'പെയിന്‍ ബാമി'ല്‍ തീരില്ല കഴുത്ത് വേദനകളെല്ലാം

യുവ തലമുറയിലെ അധ്വാന ശീലമുളവര്‍ നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകള്‍ പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നെങ്കില്‍ ഇന്ന് കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു.

വിവിധ തൊഴില്‍ രീതികളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാന്‍ കാരണമാകുന്നു.തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, കൈകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്.

ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ് പലരിലും കഴുത്ത് വേദന കൂടുതലായി അനുഭവപ്പെടുന്നത്. വലിയ തലയണ ഉപയോഗിക്കുന്നവരിലും ഇത്തരം വേദന സാധാരണം. എന്തുകൊണ്ടാണ് ഈ വേദന ഉണ്ടാകുന്നതെന്നന്വേഷിക്കാതെ കയ്യില്‍ കിട്ടുന്ന ഏതെങ്കിലും പെയിന്‍ ബാം പുരട്ടി തല്‍ക്കാലത്തേക്ക് വേദനയ്ക്ക് ആശ്വാസം കണ്ടെത്തുക എന്നതാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പക്ഷേ, ഈ എളുപ്പവഴികള്‍ സഫലമാകണമെന്നില്ല. സ്ഥായിയായ പരിഹര മാര്‍ഗ്ഗങ്ങളാണ് മിക്കപ്പോഴും ആവശ്യം:

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങള്‍ നല്‍കാം.

ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക. വളഞ്ഞ് ഇരിക്കാന്‍ സാധ്യതയുള്ള കസേരയിലാണ് ഇരിക്കുന്നത് എങ്കില്‍ പുറം ഭാഗത്ത് സപ്പോര്‍ട്ട് നല്‍കാന്‍ കുഷ്യന്‍ ഉപയോഗിക്കാവുന്നതാണ്.

ഉറങ്ങാന്‍ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവര്‍ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോള്‍ താഴ്ന്നു പോകുന്ന കിടക്കകളും ഒഴിവാക്കണം.

കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.

മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ തല ഒരു പ്രത്യേക വശത്തേക്ക് ചെരിച്ച് പിടിക്കരുത്. തല നിവര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കണ്ണുകള്‍ സ്‌ക്രീനിന്റെ നേരെ വരത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുക. അതല്ലെങ്കില്‍, ഇരിപ്പിടത്തിനനുസരിച്ച് മോണിറ്ററിന്റെ ഉയരം ക്രമീകരിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it