ഈ 4 ശീലങ്ങള്‍ നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും

പ്രായമാകാതെ തന്നെ ആരോഗ്യം നഷ്ടപ്പെടുന്നെന്നതാണ് പലപ്പോഴും എല്ലാവരുടെയും പരാതി. കുറച്ചധികസമയം ജോലി ചെയ്താല്‍ ക്ഷീണം , തളര്‍ച്ച, അധികം ആയാസപ്പെട്ടുള്ള ജോലി ചെയ്താല്‍ സന്ധികള്‍ക്ക് വേദന കൂടാതെ പ്രമേഹം മുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവു വരെ എണ്ണിയാലൊടുങ്ങാത്ത ജീവിത ശൈലീ രോഗങ്ങളും. ഇതാ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യ പൂര്‍ണമായ വര്‍ക്ക് ലൈഫ് ബാലന്‍സിനും പിന്തുടരാം ഈ ശീലങ്ങള്‍.

ശുചിത്വം പാലിക്കാം

 • വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസരശുചിത്വം. വ്യക്തിശുചിത്വത്തിന്റെ ആദ്യപാഠം പ്രഭാതത്തില്‍ നിന്നു തുടങ്ങാം. രാവിലെ പല്ലു തേച്ച ശേഷം മാത്രം വെള്ളം, കോഫി ഇവ കുടിക്കുക. പ്രഭാതത്തില്‍ മാത്രമല്ല, രാത്രി കിടക്കുന്നതിനു മുന്‍പും പല്ലു തേയ്ക്കണം. വായ നന്നായി കഴുകിയാലും ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടാകും. ഇവ ദന്തക്ഷതത്തിനു കാരണമാകും. ഇടനേരങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ കഴിച്ചാലും വായ കഴുകാന്‍ ശീലിക്കുക.

 • രണ്ടുനേരവും കുളിക്കുക. വൈകുന്നേരം തല കഴുകണമെന്നു നിര്‍ബന്ധമില്ല. ചെറുചൂടുവെള്ളത്തില്‍ ദേഹം കഴുകുന്നത് ശരീരശുചിത്വം മാത്രമല്ല സുഖനിദ്രയും നല്‍കും. വളര്‍ത്തു മൃഗങ്ങളെ ഓമനിച്ച ശേഷം കൈ സോപ്പിട്ടു കഴുകണം. എല്ലാ വാഷ്‌ബേസിനടുത്തും സോപ്പും ബാത്ത് ടവ്വലും വയ്ക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും നഖം മുറിച്ചു വൃത്തിയാക്കണം.

 • കിടപ്പുമുറിയിലെ പൊടി ആസ്തമയുണ്ടാക്കാം. അതിനാല്‍ മുറികള്‍ തൂത്തു തുടയ്ക്കുന്നതിനൊപ്പം ജനാലകളും മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും തുണി നനച്ചു തുടയ്ക്കണം. മാസത്തിലൊരിക്കല്‍ ഫാനിന്റെ ലീഫ് തുടച്ചു വൃത്തിയാക്കുക. കിടക്കവിരി ആഴ്ചയില്‍ ഒരിക്കല്‍ മാറ്റുക.

ഭക്ഷണശുചിത്വം അടുക്കളയില്‍ നിന്ന്

 • ചീഞ്ഞതും കേടായതുമായ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുക. പച്ചക്കറികളും മത്സ്യമാംസാദികളും മുറിക്കാന്‍ പ്രത്യേകം കത്തിയും ചോപ്പിങ് ബോര്‍ഡും ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോ തവണ അരിഞ്ഞ ശേഷവും ചോപ്പിങ് ബോര്‍ഡ് കഴുകി ഉണങ്ങിയ തുണി കൊണ്ടു തുടച്ചു വയ്ക്കണം. ചപ്പാത്തിപ്പലകകള്‍ക്കും കട്ടിങ് ബോര്‍ഡുകള്‍ക്കും പൊട്ടലോ വിള്ളലോ ഉണ്ടെങ്കില്‍ അവ മാറ്റുക. വിള്ളലുകളില്‍ ബാക്ടീരിയ വളരാന്‍ ഇടയുണ്ട്.

 • ഓരോ തവണ ഉപയോഗിച്ച ശേഷവും മിക്‌സിയുടെ ജാറുകള്‍ നന്നായി കഴുകണം. മിക്‌സിയുടെ ബ്‌ളേഡുകള്‍ക്കിടയില്‍ അരപ്പും മറ്റും പറ്റിപ്പിടിച്ചിരുന്നാല്‍ അണുബാധയ്ക്കിടയാക്കും. തേങ്ങ ചുരണ്ടുന്നതിനു മുന്‍പും ശേഷവും ചിരവയുടെ നാവ് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വെള്ളം തിളപ്പിച്ചു വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു വെള്ളം പകര്‍ന്നെടുക്കാന്‍ നീളന്‍പിടിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. കൈയിട്ടു മുക്കി വെള്ളം എടുക്കരുത്. പാത്രം കഴുകുന്ന സിങ്കില്‍ ഒരിക്കലും വായ കഴുകി തുപ്പരുത്. തുപ്പലിലും കഫത്തിലുമുള്ള രോഗാണുക്കള്‍ പാത്രത്തില്‍ കയറിക്കൂടാം.

 • അടുക്കളയില്‍ സിങ്കിനടുത്ത് പാത്രം കഴുകാനുള്ള സോപ്പിനൊപ്പം കൈകഴുകാനുള്ള സോപ്പോ ലോഷനോ വയ്ക്കുക. കൈ തുടയ്ക്കാന്‍ വൃത്തിയുള്ള ടവ്വലും കരുതുക. പാചകം ചെയ്യുമ്പോള്‍ കൈകള്‍ അണുവിമുക്തമായി ഇരിക്കട്ടെ. ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും സ്ത്രീകള്‍ മുടി നന്നായി ഒതുക്കിക്കെട്ടി വയ്ക്കണം. ചൂടു പാത്രങ്ങള്‍ പിടിക്കാനും പാതകം തുടയ്ക്കാനും തറ തുടയ്ക്കാനും പാത്രം തുടച്ചുണക്കാനും പ്രത്യേകം ടവ്വലുകള്‍ വയ്ക്കുകയോ ഉപയോഗിക്കുകയും ചെയ്യുക.

 • പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഹോട്ടലിന്റെ അകവും പുറവും ഇരിപ്പിടങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഈച്ചകള്‍ പറക്കുന്ന മേശപ്പുറവും വൃത്തിയില്ലാത്ത ജഗുകളും കണ്ടാല്‍ അവിടെ നിന്നു ഭക്ഷണം കഴിക്കേണ്ട . പാഴ്‌സലായി കൊണ്ടുവരുന്നവ കഴിയുന്നതും വേഗം കഴിക്കുക. ഹോട്ട് ഡോഗ്, ഹാംബര്‍ഗര്‍ ഇവ മൈക്രോവേവ് ചെയ്‌തോ ചൂടാക്കിയോ കഴിക്കാം.

പരിസര ശുചിത്വം

 • വീടിന്റെ പരിസരത്ത് ഈച്ച പെരുകുന്ന സാഹചര്യം ഒളിവാക്കുക. തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്. വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന തരത്തില്‍ പാത്രങ്ങളോ ചിരട്ടയോ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുകള്‍ വളരാം.ഭക്ഷണസാധനങ്ങള്‍ പാഴാക്കാതെയിരുന്നാല്‍ അടുക്കളയില്‍ നിന്നു പുറന്തള്ളുന്ന വേസ്റ്റിന്റെ അളവു കുറയ്ക്കാം.

 • ഭക്ഷണാവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും കിറ്റില്‍ കെട്ടി വലിച്ചെറിയുന്ന ശീലം മാറ്റുക. കിറ്റില്‍ കിടന്ന് മാലിന്യങ്ങള്‍ അഴുകുന്നത് രോഗങ്ങള്‍ക്കു കാരണമാകും. വീട്ടില്‍ രണ്ടു വേസ്റ്റ് ബാസ്‌ക്കറ്റുകള്‍ വയ്ക്കുക. ഒന്നില്‍ ജൈവമാലിന്യവും മറ്റേതില്‍ പ്‌ളാസ്റ്റിക് മാലിന്യവും ഇടുക. അടുക്കളയില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ പൈപ്പ് കമ്പോസ്റ്റും ജൈവമാലിന്യങ്ങള്‍ കൊണ്ട് കുഴി കമ്പോസ്റ്റും ഉണ്ടാക്കാം. ഇവ ചെടികള്‍ക്കു വളമായി ഉപയോഗിക്കാം.

 • പ്‌ളാസ്റ്റിക് വെയ്സ്റ്റ് റീസൈക്കിള്‍ ചെയ്യാന്‍ ഏല്‍പ്പിക്കാം. പ്‌ളാസ്റ്റിക് കിറ്റുകള്‍ കളയാതെ അഞ്ചാറെണ്ണം ഒരുമിച്ചാക്കി അതില്‍ മണ്ണിട്ട് പച്ചക്കറികള്‍ കൃഷി ചെയ്യാം.സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കൈയില്‍ ഒരുസഞ്ചി കരുതുക. അല്ലെങ്കില്‍ സാധനങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു വാങ്ങുക. പ്‌ളാസ്റ്റിക് കപ്പുകള്‍ പോലെ യൂസ് ആന്‍ഡ് ത്രോ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക.

ആഹാര ശീലങ്ങള്‍

 • ഓഫിസില്‍ പോകാനുള്ള തിരക്കില്‍ ബ്രേക്ക് ഫാസ്റ്റ് കട്ട്. ലഞ്ച് സ്‌നാക്ക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും. പിന്നെ ആഘോഷമായി കഴിക്കുന്നത് ഡിന്നര്‍. ഇതാണോ നിങ്ങളുടെ ഭക്ഷണശീലം? എങ്കില്‍ ആദ്യമേ തന്നെ പറയട്ടേ, രോഗങ്ങള്‍ ദാ നിങ്ങളെയും കാത്ത് തൊട്ടപ്പുറത്തു തന്നെ നില്‍പ്പുണ്ട്. ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ് ആയതിനാല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. ലഞ്ചും മിതമായി കഴിക്കണം. വൈകുന്നേരം വീട്ടിലെത്തിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു കൂടുന്നതല്ലേ എന്നു കരുതി ഹെവിയായി ഡിന്നര്‍ കഴിക്കുന്ന ശീലം ഇനി വേണ്ട.

 • രാവിലെ നമ്മുടെ ശരീരത്തിന്റെ ചയാപചയ നിരക്ക് (മെറ്റബോളിസം)കൂടുതലായതിനാല്‍ ബ്രേക്ക് ഫാസ്റ്റ് നന്നായി കഴിക്കാം. എന്നാല്‍ വൈകുന്നേരമാകുന്നതോടെ ചയാപചയ നിരക്ക് കുറയുന്നു. രാത്രിയില്‍ ഉറങ്ങുമ്പോള്‍ പേശികളും മറ്റ് ആന്തരികാവയവങ്ങളും വിശ്രമത്തിലായിരിക്കും. അതിനാല്‍ ആ സമയം ശരീരത്തിന് ആവശ്യമായ ഊര്‍ജം കുറവായിരിക്കും. ഡിന്നര്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം പോഷകസമൃദ്ധമായ ആഹാര പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

 • പത്തുമണി കഴിഞ്ഞേ അത്താഴം കഴിക്കൂ എന്നു വാശി പിടിക്കല്ലേ. ദഹനപ്രശ്‌നങ്ങള്‍ പിന്നാലെ എത്തും. കിടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇവ ഗ്യാസ് ട്രബിളും പുളിച്ചു തികട്ടലും ഉണ്ടാക്കും. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണവും ഡിന്നറിനു വേണ്ടേ വേണ്ട.

 • രണ്ടു ചപ്പാത്തിയോ ഒരു കപ്പ് ചോറോ അല്ലെങ്കില്‍ ഒരു കപ്പ് ഓട്‌സ് എന്ന അളവില്‍ അത്താഴം കുറയ്ക്കുക. സാലഡ്, സൂപ്പ്, പയര്‍, പരിപ്പ് ഇവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. ഇതിനുശേഷം കിടക്കുന്നതിനു മുന്‍പായി ഒരുപഴം അല്ലെങ്കില്‍ പാട നീക്കിയ ഒരു ഗാസ് പാല്‍ വിശപ്പടങ്ങാനായി കഴിക്കാം. വൈകുന്നേരത്തെ ഭക്ഷണത്തില്‍ ചിക്കന്‍, മീന്‍ ഇവ ഉള്‍പ്പെടുത്താമെങ്കിലും അളവു മിതമാക്കാന്‍ ശ്രദ്ധിക്കണം. ഇറച്ചി വേവിച്ചോ ഗ്രില്‍ചെയ്‌തോ ബേക്ക് ചെയ്‌തോ ഉപയോഗിക്കാം. കഴിവതും അതാതു സീസണില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക. അത്താഴം പുറത്തു നിന്നു കഴിക്കുന്നതു പതിവാക്കേണ്ട.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it