എന്തിനാണ് ഈ സുഖ ചികിത്സ?

ഇത് കര്‍ക്കിടകം. തിരക്കു പിടിച്ച ജീവിതത്തില്‍ സ്വന്തം ആരോഗ്യത്തിനു വേണ്ടി നീക്കി വെക്കേണ്ട മാസമാണെന്നാണ് കര്‍ക്കിടകത്തെ പൂര്‍വികര്‍ വിശേഷിപ്പിക്കുന്നത്. ആയുര്‍വേദത്തില്‍ കര്‍ക്കിടക ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

എന്നാല്‍ ഓരോ കാര്യങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന നമ്മള്‍ക്ക് ദിവസങ്ങളോളം ചെലവിട്ട് സുഖ ചികിത്സ നടത്താനൊക്കെ എവിടെയാണ് സമയം, അല്ലേ? പേടിക്കേണ്ട കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന ഫലപ്രദമായ ചികിത്സാ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആളുകളെ ആകര്‍ഷിക്കുകയാണ് ആയുര്‍വേദ സ്ഥാപനങ്ങള്‍. കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ലളിതമായ വിധികള്‍ അവതരിപ്പിച്ച് മോഡേണ്‍ ആകാന്‍ തന്നെയാണ് കര്‍ക്കിടക ചികിത്സയുടെ തീരുമാനം.

തകര്‍ത്തുപെയ്യുന്ന മഴയും ശീതക്കാറ്റും അന്തരീക്ഷത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പനിയും ചുമയും ജലദോഷവും മുതല്‍ ആസ്ത്മ, വാതരോഗങ്ങള്‍, സന്ധിരോഗങ്ങള്‍, അലര്‍ജി തുടങ്ങി എല്ലാ ശരീരദോഷങ്ങളേയും പുറത്തെത്തിക്കുന്ന കാലം കൂടിയാണിത്. ഇതിനു പുറമെ ശരീരത്തിലെ ദഹനപ്രക്രിയ മന്ദീഭവിക്കുന്നതും വര്‍ഷകാലത്താണ്. ഏറ്റവും ക്ഷീണാവസ്ഥയില്‍ ആയുര്‍വേദചികിത്സ നടത്തുന്നത് ശരീരബലം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. പഥ്യാഹാരവും വിശ്രമവും ചികിത്സക്ക് ഗുണമേറ്റും.

മുന്‍ കാലങ്ങളിലെ ദീര്‍ഘകാലചികിത്സകള്‍ക്ക് പൊതുവെ ഇന്ന് സ്വീകാര്യത കുറവാണ്. അതുകൊണ്ട് വലിയ ശാരീരികപ്രയാസങ്ങളില്ലാത്തവര്‍ക്ക് നവോന്മേഷത്തിനായി ലളിതചികിത്സകള്‍ നിരത്തിവെക്കുന്നു ചികിത്സാകേന്ദ്രങ്ങള്‍. ഇത് ഉഴിച്ചില്‍ കാലം സാധാരണയായി വിവിധതരം ഉഴിച്ചിലുകള്‍ക്കാണ് ഈ സമയത്ത് ആവശ്യക്കാരെത്താറുള്ളതെന്ന് ഷൊര്‍ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടായ 'റിവര്‍ റിട്രീറ്റി'ലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.ബിനു ബാഹുലേയന്‍ പറഞ്ഞു.

ആര്‍ത്രൈറ്റീസ് പോലുള്ള രോഗക്കാര്‍ക്ക് ഉഴിച്ചിലിനൊപ്പം ഇലക്കിഴി, പൊടിക്കിഴി എന്നിവ നിര്‍ദേശിക്കാറുണ്ട്. ഒന്നര മണിക്കൂറോളം നീളും ഇവയുടെ ദൈര്‍ഘ്യം. ഉഴിച്ചിലിനും ധാരയ്ക്കും വേണ്ടി എത്തുന്നവരുമുണ്ട്. ശാന്തമായ അന്തരീക്ഷവും മിതാഹാരവും ചികിത്സയുമായി ദിവസങ്ങള്‍ ചെലവഴിച്ച് നവോന്മേഷത്തോടെ തിരികെപ്പോകാനെത്തുന്നവരില്‍ അധികവും ബിസിനസുകാരാണ്.

ശരീരഭാരം കുറയ്ക്കാന്‍ ഉദ്വര്‍ത്തനമാണ് പ്രതിവിധി. അത് അല്‍പ്പം ദീര്‍ഘമായ ചികിത്സാവിധിയാണ്. എന്നാലും ആവശ്യക്കാര്‍ തേടിയെത്താറുണ്ടെന്ന്
കോഴിക്കോട്ടെ ഒരു പ്രമുഖ ആയുര്‍വേദകേന്ദ്രം അധികൃതരും അഭിപ്രായപ്പെട്ടു. ശരീരത്തില്‍ നീരുണ്ടെങ്കില്‍ അത് കളയാന്‍ പൊടികൊണ്ട് ഉഴിയുന്ന ചികിത്സയുമുണ്ട്.

തടി കുറയ്ക്കാനും ഈ രീതി ഉപയോഗിക്കാറുണ്ട്. ഇതില്‍ ഉഴിച്ചിലിനു ശേഷം കുളിക്കാന്‍ പാടില്ലെന്ന് ആയുര്‍വേദം. അഭ്യംഗം (എണ്ണയിട്ടുഴിച്ചില്‍) ആണ് ഏറ്റവും സ്വീകാര്യതയുള്ള കര്‍ക്കിടക ചികിത്സ.

ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഈ ഉഴിച്ചില്‍ സഹായിക്കും. സ്റ്റീം ബാത്ത് കൂടി നടത്തിയാല്‍ ഗുണം കൂടും. ദോഷാംശങ്ങള്‍ തള്ളിക്കളഞ്ഞ് ശരീരത്തെ പുതുക്കിയെടുക്കുന്ന ഈ ചികിത്സ കാലാനുസൃതമായി ഉപയോഗപ്പെടുത്തുന്നത് നല്ലതുതന്നെ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it