ഉപ്പിലും പ്ലാസ്റ്റിക്! കണ്ടെത്തിയത് ഐഐറ്റി ബോംബെ

കഴിക്കുന്ന ഉപ്പിനെപ്പോലും ഇനി വിശ്വസിക്കാനാകില്ല. രാജ്യത്തെ ചില ബ്രാന്‍ഡഡ് ഉപ്പ് പായ്ക്കറ്റുകളില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തിയെന്ന ആശങ്കയുണര്‍ത്തുന്ന പഠനമാണ് ഐഐറ്റി ബോംബെ പുറത്തുവിട്ടിരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക് എന്നാല്‍ പ്ലാസ്റ്റിക്കിന്‍റെ അഞ്ചു മില്ലീമിറ്റര്‍ വലുപ്പത്തില്‍ താഴെയുള്ള തരികളാണ്. കടലില്‍ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അനന്തരഫലമാണ് ഇത്.

117 മൈക്രോഗ്രാം (0.117 മില്ലിഗ്രാം) മൈക്രോപ്ലാസ്റ്റിക് ആണ് ദിവസം അഞ്ചുഗ്രാം ഉപ്പ് കഴിക്കുന്ന ഒരു ശരാശരി മനുഷ്യന്‍റെ ഉള്ളില്‍ ഓരോ വര്‍ഷവും എത്തുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുടെ രണ്ടംഗ സംഘം നടത്തിയ പഠനത്തില്‍ സാമ്പിളുകളില്‍ 626 മൈക്രോപ്ലാസ്റ്റിക് തരികളാണ് കണ്ടെത്തിയത്. ഒരു കിലോ ഉപ്പിന്‍റെ സാമ്പിളില്‍ മൈക്രോപ്ലാസ്റ്റിക്കില്‍ 63 ശതമാനം തരികളുടെ രൂപത്തിലും 37 ശതമാനം ഫൈബര്‍ രൂപത്തിലുമാണ് കണ്ടെത്തിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഗാര്‍ഹികാവശ്യത്തിനും വ്യാവസായികാവശ്യത്തിനുമാണ് ഉപ്പ് ഉല്‍പ്പാദനം.

മല്‍സ്യം അടങ്ങുന്ന കടല്‍ വിഭവങ്ങളില്‍ വ്യാപകമായി മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു. മൈക്രോപ്ലാസ്റ്റിക് ഭക്ഷ്യശൃംഖലയിലേക്ക് കടക്കുന്ന സാഹചര്യത്തെ അതീവഗുരുതരമായി കാണേണ്ടിയിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it