സിഇഒ ഡിപ്രഷന്‍ എങ്ങനെ അകറ്റാം?

by ഡോ. വിപിന്‍ റോള്‍ഡന്റ്

ബിസിനസ് രംഗത്ത് പ്രതിസന്ധികളൊഴിഞ്ഞ നേരമില്ല. ഇന്ന് വലിയ പ്രസ്ഥാനം കെട്ടിപ്പടുത്തവരെല്ലാം പലതരത്തിലുള്ള പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടു വന്നവര്‍ തന്നെയാണ്. ഒരു കാലത്ത് അവര്‍ അങ്ങേയറ്റം പ്രചോദിതരായിരിക്കാം, ഇപ്പോള്‍ ബിസിനസില്‍ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെയ്ക്കുന്നുണ്ടെങ്കിലും നല്ലൊരു ടീം കൂടെയുണ്ടെങ്കിലും അവര്‍ ഉള്ളിന്റെ ഉള്ളില്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ട്. സ്വന്തം സംഘര്‍ഷങ്ങള്‍ കുടുംബാംഗങ്ങളോടും ടീമിനോടും പറയാന്‍ സാധിക്കാതെ ഉള്ളിലൊതുക്കി ഉരുകുന്നുണ്ട്.

സ്വന്തം ബിസിനസിനെ മുന്നോട്ടു നയിക്കാന്‍ പോലുമാകാതെ അവര്‍ മാനസികമായി തളരുന്നുണ്ട്. എന്റെ സ്വന്തം സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത് ഞാന്‍ തന്നെയാണെന്ന തിരിച്ചറിവ് പലരിലും വരുന്നുണ്ട്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ പക്ഷേ, പലര്‍ക്കും അറിയില്ല. അവസാനം ഇവര്‍ സ്വയം ഹത്യയിലോ എല്ലാം ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടത്തിലോ അഭയം തേടുന്നു.

ഇത്തരമൊരു അവസ്ഥയിലേക്ക് വീഴും മുമ്പേ ഇവരെ കരുത്തോടെ തിരിച്ചുകൊണ്ടുവരാനാകും. പക്ഷേ അതിന് സിഇഒമാര്‍ക്ക് അവരുടെ വിഷാദാവസ്ഥ സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. അടുത്ത ഘട്ടത്തില്‍ അത് മാനേജ് ചെയ്യാനുള്ള വഴികളും അറിയണം.

നിങ്ങള്‍ മാനസികമായി ഫിറ്റ് ആണോ? ഈ ചോദ്യം എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ? നിങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശാരീരിക ആരോഗ്യാവസ്ഥയുടെ നിജസ്ഥിതി അറിയാന്‍ മെഡിക്കല്‍ പരിശോധനകളും ലാബ് ടെസ്റ്റുകളും നടത്താറില്ലേ? പക്ഷേ സ്വന്തം മനസിന്റെ പ്രവര്‍ത്തനം, അതിന്റെ ആരോഗ്യം എങ്ങനെയാണ് നിങ്ങള്‍ വിലയിരുത്തുക?

അങ്ങേയറ്റം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ചീഫ് എക്‌സിക്യൂട്ടിവുകള്‍ അല്ലെങ്കില്‍ ബിസിനസ് സാരഥികള്‍ പോലും മാനസികാരോഗ്യത്തിനായി സമയം കണ്ടെത്തുകയോ അതിനായി സമയമോ വിഭവമോ ചെലവിടുകയോ ചെയ്യില്ല. നാം ചര്‍ച്ച ചെയ്യുന്നത് മൈന്‍ഡ് പവറിനെ കുറിച്ചോ അതിനായുള്ള പരിശീലനത്തെക്കുറിച്ചോ അല്ല. മറിച്ച് മാനസിക ആരോഗ്യത്തെ കുറിച്ചാണ്.

സ്വന്തം മനസിന്റെ ആരോഗ്യകാര്യത്തില്‍ താളപ്പിഴകളുണ്ടെന്ന സ്വയം തിരിച്ചറിവില്‍ നിന്നാണ് അതിനെ ഫിറ്റാക്കാനുള്ള വഴികളെ കുറിച്ച് ചിന്തിച്ചു തുടങ്ങുക.

സ്വന്തം വിഷാദാവസ്ഥ തിരിച്ചറിയാനുള്ള വഴികള്‍ പലതുണ്ട്. നിത്യേന നമ്മുടെ സംരംഭക ജീവിതത്തിലും വ്യക്തി ജീവിതത്തിലും വിഷാദാവസ്ഥ സമ്മാനിക്കുന്ന കാര്യങ്ങള്‍ നിരവധി കണ്ടേക്കാം. പക്ഷേ ആ വിഷാദാവസ്ഥ രണ്ടാഴ്ചയിലധികം നീണ്ടുനിന്നാല്‍ സൂക്ഷിക്കണം. അതൊരു സാധാരണ വിഷാദാവസ്ഥ ആകണമെന്നില്ല.

നിങ്ങളിലുണ്ടോ ഈ മൂന്ന് കാര്യങ്ങള്‍?

സിഇഒ ഡിപ്രഷന്‍ തിരിച്ചറിയാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.


Worthlessness: സ്വയം പുച്ഛം തോന്നുന്ന അവസ്ഥ. സ്വന്തം ബ്രാന്‍ഡിനോട് ഒരു തരം പുച്ഛം. ഇന്നലെ വന്നവര്‍ പോലും വന്‍ വിജയം നേടുന്നു, കാലങ്ങളായി ബിസിനസ് ചെയ്യുന്ന, വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബ്രാന്‍ഡിന് ഒരു മൂല്യവുമില്ലെന്ന തോന്നല്‍ ഒരു ഗുണവുമില്ലാത്ത ജീവിതവും സംരംഭകയാത്രയുമായി പോയെന്ന സ്ഥിതിയിലേക്ക് മനസിനെ എത്തിക്കും. ഇത് കടുത്ത വിഷാദാവസ്ഥയുടെ സൂചനയാണ്.

Helplessness: തനിക്ക് ചുറ്റിലും ഒട്ടനവധി ആളുകളുണ്ടെങ്കിലും തന്നെ സഹായിക്കാന്‍ ആരുമില്ലെന്ന തോന്നല്‍. എല്ലാം ഞാന്‍ തന്നെ ചെയ്യണം. എന്തിനും ഏതിനും എനിക്ക് ഞാന്‍ മാത്രം എന്ന ശക്തമായ വിചാരം.

Hopelessness: പല ബിസിനസ് സാരഥികളും കൃത്യമായ ആസൂത്രണത്തോടെ ബിസിനസ് പ്ലാനൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അതിനുള്ള വഴികളും ടീമും അവര്‍ സജ്ജമാക്കിയുണ്ടാകാം. എന്നിരുന്നാലും ഇപ്പോള്‍ അവരെ പ്രചോദിപ്പിക്കാന്‍ ഒന്നും മുന്നില്‍ കണ്ടേക്കില്ല. എന്തിനാണ്, എന്ത് നേടാനാണ് മുന്നോട്ട് പോകുന്നതെന്ന് പോലും അറിയാതെ പ്രതീക്ഷ നശിച്ച അവസ്ഥയില്‍ തുടരുന്നത് വിഷാദാവസ്ഥയുടെ ലക്ഷണമാണ്.

അമിതമായ കോപം

അടുത്തതായി പലരിലും കാണുന്നതാണ് അമിതമായ ദേഷ്യം. ഇക്കാരണം കൊണ്ടു തന്നെ വ്യക്തി ജീവിതം തകരും. നല്ല ജീവനക്കാര്‍ കൂടെ നില്‍ക്കാതെ പോകും. ബിസിനസ് പങ്കാളികള്‍ നഷ്ടമാകും. ദേഷ്യം മോഹഭംഗത്തിലേക്കും അത് പിന്നീട് പ്രകോപനാവസ്ഥയിലേക്കും വ്യക്തിയെ നയിക്കും. സ്വന്തം ജീവനക്കാരുടെ മുന്നില്‍ പോലും വിലയില്ലാത്ത അവസ്ഥയിലേക്ക് ചീഫ് എക്‌സിക്യുട്ടീവ് തരം താഴും. ഇത്തരം അവസ്ഥകളിലേക്ക് ചീഫ് എക്‌സിക്യുട്ടീവുകള്‍ അല്ലെങ്കില്‍ ബിസിനസ് സാരഥികള്‍ വീഴുമ്പോള്‍ സ്വാഭാവികമായും അവരുടെ പൂര്‍വ്വ ചരിത്രം ഒന്നു പരിശോധിക്കുന്നതും ഉചിതമാകും.

പല മികച്ച സംരംഭകരും പഠനകാലത്ത് നല്ല വിദ്യാര്‍ത്ഥികളായിരിക്കില്ല. അവര്‍ക്ക് ഒട്ടനവധി ആശയങ്ങളുണ്ടാകാം. പക്ഷേ പഠിപ്പില്‍ പിന്നിലായിരിക്കും. അന്ന് തിരിച്ചറിയാത്ത ഒരു ഘടകം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ അടങ്ങിയിരിക്കാത്ത മനസ് ഇവര്‍ക്കുണ്ടായേക്കാം. ഇത്തരത്തിലുള്ള അറ്റന്‍ഷന്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോമുള്ളവര്‍ മുതിര്‍ന്നാലും ആ മാനസിക നില ഉള്ളിലുണ്ടാകും. അത്തരക്കാര്‍ ഒന്നില്‍ നിന്ന് ചാടി മറ്റൊന്നിലെത്തി ബിസിനസ് ലോകം വളര്‍ത്തിക്കാണും. പക്ഷേ കൈവെച്ച ഒന്നിലും ശക്തമായ അടിത്തറ കാണണമെന്നില്ല.

ഈ അവസ്ഥകളും ബിസിനസ് സാരഥികള്‍ സ്വയം പരിശോധനയിലൂടെ കണ്ടെത്തണം. ജീവിതത്തില്‍ വിജയിച്ചുകഴിഞ്ഞാല്‍ പലരും പഠനകാലത്തെ സ്വന്തം പ്രശ്‌നങ്ങള്‍ പോലും ആരോടും പറയില്ല. എന്നാല്‍ ബിസിനസില്‍ തളര്‍ന്നു നില്‍ക്കുമ്പോള്‍, എവിടെയും പ്രശ്‌നങ്ങളാകുമ്പോള്‍ സ്വയം പരിശോധിക്കുക. താന്‍ ഓരോ ബിസിനസിനും അതിന്റേതായ അടിത്തറയിട്ടാണോ മുന്നോട്ടു പോയത്. അതോ മതിയായ ബിസിനസ് പ്ലാനില്ലാതെ ബെല്ലും ബ്രേക്കുമില്ലാത്ത ചാട്ടമായിരുന്നോ എന്ന്.

ഞാന്‍ എപ്പോഴും ശരി!

പല സംരംഭകരിലും കാണുന്ന കാര്യമാണിത്. അവര്‍ ഒന്നുമില്ലായ്മയില്‍ നിന്നാകും സംരംഭം കെട്ടിപ്പടുത്തിട്ടുണ്ടാകുക. സാഗരം സാക്ഷിയെന്ന മലയാള ചലച്ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ ഓര്‍മ്മയില്ലേ? ഏതാണ്ട് അതിന് സമാനമായിരിക്കും ഇവരുടെയും കാര്യങ്ങള്‍. ഞാന്‍ ഇതുവരെ ചെയ്തതെല്ലാം ശരിയാണ്. ഞാന്‍ ഇനി ചെയ്യുന്നതും ശരിയാണ്. ആരുടെയും ഉപദേശങ്ങള്‍ വേണ്ട. എന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എനിക്കറിയാം എന്ന മര്‍ക്കടമുഷ്ടി ഇവരെ കൊണ്ടെത്തിക്കുക കടുത്ത പ്രശ്‌നങ്ങളിലേക്കാവും. കട്ട ഈഗോ പ്രശ്‌നങ്ങള്‍ കൂട്ടുകയേ ഉള്ളൂ.

എന്താണ് പോംവഴി?

ഇത്തരം കാര്യങ്ങള്‍ സ്വയം തിരിച്ചറിയുക എന്നതു തന്നെയാണ് പ്രശ്‌നത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ആദ്യ വഴി.

അടുത്തതായി ബിസിനസ് സാരഥികള്‍ അല്ലെങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവുകള്‍ ഒരു പ്രാഥമിക ശുശ്രൂഷ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളോട് അല്ലെങ്കില്‍ അവര്‍ക്ക് വിശ്വാസമുള്ളവരോട് സ്വന്തം പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ സന്നദ്ധരാകുക.

ഒപ്പം ബിസിനസ് ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക. ഈ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നാം വെറുമൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനമാണ് തേടുന്നതെങ്കില്‍ അവര്‍ ആദ്യം പരിശോധിക്കുക, വ്യക്തിയുടെ മനസില്‍ സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാനുള്ള വഴിയാകും. ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബിസിനസിലെ പ്രശ്‌നമാകും സംഘര്‍ഷത്തിന് കാരണം. ബിസിനസ് ഒഴിവാക്കിയാല്‍ പിന്നെ അയാള്‍ ഒന്നുമല്ല. എന്നാല്‍ ബിസിനസിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ബിസിനസിനെയും ബിസിനസ് സാരഥിയുടെ മനസിനെയും സന്തുലിതമാക്കാന്‍ പറ്റുന്ന ഇടപെടല്‍ നടത്താന്‍ കഴിവും വൈദഗ്ധ്യവുമുള്ള ബിസിനസ് സൈക്കോളജിസ്റ്റിനെയാണ് ഈ ഘട്ടത്തില്‍ കാണേണ്ടത്. ബിസിനസ് സൈക്കോളജിയില്‍ പ്രമുഖ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.

മാത്രമല്ല, മാനസിക വിഷാദാവസ്ഥ കൂട്ടുന്ന കാര്യങ്ങള്‍ ചെയ്യാതെ നോക്കണം. ചിലര്‍ മെഡിറ്റേഷന്‍ നടത്തും. ചിലര്‍ മ്യൂസിക് കേള്‍ക്കും. പക്ഷേ ഇവയൊക്കെ വിഷാദാവസ്ഥ അകറ്റുന്നതാണോയെന്നും ഈ രംഗത്തെ ഔപചാരിക വിദ്യാഭ്യാസമുള്ള വിദഗ്ധരോട് ചോദിച്ചറിയണം. ആ വഴിയിലൂടെ ചിന്തിക്കൂ. മനസിനെ കരുത്താക്കി മുന്നോട്ടു പോകൂ.

(ബിഹേവിയര്‍ മെയ്ക്കോവര്‍ സ്റ്റുഡിയോയുടെ സ്ഥാപകനും മന:ശാസ്ത്രജ്ഞനുമാണ് ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍. നിരവധി വ്യവസായ സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ സഹായിച്ചിട്ടുള്ള പ്രമുഖനായ ബിസിനസ് സൈക്കോളജിസ്റ്റും കോര്‍പ്പറേറ്റ് ട്രെയ്‌നറും പ്രശസ്തരായ പല സിഇഒമാരുടെയും പേര്‍സണല്‍ കോച്ചുമായ ലേഖകന്‍ ബിഹേവിയര്‍ സയന്റിസ്റ്റ്, പ്രഭാഷകന്‍, കോളമിസ്റ്റ്, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനാണ്. ഫോണ്‍: 97440 75722, 70250 17700, cmd@roldantz.com)



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it