കോവിഡ് കാലം ബിസിനസിലും ജീവിതത്തിലും വരുത്തിയ സ്‌ട്രെസ് അകറ്റാം; ഇതാ 10 വഴികള്‍
ഈ കോവിഡ് കാലഘട്ടം ആരോഗ്യ ചിന്തകള്‍ മാത്രമല്ല നമ്മെ അലട്ടുന്നത് കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടെയാണ്. സംരംഭകരെയും ഉദ്യോഗസ്ഥരെയും നാളെ എങ്ങനെ എന്ന ചോദ്യം വല്ലാതെ അലട്ടുകയാണ്. ഒഴുക്കില്‍ പെട്ടിട്ടും ആത്മവിശ്വാസം കൊണ്ടു കരപറ്റുന്നവരും നിരവധി. എന്നാലും പലതും ശരിയായിട്ടില്ല. സ്ഥാപനങ്ങള്‍ പലതും തുറന്നു പ്രവര്‍ത്തിക്കാനുള്ള വര്‍ക്കിംഗ് കാപിറ്റലിനു പോലും ബുദ്ധിമുട്ടുന്നു. ജീവനക്കാര്‍ക്കാകട്ടെ ഒരു എമര്‍ജന്‍സി ഫണ്ട് പോലുമില്ലാത്ത അവസ്ഥ. പലരും അടച്ചു തീര്‍ക്കാത്ത വായ്പകള്‍ ഓര്‍ത്ത് മാനസിക സംഘര്‍ഷത്തിലും. അങ്ങനെ ചിന്തിച്ചു സ്വയം നിരാശരായിട്ട് കാര്യമുണ്ടോ? സ്വന്തം നഷ്ടങ്ങളും നിരാശയും മാത്രം നല്‍കുന്ന ചിന്തകളോ മനസ്സ് മുഴുവന്‍ നിറച്ചാല്‍ വരാനുള്ള നാളുകളില്‍ നിങ്ങള്‍ക്ക് ഊര്‍ജസ്വലതയോടെ തിരിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാനോ ലക്ഷ്യത്തെ കയ്യെത്തിപ്പിടിക്കാനോ കഴിഞ്ഞെന്നു വരില്ല. ഇതാ കോവിഡ് കാലം നിങ്ങള്‍ക്ക് നല്‍കുന്ന സ്ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍.
1.യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക
ലോകം മുഴുവനും കൊറോണയുടെ പിടിയിലാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ആഗോള പ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴാണ് നമ്മുടെ പ്രശ്നം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ കാലഘട്ടവും കഴിഞ്ഞു പോകും. അത് വരെ പ്രശ്നം അധികരിക്കുകയോ കുറയുകയോ ചെയ്യില്ല. ക്ഷമയോടെ കാത്തിരിക്കുക. റിയാലിറ്റിയെ ഉള്‍ക്കൊള്ളലാണ് ഇപ്പോള്‍ വേണ്ടത്.
2. ഫൈന്‍ ട്യൂണ്‍ ചെയ്യാം ബിസിനസിനെ...
ഈ സമയം നിങ്ങളുടെ ബിസിനസിനെ കുറച്ച് കൂടുതല്‍ അറിയാനും ഫൈന്‍ ട്യൂണ്‍ ചെയ്യാനും ഉപയോഗിക്കാം. ബിസിനസിന്റെ പരിമിതികള്‍, പുതു സാധ്യതകള്‍, ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ആശയങ്ങള്‍ എന്നിവയെല്ലാം ഈ സമയത്ത് ഓര്‍ത്ത് വെക്കാം. അവ കുറിച്ചു വെക്കാം. പുതിയ പ്രോജക്റ്റുകളാക്കി തയ്യാറാക്കാം. ഈ നേരവും കടന്നു പോകും, യാഥാര്‍ത്ഥ്യം എന്നത് ഉത്തരവാദിത്തങ്ങള്‍ നമ്മെ കടന്നു പോവില്ല, അത് നിറവേറുക തന്നെ വേണം എന്നതാണ്. അതിനാല്‍ ബിസിനസിന്റെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാം.
3. ശുദ്ധീകരണത്തിന്റെ സമയം
നിങ്ങള്‍ക്ക് ഒരു ശുദ്ധീകരണത്തിന്റെ സമയം കൂടെയാണ് ഇത് എന്നു കരുതുക. ഇപ്പോള്‍ പല ബിസിനസുകളിലും എന്താണ് പ്രധാനം, ഏതൊക്കെ ഇല്ലെങ്കിലും എങ്ങനെ ബിസിനസ് നടക്കുന്നു, ബിസിനസിന്റെ അധിക ചെലവുകള്‍ വന്നിരുന്നതെവിടെ, എവിടെയൊക്കെ ആവശ്യമില്ലാതെ ശ്രദ്ധ നല്‍കി എന്നതൊക്കെ തിരിച്ചറിയാം. ടീമിന്റെ പ്രവര്‍ത്തനങ്ങളെ പഠിക്കാവന്‍ ഈ നേരം ചെലവഴിക്കാം. ബിസിനസിന്റെ ശരിയായ പ്രവര്‍ത്തനം ഇപ്പോള്‍ എങ്ങനെ, മുമ്പ് എങ്ങനെ എന്നൊക്കെ വിശകലനം ചെയ്യുകയും അവയില്‍ നിന്നും കാമ്പുള്ള കാര്യങ്ങളെ വേര്‍തിരിച്ചെടുത്ത് സമയം, പണം, പ്രയത്നം വേണ്ടത് , വേണ്ടാത്തത് എന്നിങ്ങനെ വേര്‍തിരിച്ചെടുക്കുകയും വേണം.
4. 'ഹോപ്'
കൊറോണയെക്കുറിച്ചുള്ള നെഗറ്റീവ് ന്യൂസുകളും വിഡിയോകളും മാത്രം കണ്ടിരിക്കാതെ പുറത്തു വരുന്ന രോഗ പ്രിതിരോധ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍, രോഗം ഭേദമായവരുടെ കഥകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കാം. കാര്യങ്ങള്‍ നല്ല രീതിയില്‍ മാറിമറിയും എന്ന വിശ്വാസം ഉണ്ടായിരിക്കണം. ആ പ്രതീക്ഷ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും.
5. മാനസികാരോഗ്യം...
മനസ്സില്‍ ഉത്ഘണ്ഠ, ഭയം എന്നിവ നിറച്ചാല്‍ അത് നിങ്ങളെ നിങ്ങളറിയാതെ സ്ലോ പോയിസണ്‍ പോലെ അത് വേട്ടയാടും. ശാസ്ത്രത്തിനുമപ്പുറം പ്രപഞ്ചത്തെ നയിക്കുന്ന ആ അദൃശ്യ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ വിശ്വാസം മനസ്സില്‍ നിറയ്ക്കാം. ആത്മീയതയില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ നല്‍കാം.
6. ശാരീരികാരോഗ്യം
മാനസികാരോഗ്യത്തോടൊപ്പം ശാരീരികാരോഗ്യവും പ്രധാനമാണ്. വീട്ടില്‍ തന്നെ ഇരിക്കുമ്പോളും ചെയ്യാന്‍ കഴിയുന്ന ചില വ്യായാമങ്ങള്‍, യോഗ തുടങ്ങിയവ പരിശീലിക്കാം. മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ അതിനോട് ഗുഡ്ബൈ പറയാന്‍ ഈ ദിവസങ്ങളെ ഉപയോഗപ്പെടുത്താം. നല്ല ഭക്ഷണം വീട്ടില്‍ പാകം ചെയ്തു കഴിക്കുകയും ഈറ്റിംഗ് ഔട്ട് ഹാബിറ്റ്സ് ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്നതോടെ ശരീരത്തിന്റെ ഊര്‍ജവും നിങ്ങള്‍ റീസ്റ്റോര്‍ ചെയ്യുകയാണ്.
7. വ്യക്തിബന്ധങ്ങള്‍
വ്യക്തിപരമായി ആരോടെങ്കിലും ദേഷ്യം, ശത്രുത എന്നിവയൊക്കെ വെച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നീക്കാനുള്ള സമയമായി ഇതിനെ കാണണം. മാത്രമല്ല ബിസിനസിലെ ചില ക്ലയന്റുകള്‍, ചില ഒഴിവായിപ്പോയ മീറ്റിംഗുകള്‍ എന്നിവയ്ക്കൊക്കെ സമയം കണ്ടെത്താം. സൂം മീറ്റിംഗും മറ്റും വഴി ക്ലയന്റുകളും ജീവനക്കാരുമെല്ലാമായി സംസാരിച്ചു കൊണ്ടിരിക്കുക.
8. വര്‍ക്ക് ലൈഫ് ബാലന്‍സ്
വര്‍ക്ക് ലൈഫ് ബാലന്‍സിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വര്‍ക്ക് ലൈഫ് ബാലന്‍സ് കൊണ്ടുവരാന്‍ മികച്ച സമയമാണ് ഇത്. ക്വാളിറ്റി ടൈം അല്ല, ക്വാണ്ടിറ്റി ഓഫ് ടൈം ആണ് ഇവിടെ നിലനിര്‍ത്തേണ്ടത്. കുടുംബത്തിലെ എല്ലാവരുമായും സംസാരിക്കാനും മനസ്സ് തുറക്കാനും കുട്ടികളുമായി അധികനേരം കളിക്കാനുമെല്ലാം ഈ നേരം ഉപയോഗിക്കാം.
9. ജോലി സമയത്തില്‍ പുന:ക്രമീകരണം
പലരും ഇപ്പോളും വര്‍ക്ക് ഫ്രം ഹോം തുടരുന്നു,അവര്‍ക്കുവേണ്ടിയാണ് ഈ മാര്‍ഗം. ജോലി സമയത്തില്‍ പുന:ക്രമീകരണം വരുത്താന്‍ ഈ സമയം ഉപയോഗിക്കാം. അതായത് നിങ്ങള്‍ രാവിലെ അഞ്ച് മണിക്കെഴുന്നേല്‍ക്കുകയും ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ രാവിലെ 8 മണി വരെ ചെയ്തു എന്നുമിരിക്കട്ടെ. ഉച്ച കഴിഞ്ഞ് 2 മുതല്‍ 7 മണി വരെ മാത്രം വര്‍ക്ക് ചെയ്ത് ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാം. വര്‍ക്ക് ഫ്രം ഹോം അധികനേരം തുടര്‍ന്നാല്‍ സ്ട്രെസ് ഉണ്ടാക്കുമെന്നതാണ് സത്യം. ഇത്തരത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ തീര്‍ക്കുകയും സമയത്തില്‍ അല്‍പ്പം ഇളവ് വരുത്തുകയും ചെയ്യൂ. മാറ്റങ്ങള്‍ നിങ്ങളെ തന്നെ അല്‍ഭുതപ്പെടുത്തും. ഇതിന് ക്ലോക്കിഫൈ പോലുള്ള ആപ്പുകള്‍ ഇന്ന് ലഭ്യമാണ്.
10.ക്രീയേറ്റീവ് ആകൂ
ഈ ദിവസങ്ങള്‍ വെറുതെ ടെന്‍ഷന് വിട്ടുകൊടുക്കാതെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാം. നിങ്ങളെ തന്നെ കുറച്ചു കൂടി ബെറ്റര്‍ ആക്കാനുള്ള ഒരു കാലഘട്ടമായി ഈ സമയത്തെ കരുതാം.
വിവരങ്ങള്‍ക്ക് കടപ്പാട് : Psy.വിപിന്‍ റോള്‍ഡന്റ് , സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് & പെര്‍ഫോമന്‍സ് കോച്ച് , സണ്‍റൈസ് ഹോസ്പിറ്റല്‍, റോള്‍ഡന്റ്‌സ് ബിഹേവിയര്‍ സ്റ്റുഡിയോ & കുസാറ്റ് , കൊച്ചി – cmd@roldantz.com, www.roldantz.com