കളരിപ്പയറ്റ് പഠിക്കൂ, മനസും ശരീരവും വരുതിയിലാക്കാം

ആയോധന കലകളുടെ അഭ്യാസത്തിലൂടെ ശാരീരികമായി ലഭിക്കുന്ന വേഗത മനസ് ഉദ്ദേശിക്കുന്ന വേഗത്തില്‍ ശരീരത്തെ എത്തിക്കാന്‍ സഹായിക്കും

-Ad-

അങ്കത്തട്ടില്‍ നിന്ന് കോര്‍പ്പറേറ്റ് രംഗത്തേക്ക് ചുവടുമാറിയിരിക്കുകയാണ് കളരിയറ്റ്. ഇന്ന് ബിസിനസുകാരും പ്രൊഫഷണലുകളും വരെ ഈ ആയോധനകല പരിശീലിക്കാനെത്തുന്നു. എന്താണ് കളരിയറ്റിലേക്ക് ഇവരെ ആകര്‍ഷിക്കുന്നത്? സ്വയംരക്ഷ തന്നെ പ്രധാനം. ഒപ്പം കളരിപ്പയറ്റ് മികച്ച വ്യായാമ മുറയാണെന്നതും. മനസിനെയും ശരീരത്തിനെയും ഒരുപോലെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ആയോധന കലയില്ല. ഓരോ ദേശത്തും ഓരോ തരം യുദ്ധ സമ്പ്രദായങ്ങളാണുള്ളത്. ജപ്പാന്‍കാരുടെ കുങ്ഫു, കേരളത്തിന്റെ കളരിയറ്റ് തുടങ്ങിയവയെല്ലാം ഓരോ നാടിനും അവിടുത്തെ സംസ്‌കാരത്തിനും കാലാവസ്ഥക്കും അനുയോജ്യമായ തനത് ആയോധന ക്രമങ്ങളാണ്. ആയോധനകലകളില്‍ എന്തുകൊണ്ടും പ്രഥമ സ്ഥാനത്ത് തന്നെയാണ് കേരളത്തിന്റെ കളരിപ്പയറ്റ്.

മനസും ശരീരവും ഫിറ്റ്

കളരിപ്പയറ്റ് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. അഭ്യാസ പരിശീലന സമയത്തോ അല്ലാതെയോ ഉണ്ടാകുന്ന പരുക്കുകള്‍ക്കും മറ്റും തികച്ചും ശാസ്ത്രീയമായ ചികില്‍സാ രീതികളും കളരി പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തിന്റെ ജീവിതശൈലിയിലെ അലസതയും വ്യായാമമില്ലായ്മയും ശരീരത്തിന്റെ ഭൂരിഭാഗം കോശങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു. ചടുലമായ ചലനം കൊണ്ട് ശരീരവും മനസും ഉണര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനും ക്രമമായ ശ്വാസോച്ഛാസത്തിന്റെ ഫലമായി കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സാധിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ.

ജീവിത വിജയത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ കരുത്ത്, മാനസിക നിയന്ത്രണം, ചിന്തയിലും പ്രവൃത്തിയിലുമുള്ള വേഗത തുടങ്ങിയവയാണ് എല്ലാ ആയോധനകലകളുടെയും അടിസ്ഥാനം. ആയോധന കലകളുടെ അഭ്യാസത്തിലൂടെ ശാരീരികമായി ലഭിക്കുന്ന വേഗത മനസ് ഉദ്ദേശിക്കുന്ന വേഗത്തില്‍ ശരീരത്തെ എത്തിക്കാന്‍ സഹായിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ് പരമോ വ്യക്തിപരമോ ആയ ലക്ഷ്യങ്ങളിലേക്ക് നിങ്ങളെ കൂടുതല്‍ അടുിക്കാനുള്ള ശക്തിയും കളരിപ്പയറ്റിനുണ്ട്.

-Ad-

കളരിയറ്റിന്റെ ചിട്ടയായ പരിശീലനത്തിലൂടെ ഒരാള്‍ ശരീര നിയന്ത്രണവും അതിലൂടെ കര്‍മ്മജ്ഞാനേന്ദ്രിയങ്ങളുടെ നിയന്ത്രണവും അതിലൂടെ തീക്ഷ്ണമായ മസ്തിഷ്‌കവും ശക്തമായ മനസും നേടുന്നു. ഇതിലൂടെ ഉല്‍കൃഷ്ടമായ ജീവിതം നയിക്കാനും സാധിക്കുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാം

സാഹചര്യമനുസരിച്ച് പെരുമാറാനുള്ള കഴിവ്, ആത്മരക്ഷയ്ക്കുള്ള സാമര്‍ത്ഥ്യം, കരുത്ത്, ഉന്മേഷം,തുളുമ്പുന്ന ജീവിതം, സ്വഭാവ ശുദ്ധി, മനോനിയന്ത്രണം എന്നിവയൊക്കെ പ്രദാനം ചെയ്യാന്‍ കളരിയറ്റിന് സാധിക്കും. നീന്തല്‍ പരിശീലിച്ചവന് വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ എപ്രകാരം ഭയം ഉണ്ടാകുകയില്ലയോ അപ്രകാരം കളരിയറ്റ് പരിശീലിച്ചവന് ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ ഭയരഹിതമായി നേരിട്ട് മുന്നോട്ടുപോകാന്‍ സാധിക്കുന്നു. ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളുണ്ടാക്കുന്ന ടെന്‍ഷന്‍, മാനസിക പശ്‌നങ്ങള്‍, വിഷാദരോഗങ്ങള്‍ തുടങ്ങിയവക്ക് പരിഹാരം കാണാന്‍ കളരിപ്പയറ്റിന് സാധിക്കും. ഉന്മേഷം നല്‍കുന്ന സെറോട്ടോണില്‍, ബീറ്റാ എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇതിന് ശേഷിയുണ്ട്.

(ലേഖകന്‍:വിനീഷ് കെ.എം, കളരി പരിശീലകനും ആയോധന ചികിത്സകനുമാണ്)

LEAVE A REPLY

Please enter your comment!
Please enter your name here