പരിചയപ്പെടുന്നവരുടെ പേരുകള്‍ മറന്നു പോകാറുണ്ടോ? ഇതാ ഓര്‍മിക്കാന്‍ എളുപ്പ വഴികള്‍

ജോണ്‍ മുഴുത്തേറ്റ്

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം. 'ഒരു വ്യക്തിക്ക് ഈ ഭൂമുഖത്ത് ഏറ്റവും മധുരമേറിയ സ്വരം അയാളുടെ പേരു തന്നെ'യെന്നാണ് ഡെയ്ല്‍ കാര്‍ണിജി വ്യക്തമാക്കിയിട്ടുള്ളത്. ഒരുവന്റെ ഉണ്മയുടെയും അസ്തിത്വത്തിന്റെയും അംഗീകാരമാണ് അവന്റെ പേര്. ഈ ശബ്ദം അവന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അതവന്റെ ഉപബോധമനസ്സില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മാറ്റൊലി സൃഷ്ടിക്കുന്നു. മധുരമായി പേരു ചൊല്ലി വിളിക്കുന്ന വ്യക്തിയോട് അവന് അദൃശ്യമായ ഒരു ആത്മബന്ധം അനുഭവപ്പെടുന്നു. സ്‌നേഹവാത്സല്യങ്ങളുടെ ശൈശവകാല ഓര്‍മകളുണര്‍ത്തുന്നു. പേരിന്റെ ശബ്ദവീചികള്‍ അവന്റെ ഓരോ കോശത്തെയും കോള്‍മയിര്‍ക്കൊള്ളിക്കുന്നു. അവന്റെ അന്തരംഗങ്ങളില്‍ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തുന്നു. പേരിന്റെ മാസ്മരികശക്തിയില്‍ വ്യക്തിബന്ധങ്ങള്‍ ഊഷ്മളമാകുന്നു. സ്‌നേഹപൂര്‍വം പേരു വിളിക്കുന്ന അധ്യാപകനും സഹപാഠിയും നേതാവും സുഹൃത്തും മാതാപിതാക്കളും എല്ലാം നമുക്കു കൂടുതല്‍ പ്രിയങ്കരമായിത്തീരുന്നു.

പേരുകള്‍ മറക്കാതിരിക്കാം

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം. 'ഒരു വ്യക്തിക്ക് ഈ ഭൂമുഖത്ത് ഏറ്റവും മധുരമേറിയ സ്വരം അയാളുടെ പേരു തന്നെ'യെന്നാണ് ഡെയ്ല്‍ കാര്‍ണിജി വ്യക്തമാക്കിയിട്ടുള്ളത്. ഒരുവന്റെ ഉണ്മയുടെയും അസ്തിത്വത്തിന്റെയും അംഗീകാരമാണ് അവന്റെ പേര്. ഈ ശബ്ദം അവന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു. അതവന്റെ ഉപബോധമനസ്സില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മാറ്റൊലി സൃഷ്ടിക്കുന്നു. മധുരമായി പേരു ചൊല്ലി വിളിക്കുന്ന വ്യക്തിയോട് അവന് അദൃശ്യമായ ഒരു ആത്മബന്ധം അനുഭവപ്പെടുന്നു. സ്‌നേഹവാത്സല്യങ്ങളുടെ ശൈശവകാല ഓര്‍മകളുണര്‍ത്തുന്നു. പേരിന്റെ ശബ്ദവീചികള്‍ അവന്റെ ഓരോ കോശത്തെയും കോള്‍മയിര്‍ക്കൊള്ളിക്കുന്നു. അവന്റെ അന്തരംഗങ്ങളില്‍ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തുന്നു. പേരിന്റെ മാസ്മരികശക്തിയില്‍ വ്യക്തിബന്ധങ്ങള്‍ ഊഷ്മളമാകുന്നു. സ്‌നേഹപൂര്‍വം പേരു വിളിക്കുന്ന അധ്യാപകനും സഹപാഠിയും നേതാവും സുഹൃത്തും മാതാപിതാക്കളും എല്ലാം നമുക്കു കൂടുതല്‍ പ്രിയങ്കരമായിത്തീരുന്നു.
പേരുകള്‍ മറക്കാതിരിക്കാം

ഇത്രയേറെ പ്രാധാന്യവും മനഃശാസ്ത്രപ്രസക്തിയുമുള്ള പേര് എന്തുകൊണ്ട് നാം ഉപയോഗപ്പെടുത്തുന്നില്ല? പേരുകള്‍ മറന്നുപോകുന്നു എന്നതാണ് പലരുടെയും പരാതി. ഒരാളുടെ പേരു മറക്കാതിരിക്കാന്‍ അയാളെ പരിചയപ്പെടുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.പേരും മുഖവും ഓര്‍മിക്കാന്‍ മനഃശാസ്ത്ര വഴികള്‍

1 പേരോര്‍ക്കണമെന്ന താല്‍പ്പര്യവും ദൃഢനിശ്ചയവും

ഒരാളെ പരിചയപ്പെടുമ്പോള്‍ത്തന്നെ അയാളുടെ പേര് ഓര്‍ത്തിരിക്കണം എന്ന് കലശലായ താല്‍പ്പര്യം പുലര്‍ത്തുകയും അതിനായി ദൃഢനിശ്ചയം എടുക്കുകയും വേണം. എങ്കില്‍ മാത്രമേ പേരു പറയുന്ന വേളയില്‍ പ്രത്യേകം ശ്രദ്ധിക്കുകയും അത് ഓര്‍ക്കാനായി തന്ത്രങ്ങള്‍ മെനയുകയും ചെയ്യുകയുള്ളൂ.

2 ശ്രദ്ധയോടെ കേള്‍ക്കുക

പരിചയപ്പെടുന്ന വേളയില്‍ ഒരാള്‍ പേരു പറയുക സ്വാഭാവികമാണ്. അതു പലപ്പോഴും നാം ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിക്കാറില്ല. കാരണം, ഈ പേര് പിന്നീട് നിര്‍ബന്ധമായും ഓര്‍ത്തിരിക്കണമെന്ന താല്‍പ്പര്യം പുലര്‍ത്താറില്ല. ഒരാള്‍ പേരു പറയുമ്പോള്‍ ഏകാഗ്രതയോടെ പ്രത്യേകം ശ്രദ്ധിക്കുക. സ്വയം ആ പേരു പറഞ്ഞുനോക്കുക. ഉച്ഛാരണം വ്യക്തമായി കേട്ടില്ലെങ്കില്‍ പേര് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുക. പേരിന്റെ സ്‌പെല്ലിങ്ങും ചോദിച്ചു മനസ്സിലാക്കാം. അതും നിങ്ങള്‍ പറഞ്ഞുനോക്കുക.

3 അര്‍ത്ഥപൂര്‍ണമാക്കുക

കേട്ട പേര് അര്‍ത്ഥപൂര്‍ണമാക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി, ശാലിനി എന്ന പേരിന് ശാലീനയായവള്‍ എന്ന അര്‍ത്ഥപൂര്‍ണമായ വ്യാഖ്യാനം കൊടുക്കുക. മധുസൂദനന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തേന്‍ എന്നു ചിന്തിക്കുകയും തേനിന്റെ മധുരം നാക്കില്‍ അനുഭവപ്പെടുകയും ചെയ്യട്ടെ. എന്നാല്‍ അര്‍ത്ഥമില്ലാത്ത പേരുകളാണെങ്കിലോ? അതിനു പേരുമായി ഉച്ചാരണസാദൃശ്യമുള്ള അര്‍ത്ഥമുള്ള വാക്കു കണ്ടുപിടിക്കുക. ഉദാഹരണമായി, ജോര്‍ജ് എന്ന പേരു കേള്‍ക്കുമ്പോള്‍ ഓറഞ്ചിന്റെ ചിത്രം ഭാവനയില്‍ കൊണ്ടുവരികയും അതിന്റെ രുചിയും മണവും അനുഭവപ്പെടുന്നതായി സങ്കല്‍പ്പിക്കുകയും ചെയ്യുക.

4 പ്രത്യേകതകള്‍ നിരീക്ഷിക്കുക

പരിചയപ്പെടുന്ന വേളയില്‍ വ്യക്തിയുടെ പ്രത്യേകതകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ആളുടെ നിറം, ഉയരം, വണ്ണം തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കുക. മുഖത്തിന്റെ ആകൃതി, നീണ്ടതോ വട്ടത്തിലുള്ളതോ? മൂക്കിന്റെയും ചെവിയുടെയും പ്രത്യേകതകള്‍, കണ്ണിന്റെ നിറം, ചുണ്ടിന്റെ പ്രത്യേകതകള്‍ തുടങ്ങിയവയും ശ്രദ്ധിച്ചു മനസ്സിലാക്കുക. ഏതെങ്കിലും ശ്രദ്ധേയമായ പ്രത്യേകത ഓര്‍ത്തിരിക്കുക.

5 ബന്ധപ്പെടുത്തുക

ഒരാളുടെ പേരു കേള്‍ക്കുമ്പോള്‍ത്തന്നെ പരിചയമുള്ളതോ പ്രസിദ്ധനായതോ ആയ ഒരു വ്യക്തിയുടെ പേരുമായി ബന്ധപ്പെടുത്തുക. സുകുമാരന്‍ എന്ന പേര് ഓര്‍ക്കുവാന്‍ പ്രസിദ്ധനായ സുകുമാര്‍ അഴീക്കോടുമായി ബന്ധപ്പെടുത്തുക. മാത്യു എന്ന പേര് നിങ്ങളുടെ കുടുംബത്തിലുള്ളതോ സുഹൃദ്‌വലയത്തിലുള്ളതോ ആയ മറ്റൊരു മാത്യുവുമായി ബന്ധിപ്പിക്കുക. സുപരിചിതനായ വ്യക്തിയുടെ പേരുകാരനെ മറക്കാനിടയാകില്ലല്ലോ.

6 വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുക

ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക. അയാളുടെ ജോലി, ഹോബി, വിദ്യാഭ്യാസം, ജന്മദേശം, വിവാഹിതനോ അവിവാഹിതനോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയുക. ഇത്് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തോന്നിപ്പിക്കാത്ത തരത്തിലാകണം. ഇത്തരം വ്യക്തിപരമായ വിവരങ്ങള്‍ അയാളുടെ പേരും മുഖവും ഓര്‍മിക്കുവാന്‍ സഹായകരമായിരിക്കും.

7 പേര് ആവര്‍ത്തിച്ചു പറയുവാന്‍ ശ്രദ്ധിക്കുക

പരിചയപ്പെട്ട വ്യക്തിയുടെ പേര് സംഭാഷണത്തില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചുപയോഗിക്കുക. ('രജനി രജനിയുടെ കൂട്ടുകാരിയെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. രജനി പറഞ്ഞ കാര്യങ്ങള്‍ക്ക് ഞാന്‍ രജനിയോട് നന്ദിയുള്ളവളാണ്..') പിരിഞ്ഞുപോകുന്ന സമയത്ത് പേരു പറഞ്ഞ് വിടപറയുക ('രജനിയെ ഉടനെ ഇനിയും കാണാമെന്നു വിചാരിക്കുന്നു. ഗുഡ്്‌ബൈ രജനി'). ഇത്തരം ആവര്‍ത്തനം ആ പേര് മനസ്സിലുറയ്ക്കുവാന്‍ ഇടയാക്കുന്നു. എന്നതിനു പുറമെ അവള്‍ നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടുവാന്‍ കാരണമാവുകയും ചെയ്യും.

8 പേര് നെറ്റിയില്‍ എഴുതിയിരിക്കുന്നതായി ഭാവന ചെയ്യുക

അമേരിക്കയുടെ മുപ്പത്തിരണ്ടാമത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്്‌ളിന്‍ റൂസ്‌വെല്‍റ്റ് അസാധാരണമായ ഓര്‍മശക്തി പ്രകടിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിലെ എല്ലാ ജീവനക്കാരെയും അദ്ദേഹത്തിനു പേരുചൊല്ലി വിളിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് അവാച്യമായ ഒരു ആത്മബന്ധം അവര്‍ക്ക് അദ്ദേഹത്തോടു തോന്നിയിരുന്നു. ഒരു വ്യക്തിയെ പരിചയപ്പെടുന്ന വേളയില്‍ അയാളുടെ പേരെഴുതിയ നെയിംബോര്‍ഡ് അയാളുടെ നെറ്റിയില്‍ തൂക്കിയിരിക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു. ഈ വിദ്യ പേരു മറക്കാതിരിക്കാന്‍ അദ്ദേഹത്തെ ഏറെ സഹായിച്ചത്രെ. ഈ ഭാവനാതന്ത്രം നിങ്ങള്‍ക്കും വിജയകരമായി പരീക്ഷിക്കാവുന്നതാണ്. നെറ്റിയിലെ പേര് ആകര്‍ഷണീയമായ വര്‍ണത്തിലും വലിപ്പത്തിലും എഴുതിയിരിക്കുന്നതായി സങ്കല്‍പ്പിക്കാം.

9 ബിസിനസ് കാര്‍ഡ് ചോദിച്ചു വാങ്ങുക

രണ്ടുപേര്‍ തമ്മില്‍ പരിചയപ്പെടുമ്പോള്‍ പരസ്പരം ബിസിനസ് കാര്‍ഡ് കൈമാറുന്ന പതിവുണ്ട്. നിങ്ങള്‍ പുതിയതായി പരിചയപ്പെടുന്ന വ്യക്തിയുടെ കാര്‍ഡ് ചോദിച്ചുവാങ്ങുക. അതു നിങ്ങള്‍ക്കയാളോടുള്ള താല്‍പ്പര്യം പ്രകടമാക്കുകയും അതയാളെ സന്തോഷിപ്പിക്കുകയും ചെയ്യും. ഈ കാര്‍ഡില്‍ നോക്കി അയാളുടെ പേര് മനസ്സിരുത്തി ഉടന്‍തന്നെ വായിക്കുക. പേരിന്റെ സ്‌പെല്ലിങ് പ്രത്യേകം ശ്രദ്ധിക്കുക. അയാളുടെ ഡിഗ്രി, ജോലി തുടങ്ങിയവ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങളും ഓര്‍ക്കാന്‍ ശ്രമിക്കുക. പിന്നീട്, ഈ വ്യക്തിയുടെ പേരു മറന്നാല്‍ത്തന്നെ കാര്‍ഡില്‍ നോക്കി ഓര്‍മ പുതുക്കാനും കഴിയും. കാര്‍ഡില്ലാത്തവരുടെ പേരും നമ്പറും നിങ്ങളുടെ മൊബീലില്‍ ശേഖരിച്ചുവെക്കാം. അല്ലെങ്കില്‍ ഡയറിയില്‍ രേഖപ്പെടുത്താം. പിന്നീട് ആവശ്യം വരുമ്പോള്‍ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

(ഡോ. ജോണ്‍ മുഴുത്തേറ്റ് രചിച്ച, വിജയിക്കാന്‍ ഒരു മസ്തിഷ്‌കം എന്ന പുസ്തകത്തില്‍ നിന്നെടുത്ത ഒരു ഭാഗമാണിത്. മാതൃഭൂമി ബുക്സ് ഡിവിഷനായ ആസ്പയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 210 രൂപ. മനഃശക്തിയുടെ രഹസ്യങ്ങളും അത് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it