ആരോഗ്യത്തിന് വെറും സ്ലീപ് അല്ല 'ക്വാളിറ്റി സ്ലീപ്'

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനുള്ള ഏറ്റവും എളുപ്പവഴി എന്താണെന്നറിയാമോ? ശരിയായ ഉറക്കമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഓരോ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ സാധാരണ ഉറക്കം ലഭിക്കുന്നവരില്‍ നിന്ന് മൂന്നിരട്ടി കൂടുതലാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആറുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമേ്രത. ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദ്ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.

മാത്രമല്ല ശരീരത്തിനും പ്രത്യേകിച്ച് കരള്‍ മുതല്‍ തലച്ചോര്‍ വരെയുള്ള ആന്തരികാവയവങ്ങള്‍ക്കുള്ള വിശ്രമമാണ് ഉറക്കം പ്രദാനം ചെയ്യുന്നത്.

ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുകയും ഇതു കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.

എന്നാല്‍ പെട്ടെന്നുറങ്ങാന്‍ കഴിയാതെ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചെലവഴിക്കുന്നതു തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് നടത്തിയ റിസര്‍ച്ചില്‍ പറയുന്നു.

പ്രായം, തിരക്കുകള്‍, ജോലിയുടെയും ബിസിനസിന്റെയും ടെന്‍ഷന്‍ എന്നിവയെല്ലാം പെട്ടെന്നുള്ള ഉറക്കം കെടുത്തി കളയുന്ന ഘടകങ്ങളാണ്. ഉറക്കമൊഴിക്കുന്നതിലൂടെ നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ജീനുകളിലെ മാറ്റം പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. മാത്രമല്ല കരള്‍, വൃക്ക എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയധമനികളുടെ ആരോഗ്യത്തിനും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ഉറക്കക്കുറവുള്ളവരില്‍ രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും സാധ്യതയേറെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ ഇടയുണ്ട്.

ആരോഗ്യകരമായ ഉറക്കത്തിനുമുണ്ട് ചില ലക്ഷണങ്ങള്‍. രാത്രി പത്തു മുതല്‍
വെളുപ്പിന് നാല് മണി വരെയാണ് യഥാര്‍ത്ഥത്തില്‍ മികച്ച ഉറക്കത്തിന്റെ ടൈം ടേബ്ള്‍. സമയത്തിന് എഴുന്നേല്‍ക്കുകയും ഉന്മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ജീവിതശൈലിയിലും ആഹാരകാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

നല്ല ഉറക്കത്തിന് വഴികള്‍

ഇതാ നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും സഹായിക്കുന്ന ചില കാര്യങ്ങള്‍

* എല്ലാ ദിവസവും ഒരേസമയം ഉറങ്ങാന്‍ ശ്രമിച്ചാല്‍ രാവിലെ തന്നെ ഫ്രഷായി ഉണരാനും കഴിയും.

* ഭക്ഷണം, വെള്ളം എന്നിവയുടെ ശരിയായ അനുപാതം അത്താഴത്തിനുണ്ടായിരിക്കണം. വയര്‍ നിറയെ കഴിച്ച് ഉറങ്ങാന്‍ കിടക്കരുത്.

* ഉറങ്ങുന്നതിനു മുമ്പ് വാഴപ്പഴം, ചെറി, ബദാം, മധുരക്കിഴങ്ങ്, തണുത്ത പാല്‍, തേന്‍, ഡാര്‍ക്ക് ചോക്കലേറ്റ് എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കും.

* ഉറങ്ങുന്ന മുറി എല്ലായ്‌പ്പോഴും ശബ്ദരഹിതവും പ്രകാശരഹിതവും ആകാന്‍ ശ്രദ്ധിക്കണം.

* യോഗ, എയ്‌റോബിക് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നത് ഏറെ നല്ലതാണ്

* ഉറങ്ങുന്നതിനു മുമ്പ് വിഡിയോ ഗെയിം, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

* രാത്രിയിലെ അമിതമായ മദ്യപാനം ഒഴിവാക്കുക. മദ്യപിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്ന മിഥ്യാധാരണ പലരിലുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഞരമ്പുകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്.

ഇവയൊന്നും ഉറക്കം ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം..

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it