ജീവിതത്തില്‍ സംതൃപ്തിയും സമൃദ്ധിയും നേടാന്‍ ചിന്താഗതിയില്‍ മാറ്റം വരുത്താം

ദാരിദ്ര്യവും സമ്പത്തുമെല്ലാം യഥാര്‍ത്ഥത്തില്‍ മനോനിലയാണ്. ദൈവം ഒരാളേയും ദരിദ്രനായി സൃഷ്ടിക്കുന്നില്ല. നിങ്ങള്‍ ഈ പ്രപഞ്ചത്തിലേക്കു നോക്കു. എങ്ങും ദാരിദ്ര്യമോ ദൗര്‍ലഭ്യമോയില്ല. എണ്‍പതുകളില്‍ നാം എഴുപതുകളിലേക്കാള്‍ കൂടുതല്‍ ലക്ഷപ്രഭുക്കളെ കണ്ടു. തൊണ്ണൂറുകളില്‍ ലക്ഷപ്രഭുക്കളുടെ എണ്ണം അതിനേക്കാള്‍ ഏറെയായിരുന്നു. മറ്റൊരിക്കലും കാണാത്തത്ര സമ്പദ്സമൃദ്ധിയാണ് നാം 2000ത്തില്‍ കണ്ടത്. ഈ പ്രപഞ്ചത്തില്‍ സമ്പത്തിന് യാതൊരു പഞ്ഞവുമില്ല. സ്നേഹം, പ്രകാശം, ഊഷ്മളത, സമൃദ്ധി എന്നീ നാല് അടിസ്ഥാന ഘടകങ്ങളെ ആസ്പദമാക്കിയാണ് പ്രപഞ്ചം നിലകൊള്ളുന്നതെന്ന് വേദങ്ങള്‍ പറയുന്നു. ഈ നാല് പ്രപഞ്ചസത്യങ്ങളില്‍ ഒന്നിന്റെ അഭാവമോ ദൗര്‍ലഭ്യമോ ഏറ്റക്കുറച്ചിലോ ആണ് മറ്റെല്ലാം. ദാരിദ്ര്യം എന്നാല്‍ സമൃദ്ധി ഇല്ലാത്ത അവസ്ഥ. രോഗം പ്രകൃത്യാലുള്ള ഒരു അവസ്ഥയല്ല മറിച്ച് ആരോഗ്യത്തിന്റെ കുറവാണ്. നിങ്ങളുടെ അകത്തുള്ള ലോകത്തിന്റെ പ്രതിഫലനമാണ് നിങ്ങള്‍ പുറത്തു കാണുന്ന ലോകം.

പുറത്തുള്ള ദാരിദ്ര്യത്തെ കീഴടക്കാന്‍ ഒരുങ്ങും മുമ്പ് നിങ്ങളുടെ ഉള്ളിലുള്ള ദാരിദ്ര്യത്തെ കീഴ്പ്പെടുത്തിയിരിക്കണം. ശരിയായ സമ്പദ്സമൃദ്ധിയെന്നാല്‍ ആത്മീയമായ സമൃദ്ധി, പൂര്‍ണത എന്നിവയെയെല്ലാം കുറിച്ചുള്ള അന്തര്‍ജ്ഞാനമാണ്. നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന പ്രപഞ്ച സത്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ നമുക്കൊരിക്കലും ദരിദ്രനെന്ന തോന്നലുണ്ടാകില്ല. നിങ്ങളുടെ ചിന്താഗതി മാറ്റാന്‍ ഒരുപക്ഷേ ഈ കഥ ഉപകരിച്ചേക്കാം. കഥയിങ്ങനെ.

അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമത്തില്‍ ദരിദ്രയായ ഒരു സ്ത്രീ ജീവിച്ചിരുന്നു. പിന്നീട് അവര്‍ തന്റെ താമസം കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഗ്രാമത്തിലേക്കാക്കി. അവരുടെ പുതിയ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നു. അതിനു മുമ്പ് അവര്‍ വൈദ്യുതിയെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. വൈദ്യുത ബള്‍ബും കണ്ടിരുന്നില്ല. വീട്ടിലുണ്ടായിരുന്ന 20 വാട്ട് ബള്‍ബിന്റെ പ്രകാശം അവരെ ഏറെ ആഹ്ലാദവതിയാക്കി.

നിങ്ങളുടെ ചിന്താഗതി ഇങ്ങനെ മാറ്റൂ

ഒരിക്കല്‍ മറ്റൊരു തരത്തിലുള്ള ഇലക്ട്രിക് ബള്‍ബ് വില്‍ക്കുന്നതിനായി ഒരാള്‍ ആ വഴി വന്നു. വീട്ടിലെ ഒരു ബള്‍ബ് മാറ്റി തന്റെ കൈവശമുള്ള 100 വാട്ടിന്റെ ബള്‍ബ് ഘടിപ്പിക്കാന്‍ അയാള്‍ ആ സ്ത്രീയോട് അനുവാദം തേടി. അവര്‍ സമ്മതിച്ചു. ബള്‍ബ് മാറ്റിയിട്ട് സ്വിച്ചിട്ടതോടെ അവര്‍ അത്ഭുതപരതന്ത്രയായി. സൂര്യപ്രകാശത്തിനൊപ്പം നില്‍ക്കും വിധം പ്രകാശം ഒരു കൊച്ച് ബള്‍ബ് നല്‍കുന്നതിനെ ഇന്ദ്രജാലമായി അവര്‍ ഗണിച്ചു. ഇതുവരെയുണ്ടായിരുന്ന 20 വാട്ട് ബള്‍ബിനെ പ്രകാശമാനമാക്കിയ പ്രഭാവത്തിന് ഇത്രമാത്രം വെളിച്ചത്തിന്റെ പ്രഭാപൂരം നല്‍കാന്‍ സാധിക്കുമായിരുന്നുവെന്ന് അവര്‍ക്ക് അതുവരെ അറിയില്ലായിരുന്നു.

ഈ പാവം സ്ത്രീയുടെ അജ്ഞതയോര്‍ത്ത് നമുക്ക് ചിരിപൊട്ടും. പക്ഷേ, നമ്മില്‍ ഭൂരിഭാഗവും വൈദ്യുതിയെ കുറിച്ച് ആ സ്ത്രീയ്ക്കുണ്ടായിരുന്ന അജ്ഞതയേക്കാള്‍ കൂടുതല്‍ സ്വന്തം കഴിവിനെ കുറിച്ച് അജ്ഞത പുലര്‍ത്തുന്നവരാണ്. നമ്മിലുള്ള എല്ലാ കഴിവും വിനിയോഗിക്കുന്നുവെന്ന വിശ്വാസത്തില്‍, വിധി നമുക്ക് നല്‍കിയത് ഇതാണെന്ന് വിശ്വസിച്ചുകൊണ്ട്, ജീവിതകാലം മുഴുവന്‍ വെറും 20 വാട്ട് ബള്‍ബുമായി നാം കഴിച്ചുകൂട്ടുന്നു.

നമ്മില്‍ ഭൂരിഭാഗവും ദാരിദ്ര്യം നിറയുന്ന ചിന്താഗതികള്‍, ഭയം, പിശുക്ക്, ഇടുങ്ങിയ മനോവിചാരങ്ങള്‍ എന്നിവയെല്ലാമായി മല്‍പ്പിടുത്തം നടത്തുകയാണ്. ദാരിദ്ര്യം കൊണ്ട് കെട്ടപ്പെട്ട മാനസിക നിലകൊണ്ട് നാം നമ്മിലേക്ക് ഒഴുകിയെത്തുന്ന സമൃദ്ധിയുടെ പ്രവാഹത്തെ പൂര്‍ണമായി തടഞ്ഞുനിര്‍ത്തുന്നു. അതില്‍ നിന്ന് പുറത്ത് കടക്കൂ. ഒരാളെയും ദൈവം ദരിദ്രനായി സൃഷ്ടിക്കുന്നില്ല.

മാത്രവുമല്ല ഭൂരിഭാഗം സമ്പന്നരും വന്നിരിക്കുന്നത് തീര്‍ത്തും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ്. പക്ഷേ അവരുടെ ചിന്തകളില്‍ ദാരിദ്ര്യം ഇല്ലായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് നിങ്ങള്‍ പുറത്തുകടക്കണമെങ്കില്‍ ധാരാളിത്തവും സമ്പദ്സമൃദ്ധിയുമെല്ലാം നിങ്ങള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

മാനസികമായി ധാരാളിത്തത്തിന്റേതായ ശൈലിയിലേക്ക് ഉയരണം. നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ ആ തലത്തില്‍ ജീവിക്കണം. അങ്ങനെയെങ്കില്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള ചിന്തകള്‍ നിങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല. ഒരേ സമയം രണ്ട് വിരുദ്ധ ചിന്താഗതികള്‍ നിങ്ങളുടെ മനസില്‍ നിലനില്‍ക്കില്ല. ഇതില്‍ ശക്തിയേറിയ ചിന്താഗതിയെന്താണോ അത് എതിര്‍ധ്രുവത്തിലുള്ളതിനെ നിഷ്പ്രഭമാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it