എന്താ ക്ഷീണമാണോ?

പലപ്പോഴും നമുക്ക് ഉറക്കക്കുറവും തളർച്ചയും തോന്നാറില്ലേ? നാം പ്ലാൻ ചെയ്യുന്ന പല കാര്യങ്ങളും നടത്താനാവാതെ പോകുന്നത് ഇതുകൊണ്ടാണ്. ഈ നിരന്തരമായ ക്ഷീണം വ്യക്തി ജീവിതത്തേയും പ്രൊഫഷണൽ ജീവിതത്തേയും കാര്യമായി ബാധിക്കും.

പ്രായം കൂടുന്നതാണ് തളർച്ചയുടെ കാരണമെന്നായിരുന്നു മുൻപ് ഒരു വിഭാഗം വിശ്വസിച്ചിരുന്നത്. എന്നാലിപ്പോൾ ഗവേഷകർ ഈ വാദത്തെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ജീവിത ശൈലികളാണ് തളർച്ചയുടേയും ക്ഷീണയുടേയും പ്രധാന കാരണങ്ങൾ.

ഭക്ഷണം, വിശ്രമം എന്നിവ ശരിയായ രീതിയിലല്ലെങ്കിൽ ക്ഷീണം അനുഭവപ്പെടാം. ജീവിത ശൈലീ രോഗങ്ങളും ഇതിന് കാരണമാകുന്നുണ്ട്. ഓരോ ആളുകളും ചെയ്യുന്ന ആക്ടിവിറ്റികൾക്കനുസരിച്ച് അവരുടെ തളർച്ചയുടെ നിലവാരം അളക്കുന്ന രീതിയാണ് fatigability. ഈ രീതിയാണ് ഇപ്പോൾ പല ഗവേഷകരും പിന്തുടരുന്നത്.

മുതിർന്നവരിൽ അനുഭവപ്പെടുന്ന ക്ഷീണത്തിന് പലതുണ്ട് കാരണങ്ങൾ

  • അനീമിയ, ഹൃദയ സംബന്ധിയായ രോഗങ്ങൾ,പ്രമേഹം , ഹൈപ്പോ തൈറോയ്ഡിസം, വൃക്ക, കരൾ അസുഖങ്ങൾ, അണുബാധ, അസ്ഥി സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാകാം തളർച്ച.
  • ഇതുകൂടാതെ പ്രൊഫഷണൽ, വ്യക്തി ജീവിതത്തിലെ സമ്മർദങ്ങൾ, ഉത്‌ക്കണ്‌ഠ, വിഷാദം, ഒറ്റപ്പെടൽ എന്നിവയും തളർച്ചയ്ക്ക് കാരണമാകാം.
  • നിങ്ങൾ സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകൾ തളർച്ചയുണ്ടാക്കുന്നവയായിരിക്കാം.
  • പൊണ്ണത്തടിയുള്ളവർക്കും വളരെ ശോഷിച്ചവർക്കും പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാം.
  • ഭക്ഷണത്തിലെ പോഷകാഹാരക്കുറവ്, കുടിക്കുന്ന വെള്ളത്തിന്റെ അളവിലെ കുറവ് എന്നിവ ചിലപ്പോൾ ഇതിന്റെ കാരണമാകാം.

ഉന്മേഷമുള്ളവരാകാൻ ഇതാ ചില ടിപ്സ്

മേല്പറഞ്ഞ അസുഖങ്ങൾ ഒന്നും ഇല്ലാത്തവരാണ് നിങ്ങളെങ്കിൽ കൂടുതൽ ഊർജസ്വലരാകാൻ ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയാൽ മതിയാകും.

  • ഓരോ ആഴ്ചയും നിങ്ങളുടെ ഫിസിക്കൽ ആക്ടിവിറ്റി ഘട്ടം ഘട്ടമായി ഉയർത്തണം. ഇതിന് ആയാസകരമായ വ്യായാമ മുറകൾ തന്നെ വേണമെന്നില്ല. ഇരുന്ന് ചെലവിടുന്ന സമയം കുറച്ചാൽ മതിയാകും.
  • അടുത്ത സ്ഥലങ്ങളിലേക്ക് പോകാൻ വാഹനത്തിന്റെ സഹായം തേടുന്നത് നിർത്താം. പകരം നടക്കാം.
  • ഡോക്ടറെ കാണുന്നുണ്ടെങ്കിൽ നിങ്ങൾ കഴിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും അദ്ദേഹത്തെ അറിയിക്കുക.
  • കഫീൻ, മദ്യം, ഉയർന്ന അളവിൽ പഞ്ചസാരയടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഇവ കഴിയുന്നത്ര കുറക്കാൻ ശ്രമിക്കുക.
  • സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it