ങനെ സമയം കണ്ടെത്താനാകും' എന്നതാണ് പലരുടെയും ആശങ്ക. എന്നാല്‍ ഇപ്പോള്‍ വ്യായാമം വേണ്ട എന്നു കരുതിയാല്‍ പിന്നീടത് വലിയ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരുത്തുമെന്ന സത്യത്തെ അവഗണിക്കാതിരിക്കുക.

ഇടയ്ക്കുള്ള ഹെല്‍ത്ത് ചെക്കപ്പുകള്‍ മുടക്കരുത്. ഒപ്പം ആഴ്ചയില്‍ 5 മണിക്കൂറോ അല്ലെങ്കില്‍ സൗകര്യമുളള മൂന്നു ദിവസങ്ങളിലോ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കുക. വീട്ടില്‍ തന്നെ ലഘുവ്യായാമങ്ങള്‍ ചെയ്യാം, നടത്തം, ജിം എന്നിവയിലേതെങ്കിലും ശീലമാക്കണം.

ശരിയായ ഭക്ഷണം, വെള്ളം

ശരീരം ജലാംശത്തോടെ സംരക്ഷിക്കുക എന്നത് ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസികാരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. നാലു ലിറ്റര്‍ വെള്ളം വരെ ആരോഗ്യത്തിനായി ഒരാള്‍ കുടിക്കണം. ഓഫീസ് കഴിഞ്ഞ് തലവേദന എന്നു പരാതിപ്പടുന്നവരില്‍ നല്ലൊരുശതമാനം പേരും തിരക്കുകള്‍ കൊണ്ട് വേണ്ടത്ര വെള്ളം കുടിക്കാത്തവരാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കാപ്പി, ചായ എന്നിവ കൂടുതലാകാതെ നോക്കുകയും വേണം.

ഓഫീസ് ഇടനേരങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറച്ച് ചായ ആകാം. എന്നാല്‍ പാല്‍, കാപ്പി, മധുര പലഹാരങ്ങള്‍, ഏറെ ഉപ്പുള്ളവ എന്നിവ കഴിക്കരുത്. ഇത് ശരിയല്ലാത്ത ദാഹമാണ് ശരീരത്തില്‍ സൃഷ്ടിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം ധാരാളം വെള്ളം കുടിക്കണം. ഗ്രീന്‍ ടീയും ശീലമാക്കണം.

ഉച്ചയ്ക്കു ശേഷം മധുരം തീരെ കഴിക്കില്ല എന്നത് ശീലമാക്കണം. ബ്രേക്ക്ഫാസ്റ്റ് മുടക്കുകയുമരുത്. രാത്രി എട്ട് മണിക്ക് മുന്‍പ് ഡിന്നര്‍ കഴിക്കാന്‍ ശ്രമിക്കുക. പിറ്റേദിവസം ഉന്മേഷത്തോടെ ഉണരാനും ദഹനപ്രശ്‌നങ്ങളില്‍ നിന്ന് മോചിതരാകാനും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും ഇത് സഹായകമാണ്.

ടിപ്‌സ്

  • എപ്പോഴും പുഞ്ചിരിക്കാം.
  • നട്‌സ് കഴിക്കണം.
  • കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക.
  • ജങ്ക് ഫുഡ്‌സ് മറന്നേക്കുക.
  • വായിക്കുക, പാട്ട് കേള്‍ക്കുക.
  • സൂര്യ സ്്‌നാനം ശീലമാക്കുക.
  • യോഗ ചെയ്യാം.
  • പല്ലുകള്‍ ആരോഗ്യത്തോടെ വയ്ക്കുക.
  • മത്സ്യം / ഒമേഗ 3 ഫാറ്റി ആസിഡ്‌സ് കഴിക്കുക.
  • പഴം, പച്ചക്കറികള്‍ ശീലമാക്കുക.
  • അന്നന്നുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.
  • രാത്രി മൊബീല്‍ ഫോണിന്റെ ഉപയോഗം കുറയ്ക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it