ഇതാണ് ഞങ്ങളുടെ ലൈഫ് ഫിലോസഫി

എന്താണ് ഈ ജീവിത വിജയത്തിന്റെ രഹസ്യം' എന്ന പരമ്പരാഗത ചോദ്യത്തിന് വേറിട്ട മേഖലകളില്‍, വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചവര്‍ക്ക് പറയാനുള്ളത് നമുക്ക് തികച്ചും അപരിചിതമായ ആശയങ്ങളാകും. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാമായിരുന്നു എന്ന് ചിന്തിപ്പിക്കുന്ന, വിജയം നേടാനും അത് നിലനിര്‍ത്താനും പ്രചോദിപ്പിക്കുന്ന യഥാര്‍ത്ഥ അനുഭവങ്ങള്‍.

കലയും സാഹിത്യവും മുതല്‍ മര്‍ച്ചന്റ് നേവി വരെ വ്യത്യസ്തമായ മേഖലകളില്‍ സ്വന്തമായൊരു ഇടവും മികച്ച നേട്ടങ്ങളും സ്വന്തമാക്കിയ നാലുപേരുടെ വിശ്വാസങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്... ഇവര്‍ക്ക് പറയാനുള്ളതും വ്യത്യസ്തമായ കഥകള്‍, കാഴ്ചപ്പാടുകള്‍, ചിന്താഗതികള്‍.

സി. രാധാകൃഷ്ണന്‍

ആധുനിക മലയാള സാഹിത്യത്തിന് പുതിയൊരു തലം കണ്ടെത്തിയ എഴുത്തുകാരന്‍. ആത്മീയതയും ശാസ്ത്രവും വിശ്വാസങ്ങളും ഒത്തുചേരുന്ന നോവലുകളിലൂടെ പുതിയൊരു ഭാഷയും ചിന്തയും മലയാളികള്‍ക്ക് സമ്മാനിച്ചു ശാസ്ത്രജ്ഞനായ ഈ സാഹിത്യകാരന്‍.

'സ്വന്തം മനസിനോട് സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഏറ്റവും പ്രധാനം. ചെയ്യുന്ന ജോലി അത് എന്തായാലും. ആത്മാര്‍ത്ഥത ഒരിക്കലും ഇല്ലാതാക്കരുത്. അങ്ങനെ വന്നാല്‍ എന്ത് ചെയ്താലും മനസിന് സമാധാനം ലഭിക്കുകയില്ല. കഴിയുന്നിടത്തോളം വെറും വാക്ക് പറയാതിരിക്കാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് എനിക്ക് ഒരു ജീവിതമന്ത്രമാണ്. സാഹചര്യങ്ങള്‍ പ്രതികൂലമാകുന്ന അവസ്ഥ വന്നാലോ? ഇതും കടന്നുപോകും എന്ന് ചിന്തിക്കുക.

ശാരീരികമായ വ്യക്തിത്വത്തിന് വളരെ പ്രാധാന്യം നല്‍കുന്നു എന്നതാണ് നമ്മളില്‍ പലരുടെയും പ്രശ്‌നം. അത് കഴിയുന്നത്ര ഒഴിവാക്കുക. ഇതിലും മഹത്തരമായ ഒരു വ്യക്തിത്വം നമ്മുടെ ഉള്ളിലുണ്ട് എന്ന് തിരിച്ചറിയണം, അതിനെക്കുറിച്ച് നമ്മള്‍ എപ്പോഴും ബോധവാന്മാരായിരിക്കണം. ഒരു ജയവും പരാജയവും ശാശ്വതമല്ല എന്ന് മനസിലാക്കുക.

ക്യാപ്റ്റന്‍ രാധിക മേനോന്‍

ര്‍ച്ചന്റ് നേവിയുടെ ക്യാപ്റ്റന്‍ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത. നടുക്കടലില്‍ നിലച്ചുപോയ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെ രക്ഷപെടുത്തിയതിനു അസാമാന്യ സാഹസികതയ്ക്കുള്ള ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് സ്വന്തമാക്കിയ ഈ കൊടുങ്ങല്ലൂര്‍ സ്വദേശി ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയുമാണ്.

'കടലിലായാലും കരയിലായാലും പ്രതിസന്ധികള്‍ നേരിടാന്‍ ഒരു വഴിയേയുള്ളു. പ്രശ്‌നം എന്താണെന്ന് മനസിലാക്കുക, വിശകലനം ചെയ്യുക, അറിവുകള്‍ ഉപയോഗപ്പെടുത്തി, മനസ് പൂര്‍ണമായും അര്‍പ്പിച്ച് പ്രവര്‍ത്തിക്കുക.

എന്ത് വെല്ലുവിളിയായാലും അത് മറികടക്കാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്. ഞാന്‍ നേടിയ അറിവുകള്‍ ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും. 'ഇതൊരു പ്രശ്‌നമാണല്ലോ' എന്ന് ചിന്തിക്കാതെ അതിനെക്കുറിച്ച് പഠിക്കാനാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

കടലിലായിരിക്കുമ്പോള്‍ കപ്പലിന്റെ പൂര്‍ണമായ ചുമതല എനിക്കാണ്. അത് കൃത്യമായി നിറവേറ്റാന്‍ ഏത് അറ്റം വരെ പോകാനും എനിക്ക് മടിയില്ല. ജോലി എന്നതിനപ്പുറം ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് ഈ പദവി എന്നതും വലിയൊരു ഉത്തരവാദിത്തമാണ്.

അവരോട് പറയാന്‍ ഒരു കാര്യമേ എനിക്കുള്ളൂ. ഏറ്റെടുക്കുന്നത് ഏത് തൊഴില്‍ ആയാലും അതിനു നിങ്ങളുടെ കഴിവും അറിവും നൂറ് ശതമാനവും നല്‍കുക.

ബോസ് കൃഷ്ണമാചാരി

ഇന്ത്യന്‍ ചിത്രകലാ രംഗത്തെ പുതുതലമുറയില്‍ ഏറ്റവും പേരുകേട്ട കലാകാരന്‍മാരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശ്രദ്ധേയമായ പ്രദര്‍ശനങ്ങള്‍ നടത്തിയ ബോസ് തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെ യാഥാര്‍ഥ്യമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത്.

'റിസ്‌ക് എടുക്കുക, എപ്പോഴും. ജീവിതത്തില്‍ വിജയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അതാണ്. റിസ്‌ക് എടുക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. പിന്നെ എന്തിന് വേണ്ടി കാത്തിരിക്കണം?

ജീവിതത്തില്‍ പല കാര്യങ്ങള്‍ ഒരുമിച്ച് പോകേണ്ടതുണ്ട്. തികച്ചും അസാധാരണമായ ചിന്തകളും അഭിപ്രായ വ്യത്യാസങ്ങളും എല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യര്‍ വ്യത്യസ്തരല്ലേ, അപ്പോള്‍ പിന്നെ അവരുടെ ചിന്തകളും വിഭിന്നമാകും എന്ന് കരുതിയാല്‍ മതി, ഒരുപാട് പ്രശ്‌നങ്ങള്‍ അതോടെ ഇല്ലാതാകും.

ഒരു പ്രത്യേക ഇടം കണ്ടെത്തി അതിനുള്ളില്‍ ഒളിഞ്ഞിരിക്കരുത് എന്ന് ഞാന്‍ എല്ലാ ആര്‍ട്ടിസ്റ്റുകളോടും പറയാറുണ്ട്. നമുക്ക് ചുറ്റും എന്തെല്ലാമാണ് നടക്കുന്നതെന്ന് കൃത്യമായി അറിയണം. നല്ല വായനയും വേണം. പലര്‍ക്കുമുള്ള പ്രശ്‌നം സാമ്പത്തിക കാര്യങ്ങളിലെ അജ്ഞതയാണ്. നമ്മുടെ പണം എങ്ങനെ എങ്ങോട്ടു പോകുന്നു എന്നതെല്ലാം മനസിലാക്കിയിരിക്കണം. അല്ലെങ്കില്‍ അതുതന്നെ വലിയ പരാജയം സൃഷ്ടിക്കും.

അഞ്ജു ബോബി ജോര്‍ജ്

ലോംഗ് ജംപിലെ ഇന്ത്യയുടെ ഒളിപിക്‌സ് താരം, 2004ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്തെത്തിയ അഞ്ജു, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചു. ഈ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് ഈ മലയാളി 'ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത് ഗ്ലോബല്‍ തലത്തില്‍ ഒരു ബിസിനസ് വിജയിപ്പിക്കുന്നതുപോലെ തന്നെയാണ്. നമ്മുടെ എതിരാളികള്‍ എല്ലാം സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍, എല്ലാത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതിലും ആവശ്യമായ പിന്തുണയുള്ളവര്‍. അവര്‍ക്കെതിരെ മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദവും ടെന്‍ഷനും ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. ഒരു രാജ്യത്തിന്റെ പ്രതീക്ഷ ഈ സ്‌ട്രെസ് വര്‍ധിപ്പിക്കുകയും ചെയ്യും.

ലഭ്യമായ സ്രോതസുകള്‍ ഉപയോഗിച്ച് ഏറ്റവും നന്നായി തയാറെടുക്കുക എന്നതായിരുന്നു എന്റെ പോളിസി. ഭര്‍ത്താവ് ബോബി, കോച്ചും മോട്ടിവേറ്ററും ട്രെയ്‌നറും എല്ലാമായി കൂടെയുണ്ടായിരുന്നത് ഭാഗ്യം. ഈ രംഗത്തെ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുക, ഏറ്റവും നന്നായി അപ്‌ഡേറ്റ് ചെയ്യുക. ഇതെല്ലാം വളരെ ശ്രദ്ധിച്ചിരുന്നു.

ഇനി നേടാന്‍ ഒന്നുമില്ല എന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് അത്‌ലറ്റ് എന്ന രീതിയില്‍ അവസാനമാണ്. മത്സരിക്കാന്‍ റെഡിയായി നില്‍ക്കുമ്പോള്‍ ഞാന്‍ സ്വയം പറയുന്ന ഒരു കാര്യമുണ്ട്, എതിരാളികളെല്ലാം ലോക ചാമ്പ്യന്മാരാണ്, അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതുണ്ട്, എനിക്ക് പക്ഷെ ഒരു ചെറിയ മുന്നേറ്റം പോലും വലിയ നേട്ടമാണ്, ഈയൊരു ചിന്ത മനസിനെ വളരെയേറെ ഫ്രീ ആക്കും.

അത്‌ലറ്റിക്‌സ് തന്ന പാഠങ്ങളാണ് എനിക്ക് ജീവിതത്തില്‍ എന്നും കൂടെയുള്ളത്. എല്ലാം പെര്‍ഫെക്റ്റ് ആയി ചെയ്യാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും സമയനിഷ്ഠ പാലിക്കാനും സത്യത്തിനു വേണ്ടി നിലകൊള്ളാനും ഞാന്‍ പഠിച്ചത് ഈ രംഗത്ത് നിന്നാണ്. ഒരു ചെറിയ കാര്യം പോലും പൊരുതാതെ വിട്ടുകൊടുക്കുകയുമില്ല ഞാന്‍.

Related Articles

Next Story

Videos

Share it