വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തണം

ജിം, ഹെല്‍ത്ത് ക്ലബ്, യോഗ സെന്റര്‍ എന്നിവയൊക്കെ കോവിഡ് വന്നതു മുതല്‍ അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി കൂടുന്നതിന് പ്രധാന കാരണം തന്നെയാണ്. ശരീരഭാരം കുറയ്ക്കുന്നതിനായി ചിട്ടയായ ജീവിത ശൈലിയും ഭക്ഷണ ശീലവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മനസ്സു വെച്ചാല്‍ വീട്ടില്‍ ഇരുന്ന് തന്നെ വണ്ണം കുറയ്ക്കാം. എന്നാല്‍ ഇത് ഒരു തിരിച്ചറിവ് കൂടിയാണ്. ജീവിതശൈലി മാറ്റുന്നതിനെക്കുറിച്ചുള്ള അറിവ്. ഇതാ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ലക്ഷ്യം നേടിയെടുക്കാം.
ഭക്ഷണവും ഉറക്കവും
ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും അത് ജീവിതശൈലീമാറ്റമല്ല. മാത്രമല്ല പിന്നീട് അസുഖങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. എല്ലാ നേരവും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചിരിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഉറക്കവും പ്രധാനം തന്നെ. ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സമയം തെറ്റിയുള്ള ഭക്ഷണരീതി പൊണ്ണത്തടിയ്ക്ക് കാരണമാകും.
ക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നു. അതിനാല്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്കിടെ പലഹാരങ്ങള്‍ കഴിക്കുന്ന ശീലം തീര്‍ച്ചയായും ഒഴിവാക്കണം. രാത്രി സമയത്ത് ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഭക്ഷണ ശീലത്തില്‍ കൃത്യമായി ശ്രദ്ധിക്കണം. പരമാവധി ജങ്ക് ഫുഡ് ഒഴിവാക്കുക. ഉച്ചയ്ക്ക് ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ല ശീലമല്ല. ഇത് വിശപ്പ് കൂട്ടുകയും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനിടവരുത്തുകയും ചെയ്യും. പഞ്ചസാരയും ഉപ്പും തടി വെയ്ക്കാന്‍ സഹായിക്കുന്ന വില്ലന്മാരാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുക. ദിവസവും ആറ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ എങ്കിലും ഉറങ്ങണം.
വെള്ളം
വെള്ളം കുടിയ്ക്കുന്നത് ഒരുപരിധിവരെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തിനു കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. കൂടിയ തോതില്‍ ജലാംശമുള്ള ശരീരം പേശികളേയും അവയവങ്ങളേയും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിലെ കലോറി കത്തിച്ച് കളയാന്‍ ചൂട് വെള്ളം കൊണ്ട് സാധിക്കും. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസേന ഭക്ഷണത്തിനു മുന്‍പായി, ഏകദേശം പതിനഞ്ചു മിനിറ്റെങ്കിലും മുന്‍പായി ചൂട് വെള്ളം കുടിക്കുക. ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിച്ചാല്‍ ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നലും ഇല്ലാതാവും. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വ്യായാമം
ശരീരത്തിന് ആവശ്യമുള്ള ഊര്‍ജത്തില്‍ കൂടുതല്‍ ഭക്ഷണമാകുമ്പോഴാണല്ലോ തടി കൂടുന്നത്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതോടൊപ്പം ദിവസവും 30 മിനിട്ട് മുതല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വരെ എങ്കിലും വ്യായാമം ചെയ്യൂ. റിസള്‍ട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും. മാത്രമല്ല വ്യായാമം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങളും നൃത്തവും വീട്ടു പരിസരത്തെ നടത്തവുമെല്ലാം ഉന്മേഷം നല്‍കും ഒപ്പം മികച്ച മെറ്റബോളിസവും നിലനിര്‍ത്തും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വ്യായാമം നല്ലൊരു പ്രതിവിധിയാണ്. സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിന്റെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. ടെറസിലെങ്കിലും അല്‍പ്പം സമയം ചെലവിട്ടു നോക്കൂ. ജീവിതശൈലി മാറ്റാന്‍ സാഹചര്യങ്ങള്‍ മാറാന്‍ കാത്തിരിക്കേണ്ട നമ്മുടെ ചിന്താഗതിയില്‍ നിന്നു തുടങ്ങട്ടെ നല്ല മാറ്റങ്ങള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine