ഇന്ത്യക്കാര്‍ക്ക് വേഗം പ്രായമേറുന്നു! എന്താണ് കാരണം?

30 വയസ് പിന്നിടുമ്പോഴേ പ്രായമേറുന്നതിന്റെ ആശങ്കകള്‍ ശരാശരി ഇന്ത്യക്കാരുടെ ഉള്ളില്‍ ആരംഭിക്കും. 35 വയസു കഴിയുന്നതോടെ ഈ ആശങ്ക കൂടിവരും. ഇത്രയേറെ അവബോധമുണ്ടായിട്ടും ഇന്ത്യക്കാര്‍ക്ക് നേരത്തെ തന്നെ വാര്‍ധക്യം ബാധിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്.

ഇന്ത്യക്കാര്‍ക്ക് ജപ്പാനിലും സ്വിറ്റ്‌സര്‍ലണ്ടിലും ഉള്ളവരെക്കാള്‍ പ്രായമേറുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ നേരത്തെ തന്നെ ബാധിക്കുന്നതായി പുതിയ പഠനങ്ങള്‍. ലാന്‍സന്റ് പബ്ലിക് ഹെല്‍ത്ത് ജേലണലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനത്തിലെ ചില കണ്ടെത്തലുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഇന്ത്യക്കാര്‍ക്ക് ജപ്പാന്‍കാരെ അപേക്ഷിച്ച് 15 വര്‍ഷം മുമ്പേ പ്രായമേറുന്നതിന്റെ അസ്വസ്ഥതകള്‍ ആരംഭിക്കുന്നു. എന്നാല്‍ ഈ അന്തരം 30 വര്‍ഷം വരെയുള്ള പ്രദേശങ്ങളുമുണ്ട്. അതായത് ജപ്പാനില്‍ 76ാം വയസില്‍ ഉണ്ടാകുന്ന പ്രായമേറുന്നതിന്റെ ശാരീരിക അസ്വസ്ഥതകള്‍ പാപ്പുവ ന്യൂഗിനിയയിലെ ആളുകള്‍ക്ക് 46ാം വയസിലേ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യക്കാര്‍ക്ക് 60 വയസിലാണ് ജപ്പാന്‍കാരുടെ 75ാം വയസിലെ അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്.

ജീവിതദൈര്‍ഘ്യത്തില്‍ ഏറെ മുന്നിലാണ് ജപ്പാന്‍കാരും സ്വിറ്റ്‌സര്‍ലണ്ട് സ്വദേശികളും. അവര്‍ക്ക് പ്രായത്തിന് അനുസരിച്ചുള്ള അസ്വസ്ഥതകള്‍ കുറവായതിനാല്‍ ജീവിതദൈര്‍ഘ്യം കൂടുന്നത് അവരെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ഇന്ത്യയിലുള്ളവരുടെ കാര്യം നേരെ തിരിച്ചാണ്. പ്രായമേറുന്നതിന്റെ അസ്വസ്ഥതകള്‍ നേരത്തെ പ്രകടമാകുന്നത് ഇന്ത്യക്കാരുടെ ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുന്നു. നേരത്തെയുള്ള റിട്ടയര്‍മെന്റ്, ഉയര്‍ന്ന ചികില്‍സാച്ചെലവുകള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. എത്യോപ്യ, നൈജീരിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രായമേറുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്.

പ്രായത്തിന്റെ അസ്വസ്ഥതകള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നു.

  • മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍
  • വ്യായാമത്തിന്റെ അഭാവം, അമിതഭാരം
  • സ്‌ട്രെസ്, നെഗറ്റീവ് മനോഭാവം
  • ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്
  • ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരാത്തത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തത്
  • സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it