കോപത്തെ നിയന്ത്രിക്കാം, നേടാം സുന്ദര ജീവിതം

തിരക്കു നിറഞ്ഞ ജീവിതത്തില്‍ ദേഷ്യമോ നിരാശയോ ഒന്നുമില്ലാതെ ടെന്‍ഫന്‍ ഫ്രീ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലപ്പോഴും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കോപത്തെ നിയന്ത്രിക്കാനോ കോപം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാനോ കഴിയില്ല. ഒരിക്കലെങ്കിലും നിരാശപ്പെട്ടിട്ടില്ലാത്ത, കലിപ്പ് കാണിക്കാത്ത, രക്തം തിളയ്ക്കാത്ത ആരുണ്ട്? പക്ഷേ, ഈ വികാരങ്ങള്‍ മാനസികാരോഗ്യത്തിനേല്‍പ്പിക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം. തീരാത്തകലിയും അടങ്ങാത്ത പകയും മനസ്സിനെ തളര്‍ത്തുന്ന നിരാശയും വിഷാദവുമെല്ലാം ഹൃദയാഘാതം മുതല്‍ അകാല വാര്‍ധക്യം വരെയുള്ള രോഗങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്.

ഹൃദയാഘാതം…. പിന്നെ ഇതൊക്കെ എത്ര കേട്ടതാ അല്ലേ? പക്ഷേ, അകാല വാര്‍ധക്യം എന്ന് കേട്ടപ്പോള്‍ ഉള്ളൊന്ന് പിടഞ്ഞു. വളരെ ചെറുപ്പത്തിലേ മുടിയൊക്കെ നരയ്ക്കാനും കൊഴിയാനും തുടങ്ങി. ഇനിയിപ്പം ടെന്‍ഷനും മറ്റും കൂടി മുപ്പതില്‍തന്നെ അറുപതിന്റെ ലുക്ക്, ഹൊ! ഓര്‍ക്കാന്‍കൂടി പറ്റുന്നില്ല. അപ്പൊപ്പിന്നെ എന്തുചെയ്യും? വഴിയുണ്ടെന്നേ. ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം, നല്ല ചിരി, വികാരങ്ങളെ വിവേകത്തോടെ നേരിടല്‍, നല്ല ഉറക്കം, സംഗീത ആസ്വാദനം തുടങ്ങിയ വഴികള്‍ നിങ്ങള്‍ക്കുള്ളതാണ്. മാത്സര്യത്തിന്റെ, പിരിമുറുക്കത്തിന്റെ, വേഗത്തിന്റെ ഈ കാലഘട്ടത്തില്‍ ഇത്തിരി ഒന്നയഞ്ഞാല്‍ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. എന്നാ പിന്നെ അങ്ങ് അയഞ്ഞുകൂടേ? ഇതാ പിരിമുറുക്കവും ടെന്‍ഷനും കുറച്ച് ഫ്രീയായി ജീവിക്കാനുള്ള മാര്‍ഗങ്ങള്‍.

പൊട്ടിച്ചിരി

ഉള്ളുതുറന്ന് ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ചിരി ആയുസ് കൂട്ടുമെന്ന് പഴമക്കാര്‍ (ഇപ്പോള്‍ പുതുമക്കാരും) പറയുന്നുണ്ട്. ഉള്ളുതുറന്നുള്ള ചിരി വൈകാരികതലങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അല്ലെങ്കില്‍ തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും സ്വസ്ഥതയുണ്ടാകുമെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ.

റിലാക്സ്

വീട്ടില്‍ എന്നും പത്തു മിനിട്ടെങ്കിലും റിലാക്‌സിംഗിനായി സമയം മാറ്റി വയ്ക്കുക, സംഗീതം ആസ്വദിക്കുക. ഇഷ്ടമുള്ള സംഗീതം കേട്ട് അല്പസമയം കണ്ണടച്ച് ഒന്നിരുന്ന് നോക്ക്. മനസ്സിന്റെ ഭാരമെല്ലാം മെല്ലെ മെല്ലെ ഇറങ്ങിപ്പോകുന്നതറിയാം. സംഗീതത്തിന് അസുഖങ്ങളെപ്പോലും മാറ്റാന്‍ കഴിവുണ്ട്. മറ്റ് ശബ്ദങ്ങള്‍ ഒന്നും കടന്നുവരാതെ വയലിനില്‍നിന്നോ ഗിത്താറില്‍നിന്നോ പൊഴിയുന്ന മൃദുസംഗീതം മാത്രം കേട്ടു കൊണ്ട് എത്രനേരം വേണമെങ്കിലും നിങ്ങള്‍ക്കിരിക്കാന്‍ കഴിയും; സര്‍വവും മറന്ന്. സംഗീതം പോലെതന്നെ യോഗയും റിലാക്സ്ചെയ്യാന്‍ ഏറെ സഹായിക്കും.

വ്യായാമങ്ങള്‍

മാനസിക ഊര്‍ജത്തിന് വ്യായാമങ്ങളുമായി വളരെയേറെ ബന്ധമുണ്ട്. നടപ്പ്, ഓട്ടം, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍ക്ക് സന്തോഷവും സ്വസ്ഥതയും നല്‍കുന്ന സെറോട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇനി മസില്‍ പെരുപ്പിക്കുന്ന ജിമ്മന്‍ വ്യായാമങ്ങള്‍ക്കാണെങ്കില്‍ ഡിപ്രഷന്‍, അകാരണമായ ദുഃഖം, ഭയം തുടങ്ങിയ പ്രതിലോമകരമായ വികാരങ്ങളെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

അതും പോരായെങ്കില്‍ വ്യായാമങ്ങളിലെ കടുപ്പക്കാരായ ബോക്സിങ്, ഡാന്‍സ് ആന്‍ഡ് ജിംനാസ്റ്റിക്‌സ് തുടങ്ങിയവയും അഭ്യസിക്കാം. കൃത്യമായി വ്യായാമത്തിലൂടെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഊര്‍ജം കിട്ടുകയും നെഗറ്റീവ് ചിന്തകള്‍ അവസാനിക്കുകയും ചെയ്യും. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഏത് വെല്ലുവിളിയെയും നേരിടാനുള്ള കഴിവുണ്ടായിരിക്കും. വലിയ വലിയ ബിസിനസുകാരെയോ നടന്മാരെയോഭരണാധികാരികളെയോ എടുത്ത് പരിശോധിച്ച് നോക്കൂ. 95 ശതമാനം പേരും കൃത്യമായി വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ശീലിച്ചാല്‍ ശരീരവും കാണാന്‍ സുന്ദരമാകും. മനസ്സും ചെറുപ്പമാകും. സംശയമുണ്ടെങ്കില്‍ പരീക്ഷിച്ച് നോക്കിക്കോ.

പെറ്റ്‌സിനെ സ്‌നേഹിക്കൂ

വീട്ടിലൊരു പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ഉണ്ടെങ്കില്‍ സങ്കടം വരുമ്പോള്‍ അവയോടൊത്ത് കുറച്ചുസമയം ചെലവഴിക്കുക. അവരുടെ ചെറിയ ചെറിയ കളികളും കുസൃതികളും നിങ്ങളുടെ സങ്കടത്തെ തുടച്ചുനീക്കും. (പൂച്ചയായാലും ശരി പട്ടിയായാലും ശരി വൃത്തി പ്രധാനമാണ്. അത് മറക്കരുത്. അവയോടൊപ്പം സമയം ചെലവഴിച്ചതിനു ശേഷം ആന്റി സെപ്റ്റിക് ലോഷന്‍ ഒഴിച്ച വെള്ളം കൊണ്ട് കുളിക്കണം.)

നടക്കാം മനസ്സു തുറന്ന്

കലി വരുമ്പോഴോ സങ്കടം വരുമ്പോഴോ ഇറങ്ങി ഒറ്റയ്ക്ക് നടക്കണം. വെറുതെ അങ്ങ് നടക്കുമ്പോള്‍ മനസ് തണുക്കും. വെറുതെ നടന്നാല്‍ പോര. മനസ്സു തുറന്നു നടക്കണം. മനസ്സ് തുറന്ന് എങ്ങനെ നടക്കുമെന്നല്ലേ. ഇതിനിടയില്‍ പല കാഴ്ചകള്‍… സുന്ദരിയായ ഒരു പെണ്‍കുട്ടി, മനോഹരമായ ഒരു പൂവ്, കിളികള്‍, നീലാകാശം, മൂവന്തിയിലെ സൂര്യന്‍… നടപ്പിനിടെയുള്ള ഈ കാഴ്ചകള്‍ മതി സഹൃദയനായ ഒരാള്‍ക്ക് ശാന്തനാകാന്‍. സൗന്ദര്യം ആസ്വദിക്കാത്തതായി, സൗന്ദര്യത്തെ ആരാധിക്കാത്തതായി ആരാണുള്ളത്. പിന്നെ, നടപ്പുകൊണ്ട് വ്യായാമത്തിന്റെ ഗുണവും കിട്ടും.

സാമൂഹിക ജീവിതം

കൂട്ടുകാര്‍, ബന്ധുക്കള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങി സാമൂഹികവത്കരണത്തിന് എന്തെന്ത് മാര്‍ഗങ്ങളാണിന്നുള്ളത്. കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്ര, അല്ലെങ്കില്‍ കളികളോ വ്യായാമമോ അതും അല്ലെങ്കില്‍ എല്ലാവരും ഒന്നിച്ചുകൂടി പാചകവും വാചകമടിയും, സൈക്കിള്‍ സവാരി എന്നിങ്ങനെ എന്തെന്ത് പരിപാടികള്‍ ആസൂത്രണം ചെയ്യാം. വല്ലാതെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നിയാല്‍ നേരെ കമ്പ്യൂട്ടര്‍ തുറന്ന് ഫേസ്ബുക്കിലേക്ക് പോവുക.

പ്ലാന്‍ ചെയ്യാം

ശരിക്കും ബോറടിക്കുമ്പോള്‍ എന്തെങ്കിലും ആസൂത്രണം ചെയ്യുക. സിനിമയെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മനസ്സില്‍ വെറുതെ നിങ്ങള്‍ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുക. അല്ലെങ്കില്‍ അടുത്തദിവസം എങ്ങനെ ഭാവനാ സമ്പന്നമാക്കാമെന്ന് ചിന്തിക്കുക. അതനുസരിച്ച് അടുത്ത ദിവസത്തെ കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക. ടൈം ടേബിള്‍ പോലൊന്ന് തയ്യാറാക്കുക. (ടൈം മാനേജ്മെന്റ് പഠിക്കുകയുമാകാം).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it