നിറത്തിന്റെ പേരില്‍ പുച്ഛിച്ചവര്‍ക്കു മുന്നിലും മിന്നിത്തിളങ്ങി നവോമി

നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ പലരുടേയും മുന്നില്‍ അതേ നിറത്തിന്റെ ഭംഗിയില്‍ ഇപ്പോള്‍ വിലസുന്നു ഇംഗ്ലീഷ് മോഡലായ നവോമി കാംബല്‍. കറുത്ത നിറത്തിന്റെ പേരില്‍ വന്‍കിട ഹോട്ടലില്‍ പ്രവേശനം വരെ ഒരു കാലത്ത് കാംബലിന് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സില്‍ 'ഫാഷന്‍ ഐക്കണ്‍' പദവി നല്‍കി കാംബലിനെ ആദരിച്ചിരിക്കുകയാണ്.

' ഇത് അപൂര്‍വമായ ആദരം തന്നെയാണ്. സംശയമില്ല. പക്ഷേ, ഞാന്‍ എന്നെ ഫാഷന്റെ പര്യായമായി കാണുന്നില്ല. ഈ പദവിയിലേക്കും ആദരവിലേക്കും എന്നെ തിരഞ്ഞെടുത്തതിനെ മാനിക്കുന്നു. ഞാന്‍ ഇതിന് അര്‍ഹയാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്. ആ തീരുമാനത്തെയും മാനിക്കുന്നു, സ്വാഗതം ചെയ്യുന്നു. പക്ഷേ, ഞാനൊരിക്കലും ഫാഷന്‍ ഐക്കണ്‍ അല്ല. ദീര്‍ഘകാലം ഫാഷന്‍ ലോകത്ത് നിറഞ്ഞു നിന്നതു കൊണ്ടാവാം എനിക്ക് ഈ പദവി നേടിയെടുക്കാന്‍ കഴിഞ്ഞത്.'- നവോമി കാംബല്‍ പറയുന്നു.

പ്രായം ഒരു ഘടകം തന്നെയാണ്. അങ്ങനെയാണെങ്കില്‍ പ്രായമാണോ ഐക്കണ്‍ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം? ഒരുപക്ഷേ ആയിരിക്കാം. ആരോടും മത്സരിക്കാന്‍ ഞാനില്ല, ഒരേ കാര്യം തന്നെ ആവര്‍ത്തിക്കാറുമില്ല. പല ജോലികള്‍ കൂട്ടിക്കുഴയ്ക്കുന്ന സ്വഭാവവുമില്ല. ഓരോന്നോരാന്നായി ചെയ്തു തീര്‍ക്കുക എന്നതാണ് എന്റെ രീതി. അതില്‍ ഞാന്‍ സംതൃപ്തി കണ്ടെത്തുന്നു. പതിറ്റാണ്ടുകള്‍ ഫാഷന്‍ ലോകത്ത് മങ്ങലേല്‍ക്കാതെ നിറഞ്ഞുനില്‍ക്കുക എന്നതു ചെറിയ കാര്യമല്ല. പക്ഷേ അതിനുവേണ്ടി താന്‍ പ്രത്യേകിച്ചൊരു പദ്ധതി തയാറാക്കിയിട്ടില്ല.

ഓരോ കാര്യവും സമയമെടുത്ത് വൃത്തിയായി, അടുക്കും ചിട്ടയോടും കൂടി ചെയ്യുക എന്നതാണ് തന്റെ രീതി. ചില സമയത്ത് ഞാന്‍ ജോലി ചെയ്യും. ജോലി ഇല്ലാത്തപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യില്ല. ചിലപ്പോള്‍ വേദികളിലെ വെളിച്ചത്തില്‍ നിങ്ങള്‍ക്കെന്നെ കാണാം. മറ്റു ചിലപ്പോള്‍ ദിവസങ്ങളോളം കണ്ടുവെന്നു വരില്ല. പക്ഷേ, താന്‍ തിരിച്ചുവരും. നിങ്ങളും സമയമെടുത്തു തന്നെ ജോലികള്‍ പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സന്തോഷത്തോടു കൂടി ചെയ്യൂ. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും- നവോമിയുടെ വാക്കുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it