ലോകത്ത് ഭക്ഷ്യക്ഷാമം ക്രമമായി ഉയരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്

മനുഷ്യന്റെ ശരാശരി ഉയരവും അതിനനുസൃതമായി ബോഡി മാസ് ഇന്‍ഡെക്‌സും (ബിഎംഐ) വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഭക്ഷണം കൂടുതലായി കഴിക്കേണ്ടിവരുമെന്നും ഭക്ഷ്യലഭ്യതയെ ബാധിക്കാന്‍ അതിടയാക്കുമെന്നും പഠനം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ഭക്ഷ്യ ഉപഭോഗം 80 ശതമാനം ഉയരുമെന്നും പഠനത്തില്‍ തെളിഞ്ഞു.

2010 -നും 2100 -നും ഇടയില്‍ കലോറി ഉപഭോഗം എങ്ങനെ മാറുമെന്ന് അറിയാനായി നെതര്‍ലാന്‍ഡ്‌സിലെ ഗോട്ടിംഗെന്‍ സര്‍വകലാശാലാ ബിസിനസ് ആന്റ് ഇക്കണോമിക്‌സ് ഫാക്കല്‍റ്റിയില്‍ നിന്നുള്ള ഡെവലപ്‌മെന്റ് ഇക്കണോമിസ്റ്റ് പ്രൊഫസര്‍ സ്റ്റീഫന്‍ ക്ലാസനും അദ്ദേഹത്തിന്റെ ഡോക്ടറല്‍ വിദ്യാര്‍ത്ഥി ലൂത്സ് ഡെപെന്‍ബുഷും രൂപകല്‍പ്പന ചെയ്തതായിരുന്നു ഈ പഠനം.മിക്ക രാജ്യങ്ങളിലും ശരാശരി ശരീര ഉയരവും ശരീര വലുപ്പവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന ഭാരം നിലനിര്‍ത്താന്‍ കൂടുതല്‍ കഴിക്കേണ്ടതുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ ലോകത്തില്‍ ജനസംഖ്യാവര്‍ദ്ധനവ് ഉണ്ടെങ്കിലും ഭക്ഷ്യലഭ്യതയെ ബാധിക്കുന്ന തരത്തില്‍ അത് വളര്‍ന്നിട്ടില്ല. എന്നിരുന്നാലും 2016 -ലെ യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 815 ദശലക്ഷം ആളുകളാണ് ലോകത്ത് പട്ടിണികിടക്കുന്നതായി കണ്ടെത്തിയത്. അതായത് ആഗോള ജനസംഖ്യയുടെ ഏകദേശം 11 ശതമാനത്തോളം. ജനസംഖ്യാപ്പെരുപ്പം ഇങ്ങനെ തുടര്‍ന്നാല്‍, ലോകത്തില്‍ ഭക്ഷ്യക്ഷാമം ഇരട്ടിയാകും എന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മെക്‌സിക്കോയിലും, നെതര്‍ലാന്‍ഡിലും ആളുകളുടെ ശരാശരി ഉയരത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡച്ച് പുരുഷന്മാര്‍ക്ക് ഇപ്പോള്‍ ശരാശരി 183 സെന്റ്റിമീറ്ററോളം ഉയരമുണ്ട്. 1914 -നും 2014 -നും ഇടയില്‍ 13.1 സെന്റ്റിമിറ്ററിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ഭക്ഷ്യോത്പാദനം ഈ വര്‍ദ്ധിച്ചവരുന്ന ആവശ്യങ്ങളെ നിറവേറ്റുന്നില്ലെങ്കില്‍, ഈ പ്രശ്‌നം നിയന്ത്രണാതീതമാകും എന്ന് ഗവേഷകര്‍ ഭയപ്പെടുന്നു. സമ്പന്നര്‍ക്ക് ഭക്ഷണശീലം നിലനിര്‍ത്താന്‍ കഴിയുമെങ്കിലും, ദരിദ്രര്‍ പട്ടിണിയിലാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ഇത് ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കും. കലോറി സമ്പുഷ്ടമായ പക്ഷേ പോഷകങ്ങള്‍ കുറവായ ഭക്ഷണം ആളുകള്‍ കഴിക്കാന്‍ ഇത് വഴിയൊരുക്കും'- ഡോ. ഡെപെന്‍ബുഷ് പറഞ്ഞു. തല്‍ഫലമായി, പോഷകാഹാരക്കുറവിനും ദരിദ്രരുടെ ശരീരഭാരം വര്‍ദ്ധിക്കുവാനും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it