മണിമാളിക, 12 പരിചാരകർ; സ്കോട്ട്ലൻഡിൽ പഠിക്കുന്ന ഇന്ത്യൻ കോടീശ്വരപുത്രി മാധ്യമങ്ങളിലെ താരം 

ദൂരദേശങ്ങളിൽ പഠിക്കാൻ വിടുമ്പോൾ മക്കളുടെ താമസവും ഭക്ഷണവും എങ്ങനെ ആയിരിക്കുമെന്നോർത്ത് മിക്ക രക്ഷിതാക്കളും വിഷമിക്കാറുണ്ട്.

ഇതുപോലൊരു ആധി തോന്നിയതാണ് ഇന്ത്യയിലെ കോടീശ്വരനായ ഒരച്ഛന്. തന്റെ മകളെ കിഴക്കൻ സ്കോട്ട്ലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസിൽ ഉപരിപഠനത്തിനു ചേർത്തപ്പോൾ അവൾക്ക് താമസിക്കാനായി ഒരു പടുകൂറ്റൻ മാളിക അച്ഛൻ വാങ്ങി. അതുപോരാതെ പരിചാരകരെ ആവശ്യമുണ്ടെന്ന് കാണിച്ച് യുകെയിലെ മുൻനിര പത്രത്തിൽ പരസ്യവും കൊടുത്തു. റിക്രൂട്ടിങ് ഏജൻസിയായ സിൽവർ സ്വാന്‍ വഴിയായിരുന്നു പരസ്യം. ഒരു അൾട്രാ ഹൈ നെറ്റ് വർത്ത് കുടുംബമാണ് പരസ്യം നൽകിയത് എന്നല്ലാതെ കോടീശ്വരന്റെയോ മകളുടെയോ പേര് ഏജൻ‍സി പുറത്തുവിട്ടിട്ടില്ല.

പരസ്യം പുറത്തിറങ്ങിയതോടുകൂടി ഈ ഇന്ത്യൻ കോടീശ്വരപുത്രിയാണ് അവിടത്തെ മാധ്യമങ്ങളുടെ ചർച്ചാ വിഷയം.

ഒരു ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഒരു ഉദ്യാനപാലകൻ, ഒരു പരിചാരിക, ഒരു പാചകക്കാരന്‍, ഡ്രൈവർ തുടങ്ങി 12 പേർ അടങ്ങുന്നതാണ് പരിചാരക സംഘമെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു.

ഇവരുടെ ശമ്പളമാണ് ഞെട്ടിക്കുന്ന മറ്റൊരുകാര്യം. 30,000 പൗണ്ടാണ് ഒരു വർഷത്തേക്ക് ഒരു പരിചാരകന് നൽകുന്നത്. അതായത് ഏകദേശം 28 ലക്ഷം രൂപ.

രാവിലെ വിളിച്ചുണത്തി, പ്രഭാതഭക്ഷണം നൽകി, കോളജിൽ കൊണ്ടുപോയി തിരികെ കൊണ്ടുവന്ന് അത്താഴം നൽകി ഉറക്കുന്നതു വരെയുള്ള കാര്യങ്ങൾ ഇവർ നോക്കും. ഷോപ്പിങ്ങിനു പോകുമ്പോഴും മറ്റും ഒരു പരിചാരിക എപ്പോഴും കൂടെ ഉണ്ടാകും.

കോളജിലെ മിക്ക വിദ്യാർത്ഥികളും ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രസിദ്ധരായ വിദ്യാർത്ഥികളായിരുന്നു പ്രിൻസ് വില്ല്യമും (ഡ്യൂക്ക് ഓഫ് കേംബ്രിജ്) കെയ്റ്റ് മിഡിൽടണും (ഡച്ചസ് ഓഫ് കേംബ്രിജ്). അവർ പോലും വിദ്യാർത്ഥികളായിരുന്നപ്പോൾ വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു.

Related Articles

Next Story

Videos

Share it