മൊബൈല്‍ ഫോണിനെ ഒരു മാത്ര പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത സ്ഥിതിയായോ?

സ്വന്തം ശരീരത്തിലെ അവയവം പോലെ മൊബൈല്‍ ഫോണിനെ കണക്കാക്കുന്നവരുടെ എണ്ണം മിക്ക രാജ്യങ്ങളിലും കൂടിവരുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്. 'നോമോ ഫോബിയ' എന്നറിയപ്പെടുന്ന ഈ അവസ്ഥാ വിശേഷത്തിന്റെ അടിമത്തം ഏറ്റവുമധികമുള്ള രാജ്യം ഓസ്ട്രേലിയയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്‌ട്രേലിയക്കാര്‍ക്ക് കിടക്കകളില്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ പറ്റില്ല. പ്രതിദിനം 2617 തവണ ഓസ്‌ട്രേലിയക്കാര്‍ സെല്‍ഫോണുകളില്‍ എന്തെങ്കിലും കാര്യത്തിനു സ്പര്‍ശിക്കുന്നതായി ഹുവാവേ നടത്തിയ സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

'നോ മൊബൈല്‍ ഫോബിയ' എന്നതിന്റെ ചുരുക്കപ്പേരാണ് നോമോഫോബിയ. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പ്രായഭേദമില്ലാതെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ഇത്തരക്കാര്‍ സ്വന്തം ഫോണ്‍ സ്വല്‍പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോള്‍ വല്ലാതെ അസ്വസ്ഥരാവാറുണ്ട്. ഫോണ്‍ കയ്യിലില്ലെന്ന ചിന്ത പോലും അവരില്‍ ഉത്ക്കണ്ഠ വര്‍ധിപ്പിക്കും. ബാംഗ്ലൂരിലെയും നാഗ്പൂരിലെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലെ പഠനങ്ങളില്‍ക്കണ്ടത്, രണ്ടിടത്തും നാല്‍പതു ശതമാനത്തോളം പേരെ നോമോഫോബിയ പിടികൂടിയിട്ടുണ്ടെന്നായിരുന്നു.

സ്മാര്‍ട്ട് ഫോണുകള്‍ വ്യക്തിപരമായ ഓര്‍മകളെ ഉണര്‍ത്തുന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ വ്യക്തിത്വത്തെ സ്മാര്‍ട്ട് ഫോണിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ തന്നെ ഭാഗമായി കാണുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അതിനോട് അടുപ്പമുണ്ടാവുന്നു. ആപ്പുകളും സൗകര്യങ്ങളും കൂടുന്തോറും ഇതിനോടുള്ള ആശ്രിതത്വവും കൂടുന്നു. സ്മാര്‍ട്ട് ഫോണിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു.സ്മാര്‍ട്ട് ഫോണിനെ തങ്ങളുടെ ശരീരത്തിന്റെ ഭാഗമായി കാണുന്നവര്‍ ഇതിനോടു കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ അടുത്തില്ലെങ്കില്‍ അതു നോമോഫോബിയയിലേക്കു നയിക്കുന്നുവെന്ന് ഹോങ്കോങ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

ഒരു കാരണവുമില്ലെങ്കിലും ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കുക, ഉറക്കത്തിനിടെ പാതിരായ്‌ക്കെഴുന്നേറ്റും ഫോണ്‍ നോക്കുക തുടങ്ങിയവയാണ് നോമോഫോബിയയുടെ ലക്ഷണങ്ങള്‍. മനുഷ്യരുമായി ഇടപഴകുന്നതിനേക്കാള്‍ ഫോണില്‍ സമയം ചെലവഴിക്കുക, ഫോണ്‍ ഉപയോഗത്താല്‍ പഠനമോ ജോലിയോ ഒക്കെ താറുമാറാവുക എന്നിവ ഫോണ്‍ അഡിക്ഷനായി മാറുന്നതിന്റെ ലക്ഷണങ്ങളാണ്. ഫോണിലൂടെയല്ലാതുള്ള ആശയവിനിമയത്തിന് പ്രാപ്തിക്കുറവുള്ളവരെ ഇതു കൂടുതലായി ബാധിക്കാം.

ചിന്താഗതികളിലെ എന്തൊക്കെ കാര്യങ്ങളാണ് ഫോണ്‍ അഡിക്ഷനിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കുകയാണ് ഇത് മറികടക്കാനുള്ള മാര്‍ഗ്ഗം. സ്വഭാവത്തെ സ്വാധീനിക്കുന്ന ചിന്തകളെയും വികാരങ്ങളെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം സ്വന്തമാകാന്‍ രോഗികളെ സഹായിക്കുന്ന സൈക്കോതെറാപ്പിക് ചികിത്സയായ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി.ബി.ടി) ഇത്തരക്കാരില്‍ ഫലപ്രദമാകാറുണ്ട്. ഇതിനായി മനശ്ശാസ്ത്ര വിദഗ്ധര്‍ അടക്കമുള്ളവരുടെ സഹായം തേടാവുന്നതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it