ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി: പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ വിരല്‍ തുമ്പില്‍
ഓരോ പൗരന്റെയും ആരോഗ്യസംബന്ധമായ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ ഡിജിറ്റല്‍ ഐ.ഡി കാര്‍ഡിനെ കേന്ദ്രീകരിച്ചുള്ള ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി. പദ്ധതി ആദ്യം നടപ്പാക്കുന്ന ചുരുക്കം സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുമെന്നുറപ്പായി. തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന എന്നിവയുടെ കാര്യത്തിലും തീരുമാനമായി.
വ്യക്തിഗത വിവരങ്ങള്‍ ഉള്ള ആരോഗ്യ ഐഡികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റല്‍വത്കരണം, ഡോക്ടര്‍മാരുടെ രജിസ്ട്രി, രാജ്യത്തെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാകും. സേവനം ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരതിന്റെ (പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന) ഭാഗമായി ആയിരിക്കും ഇത് അവതരിപ്പിക്കുക.
എന്‍ഡിഎച്ച്എം പദ്ധതിക്കായി 470 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. വേണ്ടവര്‍ക്ക് തങ്ങളുടെ ഹെല്‍ത് ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരവും നല്‍കും. ഇത് രാജ്യമെമ്പാടുമുള്ള ആശുപത്രികളിലും ലാബുകളിലും എല്ലാം ഉപയോഗിക്കാം.ശൃംഖലയിലെ ഡാറ്റ കുറച്ചു സമയത്തേക്ക് വ്യക്തിയുടെ അനുമതിയോടെ ഡോക്ടര്‍മാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയും.
ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് ഈ ഉദ്യമം വിലകല്‍പിക്കുന്നുണ്ടെന്നും വ്യക്തികളുടെ സമ്മതമില്ലാതെ ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. എന്‍ഡിഎച്ച്എം നടപ്പാക്കുന്നത്
യു.എന്‍ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ സേവന വിതരണത്തിന്റെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍എച്ച്എ) ചീഫ് എക്‌സിക്യൂട്ടീവ് ഇന്ദു ഭൂഷണ്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline