സ്വന്തമായി കാര്‍ വേണ്ടെന്ന് യുവാക്കള്‍, ഞെട്ടി കാര്‍ കമ്പനികള്‍

ഡിലോയ്റ്റിന്റെ ഈയിടെ വന്ന ആഗോള പഠന റിപ്പോര്‍ട്ട് കാര്‍ നിര്‍മാതാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. മില്ലനിയല്‍സിന് സ്വന്തമായി കാര്‍ വേണ്ട. ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഷെയറിംഗ് തുടങ്ങിയ ഡിജിറ്റല്‍ രീതികളുള്ളപ്പോള്‍ സ്വന്തമായി എന്തിന് വാഹനം വാങ്ങണമെന്ന ചോദ്യം ഉന്നയിക്കുകയാണിവര്‍.

ഡിലോയ്റ്റ് 2019 ഗ്ലോബല്‍ ഓട്ടോമോട്ടീവ് കണ്‍സ്യൂമര്‍ പഠനം പ്രകാരം മില്ലനിയല്‍സ് സ്വന്തമായി വാഹനം വാങ്ങുന്നതിനോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. സര്‍വേയില്‍ ജനറേഷന്‍ എക്‌സ്, വൈയില്‍പ്പെടുന്ന 51 ശതമാനം മില്ലനിയല്‍സ് സ്വന്തമായി വാഹനം വാങ്ങേണ്ട ആവശ്യകതയെ ചോദ്യം ചെയ്യുന്നു. ജനറേഷന്‍ എക്‌സിലെ 44 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്. ഇന്ത്യയില്‍ നിന്ന് പ്രതികരിച്ച 76 ശതമാനം പേര്‍ക്കും കണക്റ്റഡ് വാഹനങ്ങളോടാണ് താല്‍പ്പര്യം.

ലോകമെമ്പാടും ഷെയേര്‍ഡ് മൊബിലിറ്റിയോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. കംഫര്‍ട്ടും സുരക്ഷിതത്വവുമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ഈ മേഖല വരും നാളുകളില്‍ മികച്ച വളര്‍ച്ച കാഴ്ചവെക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലാണ് ഡിലോയ്റ്റ് പഠനം നടത്തിയത്.

ഈ ട്രെന്‍ഡ് വ്യക്തമായ ഒരു ജനറേഷന്‍ ഗ്യാപ്പിന് കാരണമാകുമെന്നും ഡിലോയ്റ്റ് ചൂണ്ടിക്കാട്ടുന്നു. കാരണം മുന്‍തലമുറ വാഹനം വാങ്ങുന്നത് തങ്ങളുടെ സ്‌റ്റേറ്റസ് സിംബല്‍ ആയി കരുതിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് പുതിയ തലമുറയ്ക്കുള്ളത്.

സര്‍വേ ഫലം ഓട്ടോമൊബീല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള ഷെയേര്‍ഡ് വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യതയാണുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it