വിജയിക്കാന്‍ സദ്ഗുരുവിന്റെ 1 0 മന്ത്രങ്ങള്‍

എല്ലാവരും വിജയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പരിശ്രമിച്ചിട്ടും വിജയം നമുക്ക് പിടിതരാത്ത ഒന്നായി തോന്നിയിട്ടുണ്ടോ? ചിലരിലേക്ക് വിജയം മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ കടന്നുവരുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷെ വ്യത്യസ്തമായ ഒരു വീക്ഷണത്തിനുള്ള സമയമാകാം ഇത്.

സദ്ഗുരുവിന്റെ വിജയത്തിലേക്കുള്ള 10 മന്ത്രങ്ങള്‍ ഇതാ...

1. ഭാഗ്യത്തെ മറന്നേക്കൂ, ദൃഢനിശ്ചയം മതി

ചില കാര്യങ്ങള്‍ ആകസ്മികമായി നിങ്ങളുടെ ജീവിതത്തിലേക്കു വന്നു ചേര്‍ന്നെന്നിരിക്കും. അതുകൊണ്ട് അത്തരം ഭാഗ്യങ്ങളെ കാത്തിരിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ജീവിതാവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. വരാനിരിക്കുന്ന വിധിയെ ഓര്‍ത്ത് ജീവിക്കാന്‍ തുടങ്ങിയാല്‍ എക്കാലവും നിങ്ങള്‍ ഭീതിയിലും ആകാംക്ഷയിലും ജീവിക്കേണ്ടിവരും. പകരം ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് വരാനിരിക്കുന്നതെന്നോ ആശങ്കപ്പെടേണ്ടി വരില്ല. കാരണം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. കുറേക്കൂടി സ്ഥിരതയുള്ള ജീവിതമായിരിക്കും അത്.

2. പരാജയം സംഭവിക്കുമെന്ന് ഉറപ്പിക്കുന്നത് നിര്‍ത്തു

ആത്മാര്‍പ്പണത്തോടെ പ്രയത്‌നിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പരാജയം എന്നൊന്ന് ഇല്ല. ഒരു ദിവസം നിങ്ങള്‍ 100 തവണ വീണിട്ടുണ്ടെങ്കില്‍ 100 പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകും. നിങ്ങള്‍ ലക്ഷ്യം നേടാനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ മനസ് ഓര്‍ഗനൈസ്ഡ് ആകും. ഒരിക്കല്‍ നിങ്ങളുടെ മനസ് ഓര്‍ഗനൈസ്ഡ് ആയാല്‍ നിങ്ങളുടെ വികാരങ്ങളും ഓര്‍ഗനൈസ്ഡ് ആകും. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്നത് എന്താണോ അതുതന്നെയാണ് നിങ്ങളുടെ അനുഭവം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും ഓര്‍ഗനൈസ്ഡ് ആയാല്‍ നിങ്ങളുടെ എനര്‍ജിയും ശരീരവും ഓര്‍ഗനൈസ്ഡ് ആകുന്നു. ഒരിക്കല്‍ ഈ നാലു ഘടകങ്ങളും ഒറ്റ ദിശയിലേക്ക് ഓര്‍ഗനൈസ്ഡ് ആയാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് സൃഷ്ടിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരമായിരിക്കും. വിവിധ മേഖലകളിലെ സൃഷ്ടാക്കളായി നിങ്ങള്‍ മാറും.

3. വ്യക്തതയോടെ ജോലി ചെയ്യൂ

ഒരു മനുഷ്യന് ആത്മവിശ്വാസമല്ല, വ്യക്തതയാണ് ആവശ്യം. ഒരു കൂട്ടം ആളുകളുടെ ഇടയിലൂടെ നടന്നുപോകേണ്ടിവരുമ്പോള്‍ നിങ്ങളുടെ വിഷന്‍ വ്യക്തമാണെങ്കില്‍ ആ കൂട്ടത്തില്‍ ഒരാളെയും സ്പര്‍ശിക്കാതെ നടന്നുപോകാനാകും. നിങ്ങളുടെ വിഷന്‍ വ്യക്തമല്ല, പക്ഷെ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ആ കൂട്ടത്തിലെ എല്ലാവരെയും മറികടന്ന് പോകാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക. വ്യക്തതയില്ലായ്മയ്ക്ക് പകരമായി ആത്മവിശ്വാസമാണ് വേണ്ടതെന്ന് എല്ലാവരും ചിന്തിക്കുന്നു. എന്നാല്‍ അത് അങ്ങനെയല്ല. നാണയം ടോസ് ചെയ്താണോ നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കുന്നത്? 50 ശതമാനം സാഹചര്യങ്ങളില്‍ മാത്രമേ അത് ശരിയാകുകയുള്ളു. നിങ്ങളുടെ തീരുമാനങ്ങള്‍ 50 ശതമാനം മാത്രമേ ശരിയാകൂ എങ്കില്‍ കാലവസ്ഥാനിര്‍ണ്ണയവും ജ്യോതിഷവും മാത്രമാണ് നിങ്ങള്‍ക്ക് ചേരുന്ന ജോലി. ഈ ലോകത്തെ മറ്റൊരു ജോലിയും നിങ്ങള്‍ക്ക് ചെയ്യാനാകില്ല.

4. ഇഷ്ടമല്ലാത്തവയെ വാരിപ്പുണരൂ

ജീവിതത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ നമുക്ക് വ്യത്യസ്തമായ രീതികളിലേക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിയണം. അല്‍പ്പം വഴക്കമുള്ള വ്യക്തിത്വമാണ് നിങ്ങളുടേതെങ്കില്‍ എളുപ്പത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നിങ്ങള്‍ക്ക് മാറാനാകും. പക്ഷെ ചില വ്യക്തികള്‍ പാറ പോലെയാണ്. എല്ലാസമയവും ആ പാറ അവര്‍ക്കുമേല്‍ ഇരിക്കുകയും വ്യത്യസ്തമായ സാഹചര്യം വരുമ്പോള്‍ അത് അവര്‍ക്ക് കഠിനമായ യാതനകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആ പാറ പൊട്ടിച്ചുകളയാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വ്യക്തികളുമായി കുറച്ചുസമയം സന്തോഷത്തോടെ ചെലവിടുക. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുക. ഇതെല്ലാം അര്‍ത്ഥവത്തായും സന്തോഷത്തോടെയും സ്‌നേഹത്തോടെയും വേണം ചെയ്യാന്‍.

5. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ വേണ്ട

ഉല്‍കൃഷ്ഠമാക്കണം എന്നതിനായി തീവ്രമായി ആശിക്കണം എന്നില്ല. നിങ്ങള്‍ ആരാണ്, എന്താണ് എന്നൊക്കെയുള്ള എല്ലാ ആശങ്കകളും മാറ്റിവെച്ച് നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യവും പരിധിയും നിശ്ചയിക്കുക. നിങ്ങള്‍ മഹത്തായ ഒരു വ്യക്തിത്വമായി മാറുകതന്നെ ചെയ്യും. മഹത്തായ വ്യക്തികളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും, അവര്‍ക്ക് മഹത്വമുണ്ടായത് അവര്‍ അത് തേടിയതുകൊണ്ടല്ല. പകരം അവര്‍ ജീവിതത്തെ നോക്കിക്കണ്ടത് അവര്‍ ഇപ്പോള്‍ എങ്ങനെയാണ് എന്നതിന് അതീതമായിട്ടായിരുന്നു. 'എന്നെക്കൊണ്ട് എന്ത് സാധിക്കും' എന്ന ഒരേയൊരു കണക്കുകൂട്ടല്‍ തലയില്‍ നിന്ന് നിങ്ങള്‍ ഒഴിവാക്കുക. എന്നിട്ട് നിങ്ങളുടെ കഴിവിന് ഏറ്റവും മികച്ചതായി ജോലി ചെയ്താല്‍ സ്വാഭാവികമായും നിങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മഹത്വത്തിലേക്ക് ഉയരും.

6. വിജയിക്കാന്‍ യോഗ

നാഡീവ്യൂഹവും ഊര്‍ജ്ജസംവിധാനങ്ങളും വലിയ രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് തോള്‍പ്പലകള്‍ക്ക് ഇടയിലും മുകളിലുമാണ്. അതുകൊണ്ടുതന്നെ കഴുത്തിന്റെ ഭാഗങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. 3-4 മിനിറ്റോളം കഴുത്തിന് വേണ്ടിയുള്ള വ്യായാമമുറ പ്രാക്ടീസ് ചെയ്യുന്നത് ജാഗ്രതയും ഉല്‍സാഹവും ലഭിക്കാന്‍ ഏറെ പ്രയോജനപ്പെടും. (യൂട്യൂബില്‍ സത്ഗുരുവിന്റെ 'നെക്ക് പ്രാക്റ്റീസസ്' എന്ന പേരിലുള്ള വീഡിയോയില്‍ ഇത് വിശദമാക്കിയിരിക്കുന്നു.) നാഡിസംബന്ധമായ നവചൈതന്യം, ഓര്‍മശക്തി, ബുദ്ധികൂര്‍മ്മത തുടങ്ങിയവയൊക്കെ ഇതുവഴി മെച്ചപ്പെടും.

7. പ്രസരിപ്പും സമചിത്തതയും ഉള്ളവരാകുക

ലോകത്ത് വിജയിക്കാന്‍ അടിസ്ഥാനപരമായി വേണ്ടത് മനസിനും ശരീരത്തിനുമുള്ള കരുത്താണ്. മനസിന് കടിഞ്ഞാണിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും പ്രധാനമായി നേടേണ്ട ഗുണം സമചിത്തതയാണ്. സമചിത്തതയിലൂടെ മനസിന്റെ പല തലങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നു. സമചിത്തതയില്ലെങ്കില്‍ മനസിനെ ഉപയോഗപ്പെടുത്താനുള്ള കഴിവ് വളരെ കുറയും. പ്രധാനമായി വേണ്ട മറ്റൊരു ഗുണം ആന്തരികമായും ബാഹ്യമായും ഉണ്ടാവേണ്ട പ്രസരിപ്പാണ്. നിങ്ങള്‍ക്ക് ഉയര്‍ന്ന അളവിലുള്ള ഊര്‍ജ്ജമുണ്ടെങ്കില്‍ ദിവസേന ജീവിതത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിജയത്തിലേക്ക് കുതിക്കാം. പ്രസരിപ്പും സമചിത്തതയും നിങ്ങളുടെ മനസിനും ശരീരത്തിനുമുണ്ടെങ്കില്‍ വിജയം കുറച്ചുകൂടി എളുപ്പത്തില്‍ നിങ്ങളിലേക്ക് വരും.

8. നിങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ക്കായി കാത്തിരിക്കൂ

നിങ്ങള്‍ക്ക് ചുറ്റുമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്താല്‍ സാധാരണഗതിയില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണാന്‍ കഴിയുമെന്നതാണ് ഉള്‍ക്കാഴ്ച എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉള്‍ക്കാഴ്ചയില്ലെങ്കില്‍ പിന്തുടരാനും പരിശ്രമിക്കാനും ഒന്നും തന്നെയില്ല. എന്തെങ്കിലും കാര്യത്തില്‍ ഗാഢമായ ഉള്‍ക്കാഴ്ച ഉണ്ടെങ്കില്‍ മാത്രമേ സാധാരണ പ്രവൃത്തികളെ 'എക്‌സ്ട്രാ ഓര്‍ഡിനറി' ആക്കി മാറ്റാന്‍ കഴിയൂ.

9. നിങ്ങളുടെ പ്രചോദനം കണ്ടെത്തൂ

എപ്പോഴും നിങ്ങള്‍ പ്രചോദിതരായിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഓരോ കാര്യം നിങ്ങള്‍ ചെയ്യുമ്പോഴും എന്തുകൊണ്ടാണ് അത് ചെയ്യുന്നത് എന്നതിന്റെ കാരണം പരിശോധിക്കുക. നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും നിങ്ങള്‍ നല്‍കുന്ന സംഭാവന എത്രത്തോളമുണ്ട് എന്ന വിശാലമായ മാനത്തിലാണ് നിങ്ങളുടെ പ്രവൃത്തികളെ നോക്കിക്കാണേണ്ടത്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളും മറ്റൊരു തരത്തില്‍ ലോകത്തിന് ചില സംഭാവനകള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നതെന്തായാലും മറ്റൊരാള്‍ക്ക് അതുവഴി പ്രയോജനമുണ്ടാകണം. നിങ്ങളുടെ സംഭാവനയെക്കുറിച്ച് ബോധ്യമുണ്ടാകുന്നത് നിങ്ങള്‍ക്ക് പ്രചോദനം നല്‍കും.

10. സത്യനിഷ്ഠയില്‍ സുവര്‍ണ്ണ മാനദണ്ഡം തന്നെ നിശ്ചയിക്കൂ

മറ്റുള്ളവരുമായി നിങ്ങള്‍ ഇടപെടുമ്പോള്‍ എത്രമാത്രം വിശ്വാസം ആര്‍ജ്ജിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ലോകത്ത് നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ദൈനംദിന പരിശ്രമങ്ങള്‍ എത്രമാത്രം ലഘുവോ കഠിനമോ ആണെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ സത്യനിഷ്ഠ അഥവാ ഇന്റഗ്രിറ്റി പരമപ്രധാനമാണ്. വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായാല്‍ ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവ് വളരെയധികം കൂടും. എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കു മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം അവര്‍ നിങ്ങള്‍ക്കായി പാതയൊരുക്കും.

കടപ്പാട്: ഇഷ ഇന്‍സൈറ്റ്‌

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it