ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് പരിശോധനാ കിറ്റ് വികസിപ്പിച്ചത് വനിതയുടെ നേതൃത്വത്തിലുള്ള പൂനെ സംഘം

കൊറോണ വൈറസ് പരിശോധനയ്ക്ക് ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച അംഗീകൃത കിറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വികസിപ്പിച്ചെടുത്തത് വനിതയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം. പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കവേ വിശ്രമമെന്യേ പണിയെടുത്ത് കിറ്റ് യാഥാര്‍ത്ഥ്യമാക്കിയ പൂനെയിലെ ബയോടെക് കമ്പനിയായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ഗവേഷണ വികസന മേധാവി മിനാല്‍ ദഖാവേ ഭോസാലെയെ ബിബിസി പ്രത്യേക പരിപാടിയിലൂടെ ലോകത്തിനു പരിചയപ്പെടുത്തി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്വകാര്യ ലാബുകള്‍ക്ക് കൊറോണ വൈറസ് പരീക്ഷിക്കാന്‍ അനുമതി നല്‍കി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സിന് പൂനെ, മുംബൈ, ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ 150 ഡയഗ്‌നോസ്റ്റിക് സെന്ററുകളിലേക്ക് കിറ്റുകള്‍ അയക്കാന്‍ കഴിഞ്ഞു. കിറ്റുകള്‍ റെക്കോര്‍ഡ് സമയത്തിലാണ് രൂപകല്‍പ്പന ചെയ്തതെന്നും സാധാരണയായി വേണ്ടിവരുന്ന 3- 4 മാസത്തിന് പകരം വെറും ആറ് ആഴ്ചയ്ക്കകം ജോലി തീര്‍ക്കാനായെന്നും ഭോസാലെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എഫ്ഡിഎ), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌കോ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയില്‍ നിന്ന് വാണിജ്യ അനുമതി നേടിയ കൊറോണ വൈറസ് പരിശോധനാ കിറ്റ് ആണിത്. പ്രസവിക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് എഫ്ഡിഎയ്ക്കും സിഡിഎസ്‌കോയ്ക്കും ഭോസാലെ കിറ്റിനുള്ള അംഗീകാര അപേക്ഷ ഒപ്പിട്ടു നല്‍കിയത്.'രാജ്യത്തിനായുള്ള കഠിനാധ്വാനം ഫലം കണ്ടു. ഒരേ സാമ്പിളില്‍ 10 ടെസ്റ്റുകള്‍ നടത്തി എല്ലാ 10 ഫലങ്ങളും ഒന്നാകണം...എങ്കിലേ അംഗീകാരം ലഭിക്കൂ. ഞങ്ങളുടെ കിറ്റ് നൂറു ശതമാനം മികവു തെളിയിച്ചു.'

കോവിഡ് -19 കണ്ടെത്താന്‍ ഇന്ത്യ വേണ്ടത്ര ആളുകളെ പരിശോധിക്കുന്നില്ലെന്ന വിമര്‍ശനത്തെത്തുടര്‍ന്നാണ് സ്വകാര്യ ലബോറട്ടറികളെയും അനുവദിക്കാനുള്ള തീരുമാനമുണ്ടായത്.നിലവില്‍ ഓരോ ദശലക്ഷം ആളുകള്‍ക്കും 6.8 ടെസ്റ്റുകള്‍ മാത്രമേ രാജ്യത്ത് നടത്തുന്നുള്ളൂ, ലോകത്തിലെ ഏറ്റവും കുറഞ്ഞ പരീക്ഷണ നിരക്കാണിപ്പോള്‍ ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it