യൂണിലിവറിനെ മാതൃകയാക്കി വര്‍ണവെറിക്കെതിരെ പുതിയ നിലപാടുമായി 'ലോറിയല്‍'

സോഷ്യല്‍ മീഡിയയിലും ലോക മനഃസാക്ഷിയിലും വര്‍ണവെറി, വംശീയ വിഷയങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും. എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളുടെയും ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇനി മുതല്‍ ഫെയര്‍, വൈറ്റ് ,ലൈറ്റനിംഗ്, വൈറ്റനിംഗ് എന്നീ വാക്കുകള്‍ ഉപേക്ഷിച്ച ശേഷമാകുമെന്ന് കമ്പനി വ്യക്തമാക്കി.

ആഗോളതലത്തില്‍ എല്ലാ വിപണികള്‍ക്കും ബാധകമാണ് ഈ തീരുമാനമെന്ന് ഗാരിനര്‍ ഷാംപൂ, മേബെല്‍ലൈന്‍ മേക്കപ്പ് നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി പറഞ്ഞു. സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ്് ഇന്ത്യ. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്ടര്‍ & ഗാംബിള്‍, ഇമാമി, ലോറിയല്‍ കമ്പനികള്‍ 3,750 കോടി രൂപയുടെ ഫെയര്‍നെസ് ക്രീം രാജ്യത്ത് പ്രതിവര്‍ഷം വില്‍ക്കുന്നതായാണ് കണക്ക്.

കറുത്ത തൊലിയുള്ളവരെ അധമരായി ചിത്രീകരിക്കുന്നതില്‍ നിന്ന് പരസ്യങ്ങളെ വിലക്കി പരസ്യ റെഗുലേറ്റര്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) 2014-ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അതു ലംഘിച്ച് ഈ രംഗത്ത് അധാര്‍മ്മിക പ്രവണതകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പനികള്‍ മല്‍സിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.ഷാരൂഖ് ഖാന്‍, ദിയ മിര്‍സ, പ്രീതി സിന്റ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സോനം കപൂര്‍, ദിഷ പതാനി, യാമി ഗൗതം എന്നിവരുള്‍പ്പെടെയുള്ള തിളക്കമാര്‍ന്ന താരങ്ങള്‍ സ്‌കിന്‍ വൈറ്റിംഗ് ക്രീമുകള്‍ പരസ്യത്തിലൂടെ അംഗീകരിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു.

അതേസമയം, 'റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സ്' നടത്തിയ ഒരു വിലയിരുത്തല്‍ സൂചിപ്പിക്കുന്നത് 2023 ആകുമ്പോഴേക്കും രാജ്യത്തെ വനിതാ ഫെയര്‍നസ് ക്രീം വിഭാഗത്തിന് 50000 കോടി രൂപയില്‍ കൂടുതല്‍ വിപണി വരുമാനം കൈവരിക്കാനാകുമെന്നാണ്. പരിഷ്‌കരിച്ച വിപണി തന്ത്രങ്ങളുമായി രംഗത്തിറങ്ങാനാണ് എല്ലാ കമ്പനികളും തയ്യാറെടുക്കുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പ്രശസ്തമായ ഫേസ് ക്രീമായ 'ഫെയര്‍ ആന്‍ഡ് ലവ്ലി' എന്ന ഉത്പന്നത്തിന്റെ പേരിനൊപ്പം ഇനിമുതല്‍ 'ഫെയര്‍' ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ചര്‍മ്മത്തിന്റെ നിറം വെളുപ്പിക്കുമെന്ന പരസ്യവാചകങ്ങള്‍ വര്‍ണവെറിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനം ആഗോളതലത്തില്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പേര് മാറ്റം.റെഗുലേറ്രറി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പേരില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തുമെന്ന് യൂണിലിവര്‍ വ്യക്തമാക്കി.

ഫെയറിന് പുറമേ ലൈറ്റനിംഗ്, വൈറ്റനിംഗ് എന്നീ വാക്കുകളും കമ്പനി ഒഴിവാക്കും. ബംഗ്‌ളാദേശ്, പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ഫെയര്‍ ആന്‍ഡ് ലവ്ലി വില്‍ക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it