ശുചിത്വവും ആരോഗ്യവും ലക്ഷ്യമിട്ട് 'സുസ്ഥിതി' കൊച്ചിയില്‍

ശുചിത്വവും ആരോഗ്യവുമുള്ള സമൂഹം കെട്ടിപ്പടുക്കുക എന്ന ആശയവുമായി 'സുസ്ഥിതി' കൊച്ചിയില്‍. എക്‌സിബിഷന്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡ് നിശ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഓഗസ്റ്റ് 10 മുതല്‍ 12 വരെ കൊച്ചി ടിഡിഎം ഹാളില്‍ നടക്കുന്ന പരിപാടി.
പേര് സൂചിപ്പിക്കുന്നത് പോലെ ശുചിത്വവും ആരോഗ്യവും ഉള്ള സമൂഹം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ അവബോധരാക്കുകയും അതുവഴി അനുകൂലമായ മനോഭാവം സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് 'സുസ്ഥിതി'യുടെ ലക്ഷ്യം.
സന്നദ്ധ സംഘടനയായ ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പിന്റെ (BKRG) സഹകരണത്തോടെ, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ CETAA യാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് സ്ഥാപകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശി കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കൃഷി മന്ത്രി വി എസ് സുനില്‍ കുമാറാണ് സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുക.
സുസ്ഥിരമായ വികസനത്തിന് സഹായകമാകുന്ന ഉല്പന്നങ്ങളും, സാങ്കേതിക വിദ്യകളും, പ്രവര്‍ത്തന രീതികളും പരിപാടിയുടെ ഭാഗമായി നടത്തുന്ന എക്‌സിബിഷനില്‍ അവതരിപ്പിക്കും. മാലിന്യ സംസ്‌കരണം, പുനരുപയോഗം, റിന്യൂവബിള്‍ എനര്‍ജി, കുടിവെള്ള ശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക വിദ്യകളും അവതരിപ്പിക്കും.
'സസ്‌റ്റെയ്‌നബിള്‍ ലിവിങ്' എന്ന തീമിനെ അടിസ്ഥാനമാക്കി മത്സരങ്ങള്‍ സംഘടിപ്പിക്കും. ഫോട്ടോഗ്രഫി, പെയിന്റിംഗ്, പ്രസംഗം, ഷോര്‍ട്ട് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം ഒരുക്കുക. ശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നതില്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവെച്ച റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന് സുസ്ഥിതി അവാര്‍ഡ് സമ്മാനിക്കും.