സദാസമയം ഇരിന്നുള്ള ജോലിയാണോ? എങ്കില്‍ തീര്‍ച്ചയായും ഇതു വായിച്ചിരിക്കണം

ഇന്നത്തെ കാലത്ത് ഇരുന്നുള്ള ജോലി ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പ്രൊഫഷണലുകളെല്ലാം തന്നെ കംപ്യൂട്ടറിനു മുന്നില്‍ ഒരു ദിവസത്തിന്റെ നിരവധി മണിക്കൂറുകളാണ് ചെലവഴിക്കുക. ഓഫീസില്‍ ഇരുന്നുള്ള ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാലും പിന്നേയും ഫോണും പിടിച്ച് സോഫയിലോ ടിവിയ്ക്ക് മുന്നിലോ ഇനി അതുമല്ലെങ്കില്‍ ലാപ്‌ടോപ്പിലോ ഒക്കെ നോക്കി ഇരിക്കും. ഓഫീസ് കഴിഞ്ഞുള്ള വിശ്രമം ആണിതെന്ന് പറയാന്‍ ഇഷ്ടപ്പെടുന്നുവരുണ്ട്. എങ്കില്‍ നിങ്ങള്‍ ഒരുകാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വ്യായാമം ഒട്ടുമില്ലാതിരിക്കുകയും വീട്ടിലെത്തിയാല്‍ ഈ രീതിയിലുള്ള ഇരിപ്പ് തുടരുകയും ചെയ്യുന്നത് ഒട്ടും നല്ലതല്ല. ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുക. ഇരിക്കുന്നതോടൊപ്പം കയ്യില്‍ എന്തെങ്കിലും സ്‌നാക്‌സും കൂടെ കരുതിയാല്‍ പറയുകയേ വേണ്ട, പൊണ്ണത്തടി വരുന്ന വഴി അറിയില്ല.

ഇരിപ്പ് ദിവസത്തില്‍ ഏഴ്-എട്ട് മണിക്കൂറില്‍ കൂടുതലാവുമ്പോഴാണ് ആരോഗ്യത്തെ ബാധിച്ചു തുടങ്ങുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നവരുണ്ട്. അത് ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാലും ഒരേ ഇരിപ്പ് തുടര്‍ന്നാല്‍ ഇത് 10-20 ശതമാനം വരെ രോഗസാധ്യത വര്‍ധിപ്പിക്കുമെന്നതാണ് സത്യം.

ഇരിപ്പ് വില്ലനാകുന്നതെങ്ങനെ

നില്‍ക്കുന്നതിനേയോ നടക്കുന്നതിനേയോ അപേക്ഷിച്ച് ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു. ഒപ്പം ഏറെ നേരം ഇരിക്കുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭാരം, അരയ്ക്ക് ചുറ്റും കൊഴുപ്പ് അടിയുക എന്നിവയ്ക്ക് സാധ്യത കാണുന്നു. ഇരിപ്പ് കൂടിയാല്‍ ശരീരത്തിലെ ഉപാചപയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കൊളസ്ട്രോള്‍ നില കൂടും. ഇനി ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കിലോ, അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം കാരണമാകും. സന്ധിരോഗ വിദഗ്ധര്‍ പറയുന്നത് നില്‍ക്കുന്നതിനേക്കാള്‍ ഇരിക്കുമ്പോഴാണ് ഡിസ്‌കിനുള്ള മര്‍ദ്ദം കൂടുന്നത്. എന്നും ദീര്‍ഘനേരം നേരം ഇരിക്കുന്നത് ഡിസ്‌ക് സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാവും.

രോഗങ്ങള്‍

കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് പന്ത്രണ്ട് വ്യത്യസ്ത രോഗങ്ങള്‍ ( അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യുമോണിയ, കരള്‍ രോഗം, അള്‍സര്‍, പാര്‍ക്കിന്‍സണ്‍, അള്‍ഷിമേഴ്സ്, ഞരമ്പ് രോഗങ്ങള്‍) ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒഴിവാക്കാനാവില്ല, പകരം എന്ത് ചെയ്യാം?

ഇരുന്നിട്ടുള്ള ഓഫീസ് ജോലിയാണെങ്കില്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇരുത്തത്തിന് ഇടവേളയെടുക്കാം. അല്‍പനേരം സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുകയോ കുറച്ച് നടക്കുകയോ ചെയ്യാം. സ്‌ട്രെച്ച് ചെയ്യുകയുമാകാം. ഇതിന് എഴുന്നേല്‍ക്കണമെന്നില്ല. ഇരുന്നിടത്ത് തന്നെ ഇരുന്ന് ശരീരം സ്ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. കാല്‍ നീട്ടിവെക്കുക തുടങ്ങിയവ ചെയ്യാം. ഇത് ശരീരത്തിന് അയവ് നല്‍കും.

ശരിയായ ഇരിപ്പ് എങ്ങനെ

ഇരിപ്പ് ഒഴിവാക്കാനാകാത്തവര്‍ ശരിയായ രീതിയില്‍ ഇരിക്കലാണ് അറിയേണ്ടത്. കസേരയില്‍ നടു വളച്ച്, കാല് തിരിച്ചുവെച്ച് കൂനിക്കൂടി ഇരിക്കരുത്. നട്ടെല്ല് നിവര്‍ത്തി ബാക്ക് സപ്പോര്‍ട്ട് നല്‍കി ഇരിക്കുക.

ഓഫീസില്‍ നിന്നും തിരികെ എത്തിയാല്‍ നടത്തം, എയ്‌റോബിക്‌സ്, നൃത്തം, സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നതു നല്ലതാണ്. ഇത് രോഗങ്ങളില്‍ നിന്നും രക്ഷിക്കുമെന്നു മാത്രമല്ല സ്‌ട്രെസ് കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it