ഓഫീസില്‍ ആരോഗ്യം കാക്കാന്‍ 9 വഴികള്‍
നല്ല ജോലിയും മികച്ച ശമ്പളവുമുണ്ട്. പക്ഷേ ജോലി ചെയ്യാന്‍ ആരോഗ്യം മാത്രമില്ല എന്നു വന്നാലോ? നിങ്ങള്‍ എത്ര നന്നായി ജോലി ചെയ്യുന്നയാളാണെങ്കിലും കാര്യമില്ല, ജോലി ചെയ്യാന്‍ ആരോഗ്യമില്ലെങ്കില്‍ പിന്തള്ളപ്പെടുക തന്നെ ചെയ്യും.
രാവിലെയും വൈകുന്നേരവും ജിമ്മില്‍ പോയും ആഹാരം നിയന്ത്രിച്ചും ആരോഗ്യം കാക്കുന്നയാള്‍ തന്നെയാണെങ്കിലും ഓഫീസിലും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട ചിലതുണ്ട്. എങ്കിലേ നന്നായി ജോലി ചെയ്യാനാവുകയുള്ളൂ.
1. ബുദ്ധിയോടെ ഭക്ഷിക്കുക: കിട്ടുന്നതെന്തും ഭക്ഷിക്കുന്ന ശീലം ഉപേക്ഷിക്കുക തന്നെ വേണം. ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ ജങ്ക് ഫുഡിനോട് താല്‍പ്പര്യം കാട്ടിയാലും നിങ്ങള്‍ അത് വേണ്ടെന്നു വെക്കാന്‍ തയാറാകുക. നന്നായി പ്രഭാത ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. സാലഡും പഴങ്ങളും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണത്തില്‍ അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാം. ഉച്ചയ്ക്ക് ശേഷം സ്‌നാക്‌സ് ഒഴിവാക്കി പഴവര്‍ഗങ്ങളോ നട്ട്‌സോ പോലുള്ളവ കഴിക്കാം.
2. വെള്ളം കുടിക്കാം: കേരളം ചൂടില്‍ വെന്തുരുകുകയാണ്. നിര്‍ജലീകരണം സംഭവിക്കാതിരിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ജോലിക്കിടയില്‍ ഉറക്കവും മന്ദതയും അനുഭവപ്പെടും. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പോലും ഒരു ദിവസം ആറു മുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കണം. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ അതില്‍ കൂടുതല്‍ കുടിക്കണം.
3. കാപ്പി ഇടയ്ക്ക് വേണ്ട: കാപ്പിയോ ചായയോ ഇല്ലാതെ ഓഫീസ് ജോലി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റാത്തവരാണ് നമ്മളില്‍ പലരും. രാവിലെ നന്നായി തയാറാക്കിയ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കാം. പിന്നീട് അതിന് നിയന്ത്രണം വെക്കുന്നതാണ് നല്ലത്. മാത്രമല്ല, ഉപയോഗിക്കുകയാണെങ്കില്‍ തന്നെ പഞ്ചസാരയും പാലുമൊക്കെ ഒഴിവാക്കാം.
4. ഓഫീസില്‍ നന്നായി ഇരിക്കാം: ഓഫീസില്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇരിപ്പിലും നടപ്പിലും വരെ ശ്രദ്ധ പുലര്‍ത്തണം. കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരിക്കുന്നവരുടെ കഴുത്തിലും നട്ടെല്ലിലും സമ്മദര്‍ദ്ദം ഏറി വേദന അനുഭവപ്പെടാം. തല മുന്നിലേക്കും പിന്നിലേക്കും ചലിപ്പിച്ചു കൊണ്ടുള്ള ചിന്‍ റിട്രാക്ഷന്‍ എക്‌സര്‍സൈസുകള്‍ ചെയ്യുന്നത് ഇതിനു നല്ലതാണ്.
5. ഇടയ്ക്ക് വിശ്രമമാവാം: ദീര്‍ഘസമയം ഒരേയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം കളയും. ഇടയ്ക്ക് ഒന്നും വിശ്രമിക്കുന്നതിലൂടെ സമയം കളയുകയല്ല മറിച്ച് നമ്മുടെ പ്രൊഡക്റ്റിവിറ്റി കൂടുകയാണ് ചെയ്യുക.
6. വൃത്തി വേണം: നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലം വൃത്തിയായും അടുക്കും ചിട്ടയോടെയുമായിരിക്കണം. ജോലി കഴിഞ്ഞു പോകുന്നതിനു മുമ്പ് കംപ്യൂട്ടറും മുന്നിലെ മേശയും കസേരയും എല്ലാം വൃത്തിയാക്കി വെക്കുക. പിറ്റേന്ന് രാവിലെ നല്ല അന്തരീക്ഷത്തിലേക്ക് തിരിച്ചെത്താം.
7. വ്യക്തി ശുചിത്വം പാലിക്കാം: ജോലി ചെയ്യുമ്പോള്‍ ശുചിത്വം ഉറപ്പു വരുത്തുക. ഒരു സാനിറ്റൈസര്‍ കൈയകലത്തില്‍ തന്നെ സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ നിങ്ങളില്‍ നിന്ന് പടരുന്നതും നിങ്ങളിലേക്ക് മറ്റുള്ളവരില്‍ നിന്ന് പടരുന്നതും ഇത്തരത്തില്‍ തടയാം.
8. അകന്നു നില്‍ക്കാം: അവധി എടുക്കാന്‍ മടിച്ച് പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ പോലും ജോലിക്ക് എത്തിയേക്കാം. അവരില്‍ നിന്ന് അകന്നു നില്‍ക്കുക മാത്രമല്ല, അത്തരത്തില്‍ എന്തെങ്കിലും അസുഖം നിങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നിയാല്‍ ഓഫീസില്‍ പോകാതിരിക്കുക.
9. പിരിമുറുക്കം നിയന്ത്രിക്കാം: ജോലിയിലടക്കം നിത്യ ജീവിതത്തില്‍ പല തരത്തിലുള്ള പിരിമുറുക്കങ്ങളിലൂടെയാണ് ഓരോരുത്തരും പോകുന്നത്. നിങ്ങള്‍ക്ക് ആസ്വദിക്കാവുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് ഇത് മറികടക്കാനുള്ള വഴി. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുക, സിനിമ കാണുക, പുസ്തകങ്ങള്‍ വായിക്കുക തുടങ്ങിയ നിരവധി മാര്‍ഗങ്ങളുണ്ട്.