നൂറു ശതമാനം ' നോണ്‍ വെജ് ' രുചിയും ഗുണവും ; പക്ഷേ, സസ്യാഹാരം തന്നെ
അഹിംസാ സിദ്ധാന്തത്തോടുള്ള ആദരവിനാലും വിശ്വാസപരമായ ഇതര കാരണങ്ങളാലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനു ഭ്രഷ്ട് കല്‍പ്പിച്ചിട്ടുള്ളവര്‍ക്ക് വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ തന്നെ നോണ്‍ വെജിറ്റേറിയന്റെ ഗുണവും രുചിയുമുള്ള ശുദ്ധ സസ്യാഹാരം കഴിച്ചുതുടങ്ങാന്‍ വൈകാതെ സാധ്യമായേക്കും. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇക്കാര്യം തറപ്പിച്ചുപറയുന്നത് ഈയിടെ അവര്‍ വികസിപ്പിച്ചെടുത്ത വെജിറ്റബിള്‍ മുട്ടയും അതില്‍ നിന്നുണ്ടാക്കിയ വിഭവങ്ങളും ചൂണ്ടിക്കാട്ടിയാണ്.
സസ്യാഹാരത്തിന്റെ പോഷണ ശേഷി സംബന്ധിച്ച സംശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു ചെറുപയര്‍ പരിപ്പില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച വെജിറ്റബിള്‍ മുട്ട. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രഫസറായ കാവ്യ ദശോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍. മുട്ടയ്ക്ക് പിന്നാലെ വെജിറ്റബിള്‍ ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങിയവയും ഉടന്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണിവര്‍. യഥാര്‍ഥ മുട്ടയുടെയും ഇറച്ചിയുടെയും അതേ രുചിയാണ് ഇവയ്ക്കുണ്ടാവുകയെന്നും പ്രകൃതിസൗഹൃദപരമായ ആരോഗ്യശീലത്തിന് ഈ ഉല്‍പന്നങ്ങള്‍ വഴിയൊരുക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
'വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇറച്ചി ഒഴിവാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മാംസത്തിന്റെ രുചിയും പ്രോട്ടീന്‍ മൂല്യവും പ്രധാനപ്പെട്ടതാണ്. എന്നാല്‍, ഇവ രണ്ടും ഉറപ്പുവരുത്തിക്കൊണ്ടാണ് ഞങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളിലേക്കെത്തിയത്. മുട്ടയ്ക്കായി പ്രോട്ടീന്‍ ഐസൊലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എക്്‌സ്ട്രൂഷനിലൂടെയാണ് കൃത്രിമ മാംസം സൃഷ്ടിക്കുന്നത്' -കാവ്യ ദശോറ പറഞ്ഞു.
ശരിക്കുള്ള മുട്ടയുടെയും ഇറച്ചിയുടെയും രുചി മാത്രമല്ല പ്രോട്ടീന്‍ മൂല്യങ്ങളും ഇവയ്ക്കുണ്ടാകും.മോക്ക് മീറ്റ് എന്നറിയപ്പെടുന്നു വെജിറ്റേറിയന്‍ മാംസം. ആരോഗ്യകരമാണെന്നതാണ് ഒരു പ്രധാന പ്രത്യേകത. കൊളസ്‌ട്രോള്‍, മൃഗങ്ങളില്‍ നിന്ന് പകരുന്ന പക്ഷിപ്പനി പോലുള്ള രോഗങ്ങളെ കുറിച്ച് ആശങ്ക ഇല്ലാതെ കഴിക്കുകയും ചെയ്യാം. യഥാര്‍ഥ മുട്ടയുടെയും മാംസത്തിന്റേയും വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുകയും ചെയ്യും.കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണമാവും ഇവ. മൃഗങ്ങളോടുള്ള ക്രൂരതയും ഇതുവഴി തടയാനാവുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യഥാര്‍ഥ മുട്ടയുടേയും മാംസത്തിന്റെയും വിലയേ ഇവയ്ക്ക് ഉണ്ടാകൂവെന്നും അവര്‍ പറയുന്നു. മുട്ട ഇഷ്ടപ്പെടുന്ന വെജിറ്റേറിയന്‍കാര്‍ക്ക് മാത്രമല്ല, സസ്യാഹാരത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന നോണ്‍ വെജ് പ്രേമികള്‍ക്കും ഈ കണ്ടുപിടിത്തം ഉപകാരമാകും.
ഐ.ഐ.ടിയിലെ ഗവേഷകര്‍ ഒരു വര്‍ഷമായി വെജിറ്റബിള്‍ മുട്ടയും ഇറച്ചിയും ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. വിദ്യാര്‍ഥികളായ കാമാക്ഷി, വിനായക്, യാഷ് എന്നിവരുണ്ടാക്കിയ ഓംലെറ്റിന് നൂറില്‍ നൂറു മാര്‍ക്ക് തന്നെ രുചിച്ചു നോക്കിയവര്‍ നല്‍കി. ഇവരുടെ വെബ്‌സൈറ്റിലൂടെ വെജിറ്റബിള്‍ മുട്ട, വെജിറ്റബിള്‍ പനീര്‍ എന്നിവ വാങ്ങാന്‍ കഴിയും. സോസേജുകള്‍ മുതല്‍ വെഗന്‍ മാംസങ്ങളായ മട്ടണ്‍, ചിക്കന്‍, ബീഫ്, ടര്‍ക്കി എന്നിവയും വിപണനം ചെയ്യാനാകുമെന്നാണിവരുടെ പ്രതീക്ഷ. ഇവര്‍ തയ്യാറാക്കിയ ുഹമിാേമറല.ശി വെബ് സൈറ്റില്‍ ഗവേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.