പേടിക്കണം ഈ ചൂടിനെ, വേണം മുൻകരുതലുകൾ

കേരളത്തിൽ മുൻപെങ്ങുമില്ലാത്തവിധമാണ് ചൂട് കൂടിയിരിക്കുന്നത്. ഞായറാഴ്ച സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത് മൂന്നുപേരാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്കാണ് സൂര്യതാപമേറ്റത്. അടുത്ത രണ്ടു ദിവസങ്ങളിൽ മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ചൂടിനേയും സൂര്യാഘാതത്തെയും നേരിടേണ്ടതെങ്ങനെയാണെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് സൂര്യാഘാതം?

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യപ്രകാശം നേരിട്ട് കൊള്ളുന്നവർക്കാണ് കൂടുതലായും സൂര്യാഘാതമേൽക്കുന്നത്.

കൃഷിക്കാർ, നിർമ്മാണ തൊഴിലാളികൾ, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, മറ്റ് ഔട്ട്ഡോർ തൊഴിലുകളിൽ ഏർപ്പെടുന്നവർ എന്നിവർക്കാണ് സൂര്യാഘാതമേൽക്കാൻ ഏറ്റവുമധികം സാധ്യത.

സൂര്യാഘാത ലക്ഷണങ്ങൾ

  • ക്ഷീണം
  • തലവേദന
  • ബോധക്ഷയം
  • ശ്വസിക്കാൻ പ്രയാസം
  • മാനസിക പിരിമുറുക്കം
  • ചർമം വരണ്ടുപോവുക
  • ചുഴലി രോഗലക്ഷണങ്ങൾ
  • കൃഷ്ണമണി വികസിക്കുക
  • നേർത്ത വേഗതയിലുള്ള നാഡിമിടുപ്പ്
  • തൊലിപ്പുറത്ത് ചുവന്ന നിറവും വേദനയും
  • തൊലി പൊള്ളുകയും അടർന്നു പോവുകയും ചെയ്തേക്കാം

സൂര്യാഘാതമേറ്റാൽ

  • രോഗിയെ തണുത്ത സ്ഥലത്തേയ്ക്ക് മാറ്റുക
  • ചൂടുകുറക്കാൻ ഫാൻ ഉപയോഗിക്കുക
  • കാലുകൾ ഉയർത്തി വെക്കുക
  • വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക
  • ജാക്കറ്റുകൾ പോലുള്ളവ അഴിച്ചുമാറ്റുക
  • വെള്ളം, ദ്രവ രൂപത്തിലുള്ള ആഹാരം എന്നിവ നൽകുക
  • ഉടൻ വൈദ്യസഹായം തേടുക

സംരക്ഷണം നേടാൻ

  • ഉച്ചയ്ക്ക് 11 മണിമുതൽ 3 മണിവരെയുള്ള കഠിനമായ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
  • പുറംവാതിൽ ജോലിയിൽ ഏർപ്പെടുന്നവർ സമയം ക്രമീകരിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
  • കാപ്പി, മദ്യം, കൃത്രിമ ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക
  • അധികം ചൂടുള്ള ദിവസങ്ങളിൽ രണ്ടോ അതിലധികം തവണയോ കുളിക്കുക
  • സൂര്യാഘാതമേറ്റ വ്യക്തികൾ കുളിക്കുമ്പോൾ മൃദുവായ തുണിത്തരങ്ങളും സോപ്പും ഉപയോഗിക്കുക
  • ശരീരം പൂർണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാധ്വാനമുള്ള ജോലികൾ ഒഴിവാക്കുക
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതപ്പെടുത്തുക.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

Related Articles

Next Story

Videos

Share it