യാത്ര മുതല്‍ ഭാര്യയോടുള്ള പെരുമാറ്റം വരെ; ഇന്‍ഫോസിസ് കാലം നാരായണമൂര്‍ത്തിക്ക് നല്‍കിയ 9 പാഠങ്ങള്‍

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്ന നിലയിലും ഒരു സംരംഭകനെന്ന നിലയിലും താന്‍ പഠിച്ച ഒമ്പത് പാഠങ്ങള്‍ പങ്കുവെച്ച് നാരായണ മൂര്‍ത്തി. അടുത്തിടെ പ്രസിദ്ധീകരിച്ച സ്റ്റാര്‍ട്ടപ്പ് കോംപസ് എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് എഴുപത്തുഞ്ചുകാരനായ നാരായണ മൂര്‍ത്തി സംരംഭക ജീവിതത്തില്‍ പഠിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്നത്‌.

യാത്ര ചെയ്യാന്‍ ഇക്കണോമി ക്ലാസ് തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്നും ഇന്‍ഫോസിസ് സ്ഥാപകര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭാര്യമാരുമായി ചര്‍ച്ച ചെയ്യരുതെന്ന നിബന്ധന കൊണ്ടുവന്നതിന് പിന്നിലുള്ള കാരണവും എല്ലാം കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഐഐഎംഎ ബിരുദധാരികളായ ഉജ്ജ്വല്‍ കല്‍റ, ശോഭിത് ശുഭാങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് കോംപസ് രചിച്ചത്.

നാരായണ മൂര്‍ത്തി പങ്കുവെച്ച ഈ ഒമ്പത് പാഠങ്ങള്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരോ സംരംഭകനും പരിഗണിക്കാവുന്നത് തന്നെയാണ്.

1. ഒരു സംരംഭകന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ അടിസ്ഥാനം മൂല്യങ്ങളാണ്. കമ്പനിയുടെ സ്ഥാപക അംഗങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളിലും കമ്പനിയുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സഹസ്ഥാപകരില്‍ ചിലര്‍ താന്‍ എടുത്ത തീരുമാനങ്ങളോട് യോജിക്കാതിരുന്നിട്ടും കമ്പനിക്ക് വേണ്ടി പിന്തുണ നല്‍കിയിട്ടുണ്ടെന്നും നാരായണ മൂര്‍ത്തി പറയുന്നു.

2. തന്റെ ആദ്യ സംരംഭമായിരുന്ന സോഫ്‌ട്രോണിക്‌സിന് ആഭ്യന്തര വിപണിയില്‍ സാധ്യതകള്‍ ഇല്ലായിരുന്നു. തിരിച്ചുകയാന്‍ മാര്‍ഗങ്ങള്‍ ഇല്ലെന്ന് മനസിലാക്കിയപ്പോള്‍ 9 മാസം കൊണ്ട് അത് അടച്ചുപൂട്ടി. സംരംഭകര്‍ തങ്ങളുടെ ആശങ്ങളോടുള്ള അഭിനിവേശം കുറയ്ക്കണം. ലാഭകരമല്ലെങ്കില്‍ വികാരങ്ങള്‍ മാറ്റിവെച്ച് നല്ല രീതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

3. പരാജയങ്ങള്‍ സംരംഭക യാത്രയുടെ ഭാഗമാണെന്നാണ് നാരായണ മൂര്‍ത്തിയുടെ പക്ഷം. പരാജയത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നത് ഗുണം ചെയ്യും. വിപണി ഇല്ലാതിരുന്നതാണ് സോഫ്‌ട്രോണിക്‌സിന്റെ പരാജയത്തിന് കാരണം. പിന്നീട് ഒരു സംരംഭം തുടങ്ങിയപ്പോള്‍ വിദേശ വിപണിക്ക് ഊന്നല്‍ നല്‍കിയതിന്റെ കാരണം ആ പരാജയത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമാണെന്നും കുറിപ്പിലൂടെ നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടി.

4. വിപണിയിലെ മത്സരമാണ് ഉപഭോക്താക്കളെയും ജീവനക്കാരെയും എങ്ങനെ നിലനിര്‍ത്താമെന്നും നിക്ഷേപകരുടെ ആത്മവിശ്വസം എങ്ങനെ വര്‍ധിപ്പിക്കാമെന്നും പഠിപ്പിച്ചത്. ഞങ്ങള്‍ ചെന്ന എല്ലാ മേഖലകളും മികച്ച രീതികള്‍ കൊണ്ട് സ്വയം അടയാളപ്പെടുത്തി.

5. താന്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് പോലും ഇക്കണോമി ക്ലാസാണ് ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ ഇന്‍ഫോസിസിലെ ഉയര്‍ന്ന പദവിയിലുള്ളവര്‍ എങ്ങനെയായിരിക്കണം എന്നതിനുള്ള മാതൃകയായിരുന്നു അത്. 2011ല്‍ കമ്പനിയില്‍ നിന്ന് പടിയിറങ്ങുംവരെ രാവിലെ 6.20ന് ഓഫീസില്‍ എത്തുമായിരുന്നു. കൃത്യസമയത്ത് ഓഫീസിലെത്തേണ്ടതിന്റെ ആവശ്യകത യുവാക്കളെ ബോധ്യപ്പെടുത്താന്‍ അതു സഹായിച്ചു.

6. ഓഫീസിലെ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഭാര്യമാരുമായി ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയും അത് വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. ഇത്തരം വിഷയങ്ങള്‍ ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദം നശിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

7. കമ്മിറ്റികള്‍ വഴി ഒരു കമ്പനിയും നടത്താനാവില്ല. മാതൃകകള്‍ കൊണ്ട് നയിക്കുന്നവരായിരിക്കണം നേതൃത്വം നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നതും ത്യാഗങ്ങള്‍ സഹിക്കുന്നതും നേതൃത്വം നല്‍കുന്നവരായിരിക്കണം. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ആശയങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യണം. എന്നാല്‍ എല്ലാ പ്രധാന തീരുമാനങ്ങളും തന്റെ മുമ്പിലെത്തണം എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

8. ഭാഗ്യത്തിന്റെ പിന്തുണയെക്കുറിച്ചും നാരായണ മൂര്‍ത്തി സംസാരിക്കുന്നുണ്ട് എന്നേക്കാള്‍ മിടുക്കരായ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങളെക്കാള്‍ മികച്ച ടീമുകളും ആശങ്ങളും ഉണ്ടായിരുന്നു. പക്ഷേ ദൈവം തിരഞ്ഞെടുത്ത് ഞങ്ങളെയാണ്. പല നിര്‍ണായക സാഹചര്യങ്ങളിലും ശരിയായ തീരുമാനം എടുക്കാന്‍ ദൈവം സഹായിച്ചു.

9.മൂര്‍ത്തി പഠിച്ച ഒമ്പതാമത്തെ പാഠം കഴിവും മികച്ച മൂല്യങ്ങളുമാണ് കമ്പനിയുടെ വിജയത്തിന് അടിസ്ഥാനമെന്നതാ ണ്. ഈ തിരിച്ചറിവില്‍ നിന്നാണ് 'Powered by the intellect; driven by values' എന്ന ടാഗ് ലൈന്‍ കമ്പനിയുടെ ഭാഗമായത്.

ചെയ്ത ത്യാഗങ്ങളും ക്ഷമയും ഇന്‍ഫോസിസിന്റെ സ്ഥാപകരെ കോടീശ്വനന്മാരാക്കി. എന്റെ ടീമിനെ കുറിച്ച് ഓര്‍ത്ത് അഭിമാനമുണ്ട്. ഏഴാമനായിരുന്ന അശോക് അറോക 1989ല്‍ ആണ് കമ്പനി വിട്ട് യുഎസിലേക്ക് പോയത്. കുറിപ്പിലൂടെ അശോക് അറോറയ്ക്ക് ആശംസകളും കൃഷ്ണമൂര്‍ത്തി നേരുന്നുണ്ട്.

1981 ജൂലൈ രണ്ടിന് പുനെയിലാണ് വെറും 250 ഡോളര്‍ മുതല്‍ മുടക്കില്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെട്ട ഏഴുപേരുടെ സംഘം ഇന്‍ഫോസിസ് എന്ന കമ്പനിക്ക് രൂപം നല്‍കുന്നത്. ഇന്ന് 16 ബില്യണ്‍ ഡോളറിന്റെ വരുമാനമുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it