'ജാപ്പി'ക്കു പ്രചാരമേറുന്നു

ചായക്കും കാപ്പിക്കും ബദലായി 'ജാപ്പി'ക്കു പ്രചാരമേറിവരുന്നതായി പ്രകൃതി ചികില്‍സകര്‍. അധികം മധുരമോ കൃത്രിമമായ വസ്തുക്കളോ ഒട്ടും ചേരാത്തതിനാല്‍ പ്രകൃതി ചികിത്സകര്‍ നിര്‍ദേശിക്കുന്ന ഒരു പ്രധാന പാനീയമാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലൊരു ആരോഗ്യ പാനീയമാണ് ജാപ്പി.
പേര് കേള്‍ക്കുമ്പോള്‍ പരിഷ്‌കാരിയും പുത്തനുമാണെന്നു തോന്നുമെങ്കിലും ജാപ്പി പഴഞ്ചന്‍ തന്നെ. ചായയും കാപ്പിയുമായി എന്തോ ബന്ധമുണ്ടെന്ന് പേരു കേട്ടാല്‍ തോന്നുമെങ്കിലും അതു ശരിയല്ല. മല്ലിക്കാപ്പി/ ഉലുവാ കാപ്പി അഥവാ ജാപ്പി എന്നറിയപ്പെടുന്ന ഇത് പണ്ടു മുതല്‍ക്കേ നമ്മുടെ നാട്ടില്‍ ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പാനീയമാണ്. ചായക്കും കാപ്പിക്കും പകരമായി ജാപ്പിയെ അങ്ങ് ഊതിക്കുടിക്കാം.
കാപ്പിക്കുരുവിനു പകരം ഉലുവാ വറുത്തു പൊടിച്ചതും, മല്ലിയും, മധുരത്തിനായി ചക്കരയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ലളിതമായ ജാപ്പി തയ്യാര്‍. ചിലര്‍ കൂടുതല്‍ ചേരുവകള്‍ ചേര്‍ത്തും ജാപ്പി തയ്യാറാക്കാറുണ്ട്. മല്ലി, ജീരകം, ഉലുവ, ചുക്ക്,ഏലക്കായ എന്നിവ രുചിയനുസരിച്ച് ചേര്‍ക്കാം. ചേരുവകള്‍ എല്ലാം വേറെ വറുത്തെടുത്താല്‍ നന്ന്. ചരുവകള്‍ പൊടിച്ചു വച്ചാല്‍ ആവശ്യമുള്ളപ്പോള്‍ വെള്ളവും, ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് നല്ല ഒന്നാന്തരം ജാപ്പി തയ്യാറാക്കാനാകും.
എങ്ങിനെ തയ്യാറാക്കാം
മല്ലി: 100 ഗ്രാം, ജീരകം: 100 ഗ്രാം, ഉലുവ: 50 ഗ്രാം , ചുക്ക്: 1 കഷണം, ഏലക്കായ: 5, ശര്‍ക്കര: പാകത്തിന്. മല്ലി, ഉലുവ, ജീരകം, ഏലക്കായ, ചുക്ക് എന്നിവ ചട്ടിയില്‍ ഇട്ട് വേറെ വേറെ ചൂടാക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിയിലോ മിക്സിയിലോ ഇട്ട് പൊടിച്ച് കാറ്റ് കടക്കാതെ സൂക്ഷിക്കുക. വേണ്ത്ര ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് പാകത്തിന് പൊടിയിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline