ന്യൂഇയർ റെസൊല്യൂഷൻ ലക്ഷ്യത്തിലെത്തിക്കാം, ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ
ന്യൂഇയർ റെസൊല്യൂഷനുകൾ ഇപ്പോൾ ട്രോളർമാരുടെ ഇഷ്ട വിഷയമാണ്. തുടങ്ങുമ്പോഴേ മുടങ്ങിപ്പോകുന്ന കാര്യത്തിൽ കുപ്രസിദ്ധിയാർജിച്ചവയാണ് ഇവ. എന്നാൽ 2019 ലെ നിങ്ങളുടെ ന്യൂഇയർ റെസൊല്യൂഷൻ പാഴായിപ്പോകില്ല; ഈ അഞ്ച് കാര്യങ്ങൾ പിന്തുടർന്നാൽ.
1. വലിയ ലക്ഷ്യങ്ങൾ കണ്ടെത്തുക
നമ്മെ ഒരു വ്യക്തിയെന്ന നിലയിലും ഒരു പ്രൊഫഷണൽ എന്ന നിലയിലും ഉയർന്ന തലത്തിൽ എത്തിക്കാൻ പോന്ന വലിയ ഗോളുകൾ സെറ്റ് ചെയ്യണം. നമുക്ക് എളുപ്പത്തിൽ എത്തിപ്പിടിക്കാൻ കഴിയുന്നതിനപ്പുറമുള്ള ലക്ഷ്യങ്ങളായിരിക്കണം അവ.
2. ചെറുതായി വിഭജിക്കാം
വലിയ ലക്ഷ്യങ്ങളെ ചെറിയ ചെറിയ ജോലികളാക്കി തരം തിരിക്കാം. പടിപടിയായി മാത്രമേ വലിയ ലക്ഷ്യങ്ങളിലേക്കെത്തിപ്പെടാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന്, ബിസിനസിനെ കൂടുതൽ ലാഭകരമാക്കുകയാണ് നിങ്ങളുടെ ന്യൂഇയർ റെസൊല്യൂഷൻ എങ്കിൽ വളരെയധികം കാര്യങ്ങൾ ഇതിനായി ചെയ്യേണ്ടി വരും. സെയിൽസ് ടീമിനെ ശക്തിപ്പെടുത്തുക, കൂടുതൽ ഡിജിറ്റൈസ് ചെയ്യുക തുടങ്ങി അവയെ പല ഗോളുകളാക്കി വിഭജിക്കുക.
3. ഡെഡ് ലൈൻ സെറ്റ് ചെയ്യുക
മേൽപ്പറഞ്ഞ ചെറിയ ജോലികൾ ചെയ്ത് തീർക്കാൻ സമയ പരിധി നിശ്ചയിക്കണം. മാത്രമല്ല, ലക്ഷ്യത്തിലേക്കെത്താനുള്ള പരിശ്രമം ഇന്ന് തന്നെയാരംഭിക്കണം. പറഞ്ഞ ദിവസത്തിനുള്ളിൽ അവ ചെയ്തു തീർക്കാൻ പരമാവധി ശ്രമിക്കുക.
4. ചർച്ച ചെയ്യുക
നിങ്ങളുടെ ന്യൂഇയർ റെസൊല്യൂഷൻ സഹപ്രവർത്തകരോടൊ കുടുംബാംഗങ്ങളോടൊ ചർച്ച ചെയ്യാം. അവരുടെ നിർദേശങ്ങളും പ്രോത്സാഹനവും നിങ്ങൾക്ക് സഹായകമാവും.
5. വിലയിരുത്തുക
ലക്ഷ്യം നിറവേറ്റുന്ന കാര്യത്തിൽ നിങ്ങൾ എത്രമാത്രം വിജയിച്ചു എന്ന് ഇടയ്ക്കിടെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യമെങ്കിൽ ലക്ഷ്യത്തിലെത്താൻ ഇപ്പോൾ നിങ്ങൾ അവലംബിച്ച രീതികളിൽ മാറ്റങ്ങൾ കൊണ്ടുവരാം.