ഇരുന്നുള്ള ജോലിയാണോ; കലോറി കുറയ്ക്കാന്‍ ചെയ്യാം ലോ ഇംപാക്റ്റ് വര്‍ക്കൗട്ടുകള്‍

ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടുന്നു. വ്യായാമം ചെയ്യുക എന്നതാണ് ഇതിനൊരു പോംവഴി എങ്കിലും ഓഫീസ് ജോലികള്‍ക്ക് ശേഷം ആയാസമുള്ള വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് പലരുടെയും പരാതി. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ അധിക കലോറികള്‍ അകറ്റാന്‍ ലോ ഇംപാക്റ്റ് വ്യായാമങ്ങള്‍ക്കു കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്താണ് ഈ ലോ ഇന്റന്‍സിറ്റി വ്യായാമങ്ങള്‍ എന്നല്ലേ. പറയാം. ശരീരത്തിന് അധികം ആയാസമില്ലാതെ എന്നാല്‍ പേശികള്‍ക്ക് വേണ്ട വിധത്തിലുള്ള ആയാസം നല്‍കുന്ന വ്യായാമങ്ങളാണ് ലോ ഇംപാക്റ്റ് വ്യായാമങ്ങള്‍. ദിവസേന ചെയ്യാന്‍ കഴിയുന്നതും ചെയ്താല്‍ മികച്ച രീതിയില്‍ കലോറി ബേണിംഗ് ആയതുമായ നാല് വ്യായാമങ്ങള്‍ ചുവടെ:

യോഗ

യോഗ ഒരു വ്യായാമ മുറയല്ല, ഒരു ജീവിത രീതിയാണ്. എന്നാല്‍ പവര്‍ യോഗ എന്ന വിഭാഗത്തെ മികച്ച വ്യായാമമായിട്ടാണ് പലരും കാണുന്നത്. യോഗയിലൂടെ ജീവിതത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുന്നു എന്നു മാത്രമല്ല, പവര്‍ യോഗ ചെയ്യുന്നതിലൂടെ ഒരു മണിക്കൂറില്‍ 400 കലോറി വരെ കുറയ്ക്കാന്‍ കഴിയുന്നു എന്നതാണ് വലിയ ഗുണം. വിവിധ യോഗാസനങ്ങള്‍ നടു വേദന പോലെ ഇരുന്നു ജോലി ചെയ്യുന്നവരുടെ സ്ഥിരം ശാരീരിക പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നുമുണ്ട്.

സൂംബ

കലോറി ബേണിംഗ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവര്‍ക്ക് മികച്ച രീതിയില്‍ എന്‍ജോയ് ചെയ്ത് ചെയ്യാന്‍ കഴിയുന്ന വര്‍ക്കൗട്ട് ആണ് സൂംബ. അതില്‍ തന്നെ അക്വാ സൂമ്പ മികച്ച ഒരു കലോറി ബേണിംഗ് മാര്‍ഗമായി ഇന്ന് പലരും സ്വീകരിച്ചിട്ടുണ്ട്. ഫ്‌ളോര്‍ സൂംബയിലെ കാഠിന്യം ഇതിനില്ല എന്നതു മാത്രമല്ല എല്ലുകള്‍ക്കു ബല ക്ഷയമുള്ളവര്‍ക്കു പോലും വെള്ളത്തിലെ ഈ പുതിയ സൂംബ വ്യായാമ മുറ പരിശീലിക്കാം. 45 മിനിട്ടില്‍ 350 കലോറി ഇത്തരത്തില്‍ കുറയ്ക്കാവുന്നതാണ്.

റോവിംഗ് മെഷിന്‍ വര്‍ക്കൗട്ട്

ജിമ്മിലെ റോവിംഗ് മെഷിന്‍ വര്‍ക്കൗട്ട്, ആയാസം കുറച്ച് എന്നാല്‍ മികച്ച രീതിയില്‍ കലോറി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്താവുന്ന വര്‍ക്കൗട്ട് ആണ്. റോവിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഒരു ട്രെയിനറുടെ സഹായത്തോടെ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നു മാത്രം. ശരീരത്തിലെ അമിത കൊഴുപ്പ് നീക്കി ടോണ്‍ഡ് ആക്കാനും ഭാരം കുറയ്ക്കാനും മികച്ച മാര്‍ഗമാണിത്. 45 മിനിട്ട് ചെയ്താല്‍ 333 കലോറി കുറയ്ക്കുമെന്നതാണ് ഇതിന്റെ പ്രയോജനം.

നീന്തല്‍

നീന്താന്‍ അറിയുന്നവര്‍ ആഴ്ചയില്‍ മൂന്നു തവണ നീന്തിയാല്‍ മതിയെന്നതാണ് ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന എളുപ്പവഴി. നീന്തുന്നവര്‍ക്ക് സ്‌ട്രെസ് കുറയുന്നുവെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല ലക്ഷ്യബോധം വര്‍ധിപ്പിക്കാനും നീന്തല്‍ സഹായിക്കുന്നു. കുറച്ചു സമയമെടുത്തുള്ള സ്വിമ്മിംഗ് ആണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് സമയ ദൈര്‍ഘ്യം കൂട്ടാം. 45 മിനിട്ടില്‍ 330 കലോറി വരെ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന് യുവത്വം നല്‍കാനും നീന്തല്‍ നല്ലതാണ്. ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തുന്നു എന്നതിനാലാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it