രാത്രി നേരത്തെ ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് രാവിലെ ഉണരാനും കഴിയുന്നില്ലേ; ഇവയാണ് പോംവഴികള്‍

രാവിലെ ഒമ്പത് മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ഈ രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍, ജീവിതവിജയത്തിന്റെ കാര്യത്തില്‍ മാര്‍ക്ക് ലഭിക്കുക അതിരാവിലെ എഴുന്നേല്‍ക്കുന്ന ആള്‍ക്കായിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടുമുറങ്ങും. രാത്രി നേരത്തെ ഉറങ്ങണമെന്ന് തീരുമാനം എടുത്ത് അത് പരാജയപ്പെട്ട് ഏറെ വൈകി ഉറങ്ങുന്നവരാണ് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ പരാജയപ്പെടുന്നവരില്‍ അധികവും. അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക എന്നതാണ് മികച്ച പോംവഴി. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.

ഇതാ നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും സഹായിക്കുന്ന ചില കാര്യങ്ങള്‍.

  • ആവശ്യത്തിന് ദഹനമുള്ള ഭക്ഷണം, വെള്ളം എന്നിവയുടെ ശരിയായ അനുപാതം അത്താഴത്തിനുണ്ടായിരിക്കണം. പാതിവയര്‍ ഭക്ഷണം,കാല്‍ ഭാഗം വെള്ളം, ബാക്കി വയര്‍ വെറുതെ ഇടണം എന്നതാണ് ഇതിലെ സിംപിള്‍ തത്വം. വയര്‍ നിറയെ കഴിച്ച് ഉറങ്ങാന്‍ കിടക്കരുത്.

  • എല്ലാ ദിവസവും ഒരേസമയം ഉറങ്ങാന്‍ ശ്രമിച്ചാല്‍ എല്ലാ ദിവസവും ഒരേസമയം രാവിലെ തന്നെ ഫ്രഷായി ഉണരാനും കഴിയും.

  • ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. അത് പോലെ 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ശീലമാക്കുകയും ചെയ്യും.

  • അമിതവണ്ണം ഉള്ളവരില്‍ നടത്തിയ സര്‍വേകളില്‍ രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഉണരുന്നവരുമാണ് കൂടുതലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിന്റെ അപചയപ്രക്രിയകളുടെ താളം തെറ്റുന്നത് തടി വര്‍ദ്ധിയ്ക്കുവാന്‍ ഇട വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മിതമായ ഭക്ഷണം കഴിച്ച് രാത്രി നേരത്തെ ഉറങ്ങണം.

  • വായനയിലൂടെ ഉറക്കം മികച്ചതാക്കാനും നേരത്തെ ഉറക്കം ലഭിക്കാനും ശ്രമിക്കാം.

  • കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കുന്നതു മികച്ചരീതിയില്‍ ഉറങ്ങാനും രാവിലെ ക്ഷീണമില്ലാതെ ഉണരാനും സഹായിക്കും.

  • ഉറങ്ങാനും ഉണരാനും വെളിച്ചം പ്രധാന ഘടകമായതിനാല്‍ രാത്രി അധികം ബ്രൈറ്റ് അല്ലാത്ത പ്രകാശവും രാവിലെ പുറത്തെ വെളിച്ചം മുറികളില്‍ പ്രവേശിക്കുന്നതുപോലെയും ക്രമീകരിക്കുക.
  • നല്ല ഉറക്കം ലഭിക്കാന്‍ മെഡിറ്റേഷന്‍ പരിശീലിക്കാം.
  • ഇവയൊന്നും ഉറക്കം ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം.

Related Articles

Next Story

Videos

Share it