വ്യായാമം ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല; അശ്രദ്ധമായി ചെയ്യുന്ന ഈ കാര്യങ്ങള്‍ ഒഴിവാക്കണം

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് നല്ല ഭക്ഷണം, ഉറക്കം ഒപ്പം നല്ല വ്യായാമവും വേണമെന്നതാണല്ലോ വാസ്തവം. എന്നാല്‍ ആനുപാതികമായി ചെയ്യേണ്ട ഇവ തമ്മില്‍ പലപ്പോഴും ചേരാതെ വരുമ്പോഴാണ് പലര്‍ക്കും ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ പിടികൂടുന്നത്. ആരോഗ്യ സംരക്ഷണത്തിനായി സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ ചിലപ്പോഴെങ്കിലും അബദ്ധങ്ങള്‍ മൂലം നിലവിലുള്ള ആരോഗ്യം കൂടി നശിപ്പിക്കാറുണ്ട്. വ്യായാമത്തിലും അതിനുശേഷവും അശ്രദ്ധമായി ചെയ്യുന്ന ഈ കാര്യങ്ങള്‍ മതി ആരോഗ്യസംരക്ഷണത്തിനായി കഷ്ടപ്പെട്ട് ചെയ്യുന്ന കാര്യങ്ങള്‍ വിപരീത ഫലം ചെയ്യാന്‍…

വ്യായാമത്തില്‍ പൊതുവായി വരുത്താറുള്ള തെറ്റുകളാണ് ഇവിടെ പറയുന്നത്.

വ്യായാമത്തിനിടയില്‍ പെട്ടന്ന് വിശ്രമിക്കുന്നത്

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം വളരെ കൂടുതലായിരിക്കും. ആ സമയത്ത് വളരെ പെട്ടന്ന് വിശ്രമിക്കുന്നത് ശരീരത്തിന്റെ സ്വഭാവിക പ്രക്രിയക്ക് തടസമുണ്ടാക്കും. അത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ അതിന്റെ വേഗത കുറച്ച് കൊണ്ടുവന്നതിന് ശേഷം മാത്രം സാവധാനം നിര്‍ത്തുക. അതേപോലെ എ സി ഇല്ലാതെ സാധാരണ ഊഷ്മാവില്‍ വ്യായാമം ചെയ്ത് പിന്നീട് പെട്ടെന്ന് തന്നെ വിയര്‍പ്പോട് കൂടി എ സി ഉപയോഗിക്കുന്നതും ശരീരത്തിന് നന്നല്ല.

വ്യായാമം ചെയ്ത വസ്ത്രം ഏറെ സമയം ധരിക്കുന്നത്

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഒട്ടേറെ വിയര്‍പ്പ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ വിയര്‍പ്പോടെ അധിക സമയം നില്‍ക്കുന്നതോ, വ്യായാമം ചെയ്യാന്‍ ഉപയോഗിച്ച വസ്ത്രം അധിക നേരം ശരീരത്തില്‍ കിടക്കുന്നതോ ഒഴിവാക്കണം. ഈ വസ്ത്രം ഏറെ സമയം ധരിച്ചാല്‍ അത് ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കും.

അമിതമായി വ്യായാമം ചെയ്യുന്നത്

വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നതില്‍ സംശയമില്ല. എന്നാല്‍ നല്ല ആരോഗ്യമുണ്ടെന്ന് കരുതി ക്രമമില്ലാതെ, അമിതമായി അധ്വാനിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. ഇത്തരത്തില്‍ അമിത അധ്വാനം മസിലുകളുടെ ക്ഷതത്തിന് കാരണമായേക്കാം. അത്‌പോലെ തന്നെ ഒരേ സമയം അധികം വ്യായാമം ചെയ്യുകയും അധിക നാളിലേക്ക് അവ നിര്‍ത്തി വയ്ക്കുന്നതും ദോഷം ചെയ്യും. കൃത്യമായ വ്യായാമങ്ങള്‍, കൃത്യമായ ഇടവേളകളില്‍ ചെയ്യുകയാണ് വേണ്ടത്.

അസുഖമുള്ള സമയത്ത് കഠിന വ്യായാമം ചെയ്യുന്നത്

എന്തെങ്കിലും അസുഖമോ ശാരീരികാസ്വാസ്ഥ്യങ്ങളോ ഉള്ളപ്പോള്‍ കഠിനമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന് തെറ്റായ ഫലമാകും നല്‍കുക. ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെയ്യുക. അത്‌പോലെ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചില വ്യായാമമുറകള്‍ ദോഷമായി ബാധിക്കും. അതിനാല്‍ ഇവര്‍ക്ക് അനുയോജ്യമായവ ഒരു ഫിസിക്കൽ ട്രെയിനറോട് ചെദിച്ച് മാത്രം തെരഞ്ഞെടുക്കുക.

പഴയ വ്യായാമം മാറ്റാതെ തുടരുന്നത്

ശരീരത്തിന്റെ ആരോഗ്യ നില എപ്പോഴും ഒരേ പോലെ തുടരില്ല. അത് കൊണ്ട് തന്നെ അസുഖങ്ങളോ ശരീരത്തിലെ മാറ്റങ്ങളോ പരിഗണിക്കാതെ പണ്ട് ചെയ്തിരുന്ന വ്യായാമങ്ങള്‍ പിന്തുടരുത്. അത് പോലെ എല്ലാവരും നടക്കുന്നു, ഓടുന്നു എന്നോര്‍ത്ത് നിങ്ങളും അവ പിന്തുടരുത്. എപ്പോഴും ശാരീരികാവസ്ഥകള്‍ പരിഗണിച്ച് വിദഗ്ധ നിര്‍ദേശത്തോടെ വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it