'ആഡംബര' ചോക്ലേറ്റ് മുബൈയില്‍; വില 4.3 ലക്ഷം / കിലോ

ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് മുംബൈയിലെ വിപണിയിലിറക്കി എഫ്.എം.സി.ജി. കമ്പനിയായ ഐ.ടി.സി. ഗിന്നസ് ലോക റെക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടി. പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ 'ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്' ആണ് ഈ 'അത്യാഡംബര' ചോക്ലേറ്റ്. വില 4.3 ലക്ഷം രൂപ.

ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐ.ടി.സി. ശ്രമിക്കുന്നത്. ഓര്‍ഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക. ജാപ്പനീസ് കമ്പനിയായ എ ആന്‍ഡ് എ മെറ്റീരിയല്‍സ് കോര്‍പ്പറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് നിര്‍മ്മാണം.

ഫ്രാന്‍സിലെ ഇതിഹാസ മിഷെലിന്‍ സ്റ്റാര്‍ ഷെഫ് ആയ ഫിലിപ്പെ കോണ്ടീസിനിയുമായി ചേര്‍ന്നാണ് ഈ ലിമിറ്റഡ് എഡിഷന്‍ ചോക്ലേറ്റ് ചേരുവ തയ്യാറാക്കിയത്. മുംബൈയില്‍ അവതരിപ്പിച്ചയുടനെ കേക്ക് അതിവേഗം വിറ്റഴിഞ്ഞു. അപൂര്‍വ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേര്‍ത്താണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചി കൂടി പരിഗണിച്ച് ചോക്ലേറ്റ് രൂപപ്പെടുത്തിയത്.

കൈകൊണ്ട് തടിയില്‍ തീര്‍ത്ത ബോക്സിലാണ് ചോക്ലേറ്റ് ലഭ്യമാക്കുന്നത്. ഈ ബോക്സിനുള്ളില്‍ കൈകൊണ്ടുണ്ടാക്കിയ 15 ചോക്ലേറ്റുകളാണ് ഉണ്ടാകുക. വ്യത്യസ്ത ആശയങ്ങളില്‍ തീര്‍ത്ത ചോക്ലേറ്റിന് ഓരോന്നിനും 15 ഗ്രാമാണ് തൂക്കം.

2012 ല്‍ ഡെന്മാര്‍ക്കിലെ ആര്‍ട്ടിസാന്‍ ചോക്‌ളേറ്റിയര്‍ ഫ്രിറ്റ്സ് നിപ്ഷില്‍റ്റ് നിര്‍മ്മിച്ച ചോക്‌ളേറ്റിന്റെ റെക്കാര്‍ഡ് വിലയാണ് ഫേബല്‍ മറികടന്നത്. 'ലാ മെഡലിന്‍ ഓ ട്രഫിള്‍' എന്ന ആ ചോക്‌ളേറ്റിന് വില ഇന്നത്തെ നിരക്കുപ്രകാരം കിലോയ്ക്ക് 3.36 ലക്ഷം രൂപ.

Related Articles

Next Story

Videos

Share it