കോവിഡ് കാലത്ത് വായിക്കാം, ഫെരാരി വിറ്റ സന്യാസിയുടെ കഥ

ലോക പ്രശസ്ത പ്രചോദന ഗുരുവായ റോബിന്‍ ശര്‍മയുടെ 'The Monk Who Sold His Ferrari' എഴുപത് ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ശതലക്ഷക്കണക്കിനാളുകളെ ആകര്‍ഷിച്ച പുസ്തകമാണ്.

ജൂലിയന്‍ മാന്റില്‍ എന്ന അഭിഭാഷകന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളും തിളക്കമാര്‍ന്ന കാലങ്ങളും പിന്നെ അതുകൊണ്ടെത്തിച്ച പതനങ്ങളും അതേ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടാകുന്ന പരിണാമങ്ങളുമാണ് ഇതിലെ പ്രതിപാദ്യം.

ഒരു സ്വപ്‌നസഞ്ചാരിയായിരുന്നു ജൂലിയന്‍. പ്രഗത്ഭനായ ഒരു സെനറ്ററിന്റെ കൊച്ചുമകന്‍. പിതാവാണെങ്കില്‍ ഏറെ ആദരിക്കപ്പെട്ട ഒരു ഫെഡറല്‍ ജഡ്ജിയും. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് നിയമബിരുദം നേടിയ ജൂലിയന്‍ ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തനായ അഭിഭാഷകനായി മാറി. ബഹുരാഷ്ട്ര കമ്പനികളും ഹോളിവുഡ് താരങ്ങളുമൊക്കെ അയാളുടെ കക്ഷികളായി.

ഭൗതിക സമ്പത്തുകള്‍ കുന്നുകൂടി. ഉന്നതരുമായുള്ള സൗഹൃദങ്ങളും പുലരും വരെ നീളുന്ന വിരുന്നുകളും നിശാക്ലബുകളും എല്ലാം ജൂലിയന്റെ ജീവിതത്തിന്റെ ഭാഗമായി. ജീവിതം കുത്തഴിഞ്ഞു. അതോടെ അയാളുടെ തകര്‍ച്ചയും ആരംഭിച്ചു. പിതാവിനോട് മിണ്ടാതായി. കുടുംബം ഉപേക്ഷിച്ചുപോയി. ഒരിക്കല്‍ ഒരു കേസ് വാദത്തിനിടെ ഹൃദയാഘാതത്താല്‍ കോടതി മുറിയില്‍ കുഴഞ്ഞു വീണു.

അതില്‍ നിന്ന് സുഖപ്പെട്ട ജൂലിയന്‍ പിന്നീട് ഓഫീസിലേക്ക് തിരിച്ചുപോയില്ല. തന്റെ പ്രിയപ്പെട്ട ചുവപ്പ് ഫെരാരി അടക്കം എല്ലാം കിട്ടിയ വിലയ്ക്ക് വിറ്റ് ഇന്ത്യയിലേക്ക് ആത്മീയയാത്ര പുറപ്പെട്ടു. ദിനരാത്രങ്ങളുടെ അലച്ചിലിന് ശേഷം അദ്ദേഹം ഹിമാലയത്തിലെ 'സേജസ് ഓഫ് ശിവാന' എന്ന സന്യാസി സമൂഹത്തില്‍ എത്തിപ്പെടുന്നു. ലാളിത്യവും ശാന്തതയുമാണ് ശിവാന ശൈലിയുടെ മുഖമുദ്ര.

സമാധാനപരവും സാഫല്യപൂര്‍ണവുമായ ജീവിതത്തിനുള്ള ധാരാളം ഉപദേശങ്ങള്‍ യോഗി രാമനില്‍ നിന്ന് അയാള്‍ സ്വായത്തമാക്കുന്നു. തിരിച്ച് നാട്ടിലെത്തി ആ സന്ദേശങ്ങള്‍ സ്‌നേഹിതരിലേക്ക് പകരണമെന്ന് യോഗി അയാളോട് അഭ്യര്‍ത്ഥിക്കുന്നു.

കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലുകളുടെ ദിനങ്ങളില്‍ ചിലര്‍ക്കെങ്കിലും ജീവിതശൈലിയും തിരക്കുകളും വേഗങ്ങളും മാറ്റണമെന്ന് തോന്നുണ്ടാവും. ഒരു പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സാധ്യമാണ്.

അതുകൊണ്ട് ഇക്കാലത്ത് വീണ്ടും വായിക്കാം; ചുവന്ന ഫെരാരി വിറ്റ സന്യാസിയുടെ ആ കഥ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it