ഉന്മേഷത്തോടെ ഒരു ദിവസം തുടങ്ങാം; ഇതാ 5 സ്മാര്‍ട്ട് വഴികള്‍

ഒരാള്‍ എങ്ങനെ എഴുന്നേല്‍ക്കുന്നു എന്നതുമായി ആശ്രയിച്ചാണ് അയാളുടെ അന്നത്തെ ചിന്തകളും പ്രവര്‍ത്തികളും രൂപപ്പെട്ടു തുടങ്ങുക. ഉന്മേഷത്തോടെ ഉണര്‍ന്നാല്‍ ആ ദിവസം പോസിറ്റീവ് ചിന്താഗതികള്‍ നിറയ്ക്കാം. ഒപ്പം ഏറെ പ്രൊഡക്റ്റീവ് ആയി ജോലികള്‍ ചെയ്ത് തീര്‍ക്കുകയുമാകാം. ഒരുപാട് പേര്‍ ഇരിക്കുന്ന ഒരു മുറിയിലേക്ക് കടന്നു വരുമ്പോഴും ഒരു വാക്ക് കൊണ്ട് പോലും അവിടെ പോസിറ്റീവ് ആക്കി മാറ്റുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ. എന്ത് മാജിക് ആണ് ഈ സ്‌ട്രെസ് നിറഞ്ഞ ജീവിതത്തില്‍ അവരെ ഇത്രയും പോസിറ്റീവ് ആക്കുന്നത്. അതവര്‍ പിന്തുടരുന്ന ജീവിതചര്യതന്നെയാണ്. ഇതാ അതില്‍ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ് എഴുന്നേല്‍ക്കുമ്പോള്‍ തന്നെയുള്ള നേരം. ഉന്മേഷത്തോടെ ഒരു ദിവസം മുഴുവന്‍ ഇരിക്കാന്‍ എന്തൊക്കെയാണ് എഴുന്നേറ്റ ഉടനെ ചെയ്യേണ്ടതെന്ന് നോക്കാം.

ഒന്നിലധികം അലാം വേണ്ട

ആറ് മണിക്കുണരേണ്ട ഒരാള്‍ 5.45, 6.00, 6.10 എന്നിങ്ങനെ പല അലാം റിങ്ങുകള്‍ സെറ്റ് ചെയ്ത് വയ്ക്കുന്നത് കാണാറുണ്ട്. ഇത് നന്നല്ല. ഒരൊറ്റ അലാം റിങ്ങില്‍ തന്നെ വയ്ക്കുക. സ്‌നൂസ് ടൈം അഞ്ച് മിനിട്ടോ മറ്റോ തുടര്‍ച്ചയായി വച്ചാല്‍ ഇത് എളുപ്പത്തില്‍ കഴിയും. മടി പിടിച്ച് കിടക്കുന്ന അഞ്ചോ പത്തോ മിനിട്ട് നിങ്ങളുടെ ഉന്മേഷം കെടുത്തുകയേ ചെയ്യൂ.

സ്‌ട്രെച്ച് ചെയ്യാം

എണീറ്റ ഉടന്‍ കിടക്ക വിട്ട് പുറത്തേക്കിറങ്ങാതെ കൈകള്‍ വിരിച്ച് കാലുകള്‍ നീട്ടി സ്‌ട്രെച്ച് ചെയ്ത് നോക്കൂ. പിന്നീട് കിടന്നുകൊണ്ടു തന്നെ കാല്‍മുട്ടുകള്‍ മടക്കി വയറ് വരെ അടുപ്പിക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് മുട്ട് ശരീരത്തില്‍ നിന്ന് അകറ്റുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍മുട്ട് നെഞ്ചിലേക്ക് അടുപ്പിക്കുക. അഞ്ചു തവണ ആവര്‍ത്തിക്കാം. എഴുന്നേറ്റ് ഇരുന്നശേഷം കൈവിരലുകള്‍ കോര്‍ത്ത് കൈകള്‍ ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്ത് കൊണ്ട് ഇടത്തേക്കും വലത്തേക്കും മെല്ലെ ചരിഞ്ഞ് നേരെ ഇരുന്നതിനു ശേഷം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാം. ഉറക്ക നേരത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 'മെലാറ്റോണിന്‍' കുറഞ്ഞ് ശരീരത്തിലേക്ക് ഊര്‍ജം പ്രവഹിക്കും.

ചായ, കോഫി വേണ്ട

എഴുന്നേറ്റാല്‍ ഉടന്‍ ചായയോ കോഫിയോ കുടിക്കുന്നവരാണ് ഇന്ത്യക്കാര്‍. ബെഡ് കോഫി എന്ന പാശ്ചാത്യ ശീലത്തെ കടമെടുത്തതാണ് നാം ചെയ്ത മണ്ടത്തരം. 'ബെഡില്‍ കോഫിയേ വേണ്ട' എന്ന പോളിസി എടുക്കുക. ഇഞ്ചിയിട്ട് തിളപ്പിച്ച് വെള്ളം തലേ ദിവസം കുപ്പിയിലൊഴിച്ച് മുറിയില്‍ സൂക്ഷിച്ചോളൂ. എഴുന്നേല്‍ക്കുമ്പോള്‍ മുതലുള്ള പിന്നീടുള്ള 15 മിനിട്ടിനിടയില്‍ അര ലിറ്റര്‍ വരെ ഇത്തരത്തില്‍ കുടിക്കൂ(കിഡ്‌നി രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറോട് ചോദിക്കാതെ ചെയ്യരുത്). ഉന്മേഷം ലഭിക്കാന്‍ ഇത് സഹായിക്കു. ചൂടുള്ള പാനീയങ്ങള്‍ വേണ്ടവര്‍ ചൂടുവെള്ളത്തില്‍ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് തേന്‍ ചേര്‍ത്തോ അല്ലാതെയോ കുടിക്കൂ. ഇത് ശീലമാക്കിയാല്‍ ശരീരം ഡീ ടോക്‌സിഫിക്കേഷന്‍ നടത്തിക്കൊണ്ട് ഒരു ദിവസം തുടങ്ങാം.

ഫോണ്‍ ടൈം അല്ല 'മീ ടൈം'

എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നതാണ് മിക്കവരുടെയും പതിവ്. എന്നാല്‍ രാവിലെ തന്നെ ഒരു മണിക്കൂര്‍ എങ്കിലും ഫോണില്ലാതെ ചെലവഴിച്ച് നോക്കൂ. നിങ്ങള്‍ക്ക് അത്ഭുതകരമായ റിസള്‍ട്ട് ലഭിക്കും. പ്രാര്‍ഥനയില്‍ മുഴുകുകയോ ഇഷ്ടമുള്ള പാട്ടു കേട്ട് വെറുതെ മുറ്റത്തു കൂടി നടക്കുകയോ ഒക്കെ ചെയ്യുക. ഫ്‌ളാറ്റിലാണെങ്കില്‍ ഒരു ബാല്‍ക്കണി ഗാര്‍ഡന്‍ സെറ്റ് ചെയ്ത് ഈ നേരം അതിനായി ചെലവഴിക്കുകയോ ചെയ്യാം. മണിക്കൂറുകള്‍ നീളുന്ന സമ്മര്‍ദങ്ങളിലേക്ക് കടക്കും മുന്‍പ് മനസ്സ് ശാന്തമാകാന്‍ ഈ 'മീ ടൈം' സഹായിക്കും.

യോഗയോ വ്യായാമോ

രാവിലെ എണീറ്റയുടനുള്ള നേരം അല്‍പ്പം നേരം 'വാം അപ്' ചെയ്ത് അഥവാ ശരീരത്തെ സാധാരണ കായിക ക്ഷമതയിലേക്കെത്തിച്ചതിന് ശേഷം അരമണിക്കൂര്‍ യോഗയോ ശാരീരിക വ്യായാമോ ചെയ്യുന്നതു നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഉന്മേഷം മാത്രമല്ല, ദിവസം മുഴുവന്‍ ബുദ്ധിയെയും തിളക്കമുള്ളതാക്കി നിലനിര്‍ത്തുന്നു. നടത്തം ശീലിക്കുന്നതും നല്ലതാണ്. സ്‌കിപ്പിംഗ് പോലുള്ള വ്യായാമങ്ങള്‍ എഴുന്നേറ്റ ആദ്യ മണിക്കൂറുകളില്‍ വേണ്ട. വ്യായാമത്തിനു ശേഷം പത്ര വായനയോ അന്നേ ദിവസത്തിലേക്കുള്ള 'ടു ഡു ലിസ്റ്റ്' തയ്യാറാക്കുകയോ ആവാം. ശരീരത്തില്‍ ഡോപ്പമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഉന്മേഷത്തിന്റെ ഹോര്‍മോണുകള്‍ തുങ്ങിക്കളിക്കുന്ന ഈ സമയത്തെ ചില പദ്ധതികള്‍ നിങ്ങളെ തന്നെ പിന്നീട് അത്ഭുതപ്പെടുത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it