പ്രമേഹമരുന്നിന് അമിതവില ; നോട്ടീസുമായി എന്‍പിപിഎ

വിലനിയന്ത്രണത്തിലുള്ള പ്രമേഹമരുന്നിന്റെ പരിഷ്‌കരിച്ച പതിപ്പ് മുന്‍കൂര്‍ അനുമതിയില്ലാതെ വിപണിയിലിറക്കിയതിന് അഞ്ച് പ്രമുഖ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ദേശീയ ഔഷധ വില നിയന്ത്രണ സമിതിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഗ്ലെന്‍മാര്‍ക്ക്, ലുപിന്‍, സണ്‍ ഫാര്‍മ, അബോട്ട്, ബോഹറിംഗര്‍ ഇംഗല്‍ഹൈം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. പുതിയ പ്രമേഹമരുന്ന് വിപണിയിലിറക്കും മുമ്പ് അനുമതിക്ക് അപേക്ഷിച്ചില്ലെന്നാണ് ആരോപണം.അതുകൊണ്ടുതന്നെ നിയന്ത്രിത വിലയെക്കാള്‍ കൂടുതല്‍ വില നിശ്ചയിച്ച് മരുന്ന് വില്‍ക്കാനെത്തിച്ചത് നിയമവിരുദ്ധമാണെന്നാണ് അധികൃതരുടെ വാദം.

തദ്ദേശീയ ഗവേഷണത്തിലൂടെ കണ്ടെത്തുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന മരുന്നുകള്‍ വിലനിയന്ത്രണത്തിലുള്ള വിഭാഗത്തില്‍പ്പെടുന്നതാണ്. ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് സ്വതന്ത്രമായി വില നിര്‍ണയിക്കാന്‍ അവകാശം നല്‍കുന്ന വ്യവസ്ഥ നിയമത്തിലുണ്ട്. ഈ ഇളവ് ലഭിക്കുന്നതിന്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഇന്ത്യ) യില്‍ നിന്ന് മുന്‍കൂട്ടി അംഗീകാരം നേടണം.

എത്രയുംവേഗം രേഖകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ഇത്തരത്തില്‍ രേഖകള്‍ ഹാജരാക്കാനാകാത്തപക്ഷം അമിതവിലയീടാക്കല്‍ നിയമ പ്രകാരമുള്ള നടപടിക്കാണു നീക്കം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമായ കാരണങ്ങള്‍ ബോധ്യപ്പെടുത്തുമെന്നുമാണ് കമ്പനികളുടെ പക്ഷം.

1979ല്‍ നടപ്പാക്കിയ ഔഷധവിലനിയന്ത്രണ നിയമപ്രകാരം 347 അവശ്യമരുന്നിന്റെ വില നിയന്ത്രണ വിധേയമാക്കിയിരുന്നു.പക്ഷേ, വില നിയന്ത്രിക്കപ്പട്ട മരുന്നുകളുടെ എണ്ണം ഔഷധക്കമ്പനികളുടെ സമ്മര്‍ദത്തിനുവഴങ്ങി ഘട്ടംഘട്ടമായി കുറച്ചതോടെ ഔഷധവില കുതിച്ചുയരുകയാണിപ്പോള്‍. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ 347 ല്‍നിന്ന് 142 ആയും 74 ആയും ഘട്ടംഘട്ടമായി പരിമിതപ്പെടുത്തി. ഇതോടെ വിലനിയന്ത്രിക്കപ്പെട്ട മരുന്നുകള്‍ ഔഷധമാര്‍ക്കറ്റിന്റെ കേവലം 25--30 ശതമാനമായി കുറഞ്ഞു. വിലനിയന്ത്രിക്കപ്പെട്ടതായി കരുതപ്പെടുന്ന 74 മരുന്നില്‍ കേവലം 30 മരുന്ന് മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സ്വാഭാവികമായും ഔഷധവിലനിയന്ത്രണം ഫലത്തില്‍ അപ്രസക്തമായിരിക്കുകയാണ്.

ഈയിടെ ഒരു ലേഖനത്തില്‍പ്രശസ്ത ഭിഷഗ്വരനായ ഡോ. ബി. ഇക്ബാല്‍ ചൂണ്ടിക്കാട്ടിയത് വളരെ വിചിത്രമായൊരു ഔഷധ വിലനിയന്ത്രണ രീതിയാണ് 2013ല്‍ പ്രഖ്യാപിക്കപ്പെട്ടതെന്നാണ്. ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാവശ്യമായ ചെലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്നത് ഉപേക്ഷിച്ച് പകരം മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്ന പുതിയ രീതി സര്‍ക്കാര്‍ സ്വീകരിച്ചു. ഇതനുസരിച്ച് ഒരു ശതമാനത്തിലേറെ മാര്‍ക്കറ്റ് പങ്കാളിത്തമുള്ള മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിക്കപ്പെട്ടു. ഔഷധനിര്‍മാണച്ചെലവ് മരുന്ന് കമ്പനികള്‍ പെരുപ്പിച്ചുകാട്ടുന്നത് തടഞ്ഞ്, ഔഷധവില കുറയുന്നതിന് പുതിയ നയം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. നിരവധി അവശ്യമരുന്നുകളുടെ ഉയര്‍ന്ന വില ചെലവിന്റെ അടിസ്ഥാനത്തിലുള്ളതിന്റെ പതിന്മടങ്ങ് കൂടുതലായിരുന്നു. ഫലത്തില്‍ പുതിയ നയം ഔഷധവില വീണ്ടും വര്‍ധിക്കുന്നതിന് കാരണമായി.

ഔഷധവില അമിതമായി ഉയരാതെ പിടിച്ചുനിര്‍ത്തുന്നതില്‍ പൊതുമേഖലാ ഔഷധക്കമ്പനികള്‍ വലിയ പങ്കുവഹിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുന്നതിന്റെ ഫലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുവന്നിരുന്ന ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്, ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. പുതുതായി പേറ്റന്റ് ചെയ്ത മരുന്നുകള്‍ ഒരു കമ്പനിമാത്രം ഉല്‍പ്പാദിപ്പിക്കുന്ന കുത്തക മരുന്നുകളാണെന്നതുകൊണ്ട് അവയുടെ വില നിയന്ത്രിക്കാന്‍ വിലനിയന്ത്രണ അതോറിറ്റിക്കാകുന്നില്ല. ഇത്തരം സാഹചര്യത്തില്‍ പേറ്റന്റ് നിയമത്തിലുള്ള നിര്‍ബന്ധിത ലൈസന്‍സ് അധികാരം പ്രയോഗിച്ച് കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള കമ്പനികള്‍ക്ക് അതിന് അവകാശം നല്‍കുക മാത്രമാണ് പോംവഴി.

എന്നാല്‍, ബേയര്‍ എന്ന ജര്‍മന്‍ കമ്പനിയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നായ നെക്സാവര്‍ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള സെറാബിനേറ്റ് ടോസിലേറ്റ് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ 2013ല്‍ ഇന്ത്യന്‍ കമ്പനികളെ അനുവദിച്ച ഒരു സംഭവം മാത്രമാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ഇതിന്റെ ഫലമായി ഒരു മാസത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തി എണ്‍പതിനായിരം രൂപ ആവശ്യമുണ്ടായിരുന്ന ഈ മരുന്ന് ഇപ്പോള്‍ കേവലം 6600 രൂപയ്ക്ക് ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിച്ച് മാര്‍ക്കറ്റ് ചെയ്തുവരുന്നുണ്ട്. എന്നാല്‍, തുടര്‍ന്ന് അപേക്ഷ ലഭിച്ച മരുന്നുകള്‍ക്കൊന്നും നിര്‍ബന്ധിത ലൈസന്‍സ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പൊതുമേഖലാ ഔഷധക്കമ്പനികള്‍ വഴി പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടും ചെലവടിസ്ഥാന മരുന്നുവില നിശ്ചയിക്കല്‍ പുനഃസ്ഥാപിച്ചുകൊണ്ടും അമിതവിലയ്ക്കുള്ള പേറ്റന്റ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് പ്രയോഗിച്ച് അതിനധികാരം നല്‍കിക്കൊണ്ടുമുള്ള ഔഷധനയമാണ് രാജ്യം നടപ്പാക്കേണ്ടതെന്ന് ഡോ. ഇക്ബാലിനെപ്പോലുള്ള ജനകീയ ഡോക്ടര്‍മാര്‍ പറയുന്നു.

മരുന്ന് കമ്പനികള്‍ ഔഷധ ഉല്‍പ്പാദനച്ചെലവ് അമിതമായി കാട്ടി ഔഷധവില വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെട്ട് കമ്പോളാടിസ്ഥാനത്തിലുള്ള വിനാശകരമായ ഔഷധവില നിശ്ചയിക്കല്‍ പിന്തുടരുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോള്‍ ഉല്‍പ്പാദനച്ചെലവ് കൂടുതലാണെന്ന മരുന്ന് കമ്പനികളുടെ വാക്ക് വിശ്വസിച്ച് അവശ്യമരുന്നുകളുടെ വില വര്‍ധിപ്പിച്ചതിനെച്ചൊല്ലി പ്രതിഷേധം ഉയരുന്നതിനിടെയാണ് അഞ്ച് പ്രമുഖ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് എന്‍പിപിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it