രാത്രി വൈകിയുള്ള ജോലി ഹൃദയത്തെ ബാധിക്കുമോ? ഹൃദ്രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിദഗ്ധ മറുപടി
ആധുനിക കാലത്ത് സൗകര്യങ്ങള്‍ക്കൊപ്പം രോഗങ്ങളും വര്‍ധിക്കുകയാണ്. പണ്ട് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് പിടിപെട്ടിരുന്ന പല രോഗങ്ങളും ഇന്ന് ചെറുപ്പക്കാരുമായാണ് 'സഹവാസം'. ചെറുപ്പക്കാരുടെപോലും പേടിസ്വപ്നമായി മാറിയ ഹൃദ്രോഗങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങളെന്തെല്ലാം? ഉത്തരം നല്‍കുന്നത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും ബാംഗ്ളൂരിലെ നാരായണ ഹൃദയാലയ ആശുപത്രിയുടെ സ്ഥാപകനുമായ ഡോ. ദേവിപ്രസാദ് ഷെട്ടി.
ഹൃദയസംരക്ഷണത്തിന് പ്രധാനമായും എന്തെല്ലാം ശ്രദ്ധിക്കണം?
ഭക്ഷണത്തില്‍ കൂടുതല്‍ മാംസ്യവും (പ്രോട്ടീന്‍) കുറച്ച് അന്നജവും (കാര്‍ബോഹൈഡ്രേറ്റ്) വളരെ കുറച്ച് എണ്ണയും ഉള്‍പ്പെടുത്തുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂര്‍ നടക്കുക, ലിഫറ്റും തുടര്‍ച്ചയായ ഇരിപ്പും ഒഴിവാക്കുക. പുകവലിക്കരുത്. രക്ത സമ്മര്‍ദവും പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുക.
ഹൃദയസമ്മര്‍ദം എങ്ങനെ കുറയ്ക്കാം?
ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറ്റുക. എല്ലാക്കാര്യത്തിലും പൂര്‍ണത വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്.
ക്രമമല്ലാത്ത ഭക്ഷണ ശീലങ്ങള്‍ ഹൃദയത്തെ ബാധിക്കുമോ?
ഭക്ഷണ ക്രമം താളംതെറ്റുന്നതോടെ ജങ്ക് ഫുഡ് കഴിക്കാന്‍ തുടങ്ങും. സമയക്രമം തെറ്റുന്നത് ശരീരത്തിലെ ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പ്പാദനത്തെ ബാധിക്കും.
ഹൃദയത്തിന് ഏറ്റവും നല്ലതും ഏറ്റവും ചീത്തയുമായ ഭക്ഷണം ഏതാണ്?
പഴങ്ങളും പച്ചക്കറികളുമാണ് മികച്ചത്. എണ്ണയാണ് ഏറ്റവും മോശം.
പൂര്‍ണ്ണ ആരോഗ്യവാന്‍മാരായി കാണപ്പെടുന്നവര്‍ക്കു പോലും ഹൃദയാഘാതം സംഭവിക്കുന്നു. കാരണം?
നിശബ്ദ ഹൃദയാഘാതമാണിത്. അതുകൊണ്ടാണ് 30 വയസ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്ന് പറയുന്നത്.
ചെറുപ്പക്കാരുടെ ഇടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടാന്‍ കാരണമെന്താണ്?
മാറിയ ജീവിത രീതികള്‍, പുകവലി, ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ എന്നിവ കാരണങ്ങളാണ്. യൂറോപ്പിനെയും അമേരിക്കയേയും അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടി കൂടുതലാണ്.
പലപ്പോഴും ജോലിത്തിരക്കുമൂലം വ്യായാമത്തിന് സമയം കിട്ടാറില്ല. നിത്യേനയുള്ള ജോലികള്‍ ചെയ്യുന്നതു വ്യായാമത്തിന് പകരമാകുമോ?
തീര്‍ച്ചയായും. അരമണിക്കൂറിലേറെ തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കണം. അങ്ങനെ വരുമ്പോള്‍ എഴുന്നേറ്റ് മറ്റൊരു കസേരയിലേക്ക് മാറി ഇരിക്കുന്നത്‌പോലും വളരെ ഗുണം ചെയ്യും.
ഹൃദയാഘാതം സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?
ഹൃദയാഘാതമുണ്ടായ ആളെ കിടത്തുക. അസ്പിരിന്‍ ഗുളിക നാവിനടിയില്‍ വയ്ക്കുക. സാധിക്കുമെങ്കില്‍ സാര്‍ബിറ്ററേറ്റ് ഗുളികയും നല്കുക. എത്രയും പെട്ടെന്ന് കൊറോണറി കെയര്‍ യൂണിറ്റിലെത്തിക്കുക.
മരുന്നുകളുടെ സഹായമില്ലാതെ കൊളസ്ട്രോള്‍ എങ്ങനെ നിയന്ത്രിക്കാം?
ഭക്ഷണ ക്രമീകരണത്തിലൂടെയും നടത്തത്തിലൂടെയും. വാള്‍നട്ട് കഴിക്കുന്നതും ഗുണം ചെയ്യും.
ഐറ്റി പോലുള്ള മേഖലകളില്‍ പലരും രാത്രി വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങുക. ഇത് ഹൃദയത്തെ ബാധിക്കുമോ?
ചെറുപ്പമാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളില്‍ പ്രകൃതി തന്നെ സംരക്ഷണം നല്‍കും. പ്രായം കൂടുന്തോറും കൂടുതല്‍ ശ്രദ്ധിക്കണം.
പ്രമേഹവും ഹൃദ്രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.
ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഭക്ഷണക്രമം, വ്യായാമം, കൃത്യസമയത്ത് മരുന്ന് കഴിക്കുക, കൊളസ്ട്രോള്‍ നിയന്ത്രിക്കുക, രക്ത സമ്മര്‍ദവും ശരീരഭാരവും നിയന്ത്രിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം.
(വിപ്രോയിലെ ജീവനക്കാരുമായി ഡോ. ദേവിപ്രസാദ് ഷെട്ടി നടത്തിയ സംഭാഷണത്തില്‍ നിന്ന്)