ഉറക്കം കുറഞ്ഞാല്‍ ആരോഗ്യം പോകുമേ! നല്ല ഉറക്കത്തിന് 6 ടിപ്‌സ്

ഓരോ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാധാരണ ഉറക്കം ലഭിക്കുന്നവരില്‍ നിന്ന് രണ്ടിരട്ടി കൂടുതലാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആറുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് കണ്ടെത്തല്‍. ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദ്ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തിനും പ്രത്യേകിച്ച് കരള്‍ മുതല്‍ തലച്ചോര്‍ വരെയുള്ള ആന്തരികാവയവങ്ങള്‍ക്കുള്ള വിശ്രമമാണ് ഉറക്കം പ്രദാനം ചെയ്യുന്നത്. എന്നാല്‍ പെട്ടെന്നുറങ്ങാന്‍ കഴിയാതെ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നതു തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് മുമ്പ് നടത്തിയ റിസര്‍ച്ചില്‍ പറയുന്നു.

പ്രായം, തിരക്കുകള്‍, ജോലിയുടെയും ബിസിനസിന്റെയും ടെന്‍ഷന്‍ എന്നിവയെല്ലാം പെട്ടെന്നുള്ള ഉറക്കം കെടുത്തി കളയുന്ന ഘടകങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശീലിച്ചാല്‍ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടത്താനും കഴിയും. നല്ല ഉറക്കം ലഭിക്കുന്നതിനു ഈ കാര്യങ്ങള്‍ നമ്മള്‍ സ്വയം ശീലിക്കണം.

1. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും രാത്രിഭക്ഷണം

അത്താഴം അത്തിപഴത്തോളം എന്നാണു ചൊല്ല്. അമിതഭക്ഷണം വിശ്രമത്തെയും ഉറക്കത്തെയും ദഹനവ്യവസ്ഥിതിയെയും സാരമായി ബാധിക്കുന്നതിനു പുറമേ രക്തസമ്മര്‍ദം, ഹൃദ്രോഗം, ചര്‍മ്മരോഗങ്ങള്‍ എന്നിവയെല്ലാം സൃഷ്ടിക്കുന്ന പ്രധാന ഘടകവുമായി തീരും. രാത്രി ഭക്ഷണം കുറേക്കൂടി ലളിതമാക്കുകയും കുറയ്ക്കുകയും ചെയ്താല്‍ തന്നെ ആരോഗ്യ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധിക്കുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് വാഴപ്പഴം, ചെറി, ബദാം, മധുരക്കിഴങ്ങ്, തണുത്ത പാല്‍, തേന്‍, ഡാര്‍ക്ക് ചോക്കലേറ്റ് എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കും.

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം.

2. ഉറങ്ങുന്നതിനുള്ള മുറി ഉറങ്ങുന്നതിന് വേണ്ടി മാത്രം

ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതും ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ജോലികളെല്ലാം നിര്‍ത്തി വെച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുന്നതും നല്ലതാണ്. ഉറങ്ങുന്ന മുറി എല്ലായ്പ്പോഴും ശബ്ദരഹിതവും പ്രകാശരഹിതവും ആകാന്‍ ശ്രദ്ധിക്കണം.

കിടക്കയില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നു തീരുമാനിക്കുക.

3. വ്യായാമം ചെയ്യുന്നത് സ്ഥിരമാക്കുക

യോഗ, എയ്റോബിക് പോലുള്ള വ്യായാമങ്ങള്‍ എന്നിവ ഏറെ നല്ലതാണ്്. ഇത് തടസ്സമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യും. കൃത്യമായ സമയത്ത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ച്ചെല്ലാത്തപ്പോള്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയത്ത് വ്യായാമം ചെയ്യുന്നത് ഉറക്കം വൈകാന്‍ കാരണമാണ്.

4. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും

രാത്രി മിതമായ രീതിയിലെങ്കിലും മദ്യപിച്ചാല്‍ നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലരിലുമുണ്ട്. ഉറക്കമില്ലാത്തവര്‍ പലപ്പോഴും മദ്യത്തെ ആശ്രയിക്കാറുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഞരമ്പിനെ തളര്‍ത്തുകയാണ് ചെയ്യുന്നത്.

ലഹരി ഉറക്കം വരുത്തുമെന്നേയുള്ളൂ, നന്നായി ഉറങ്ങാന്‍ ഒരിക്കലും മദ്യം സഹായിക്കില്ല.

5. വിഡിയോ ഗെയിമും ടിവിയും വേണ്ട

അതുപോലെ ഉറങ്ങുന്നതിനു മുമ്പ് വിഡിയോ ഗെയിം കളിക്കാതെ ഇരിക്കുക. കൂടാതെ എന്തെങ്കിലും തരത്തില്‍ ആകാംഷയുണ്ടാക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

മൊബീല്‍ ഗെയിമുകളും ഒഴിവാക്കണം.

6. മധുര പാനീയങ്ങള്‍ ഒഴിവാക്കണം

വൈകുന്നേരം ആറിനുശേഷം മധുര പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം. പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമര്‍ദ്ദം അകറ്റാന്‍ സഹായിക്കും.

സോഡ തീര്‍ത്തും ഒഴിവാക്കണം.

ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ ഒരു പിഞ്ചുകുഞ്ഞിനെ പോലെ ശാന്തമായി സമാധാനമായി നമുക്കും ഉറങ്ങാനുള്ള മന്ത്രങ്ങള്‍ സ്വന്തമാക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it